മൊസാർട്ട്, ഇത് മരണമോ മൗനമോ?

  1. വിയന്നയിലെ ഒരു മനോരോഗാശുപത്രി. പാതിയിരുട്ടിന്റെ പടിവാതിൽ ചാരി പകലിറങ്ങിപ്പോയൊരു വൈകുന്നേരം. കറുപ്പും വെളുപ്പും മേഘക്കട്ടകൾ ഇടകലർത്തിയാരോ അടുക്കിവച്ചൊരു പിയാനോ കണക്കെ നരച്ചുവിളറിക്കിടക്കുന്ന ആകാശത്തെ നോക്കി ജനാലയോരത്തെ കട്ടിൽപ്പടിയിൽ തല ചായ്ച്ചിരിക്കുന്നൊരു വൃദ്ധൻ. ജീവിതത്തിന്റെ ഒടുക്കപ്പറച്ചിലുകൾക്കുള്ള തയാറെടുപ്പിലാണയാൾ. തൊട്ടടുത്തു തന്നെയുണ്ട് ഒരു യുവപുരോഹിതൻ. ഒരു കുമ്പസാരക്കൂട്ടിലെന്നപോലെ ഏകനായി ഈ ലോകത്തോടു മുഴുവൻ ഏറ്റുപറയാൻ ആ വൃദ്ധനൊരു രഹസ്യമുണ്ടായിരുന്നു. ആത്മാവിനു നിത്യശാന്തി നേരാൻ വന്നിരിക്കുന്ന പുരോഹിതനോട് അയാൾ വളരെ പ്രയാസപ്പെട്ട് അതു പറഞ്ഞു.

–നിങ്ങൾ സംഗീതം പഠിച്ചിട്ടുണ്ടോ? (പതിഞ്ഞ ശബ്ദത്തിൽ വൃദ്ധന്റെ ആദ്യ ചോദ്യം)

–വളരെ കുറച്ച്, ചെറുപ്പത്തിൽ

–എവിടെ?

–ഇവിടെ, വിയന്നയിൽ തന്നെ

–എങ്കിൽ ഞാൻ ഒരു സംഗീതം അവതരിപ്പിക്കാം. ഇതേതാണെന്നു പറയൂ..(വൃദ്ധൻ ഒരു സംഗീതം വായിക്കുന്നു)

–ഇല്ല. ഇതു ഞാൻ മുന്‍പ് കേട്ടതായി ഓർമിക്കുന്നില്ല

–ഇത് ഞാനെഴുതിയ സംഗീതമാണ്. ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്നു. സാരമില്ല. മറ്റൊന്നു കേട്ടുനോക്കൂ (മറ്റൊന്നു വായിക്കുന്നു)

–ക്ഷമിക്കണം. ഇതും മനസിലാകുന്നില്ല

–കഷ്ടം, യൂറോപ്പിലെ ഏറ്റവും പേരെടുത്ത സംഗീതജ്ഞനായിരുന്നു ഞാൻ. എന്റെ എത്രയോ ഓപ്പറകൾക്കു ലോകം കാതോർത്തിരിക്കുന്നു. നിങ്ങൾ ഒന്നുപോലും കേട്ടിട്ടില്ലെന്നോ? മറ്റൊന്നു കേൾപ്പിക്കാം. (മറ്റൊരു സംഗീതം പാടുന്നു)

–ഓ ഇതെനിക്കറിയാം. പലവട്ടം കേട്ടിരിക്കുന്നു ഞാനിത്. ക്ഷമിക്കണം, ഇത്ര മനോഹരമായ സംഗീതം നിങ്ങളുടേതാണെന്ന് എനിക്കറിയില്ലായിരുന്നു.

–ഇത് എന്റെയല്ല. ഇതെഴുതിയത് മൊസാർട്ട് ആണ്. വൂൾഫ് ഗാങ് അമെദ്യൂസ് മൊസാർട്ട്

അമെദ്യൂസ് സിനിമയിൽ മൊസാർട്ടിന്റെ കഥാപാത്രം.

പുരോഹിതൻ ഒരു നിമിഷം നിശ്ശബ്ദനായി. മൊസാർട്ട്. ലോകം കണ്ട ആ സംഗീത പ്രതിഭ എന്നെന്നേയ്ക്കുമായി പാട്ടൊഴിഞ്ഞുപോയിട്ട് അപ്പോഴേക്കും 32 വർഷങ്ങൾ കഴിഞ്ഞിരുന്നു. മൂന്നുപതിറ്റാണ്ടിലേറെ പഴക്കമുള്ള ആ ‘അരുംകൊല’യുടെ കഥയേറ്റുപറയാൻ തുടങ്ങിയ മനോരോഗിയായ ആ വൃദ്ധന്റെ പേര് അന്റോണിയോ സെലേറി എന്നായിരുന്നു. മൊസാർട്ടിന്റെ സമകാലികൻ. മൊസാർട്ടിനൊപ്പം രാജസദസ്സുകളിൽ മൽസരിച്ചു പാടിയ ഗായകൻ. ഒടുക്കം മൊസാർട്ടിന്റെ സംഗീതം മാത്രം കടലിനും കാലത്തിനുമപ്പുറം കേൾക്കെ കാതുകളെയും ഹൃദയങ്ങളെയും കീഴ്പ്പെടുത്തുന്നതു കണ്ട് അസൂയ പൂണ്ട് 35ാം വയസ്സിൽ മൊസാർട്ടിനെ കൊലപ്പെടുത്തിയ പ്രതിനായകൻ.

സെലേറിയുടെയും മൊസാർട്ടിന്റെയും കൂട്ടുകൂടലിന്റെയും വേർപിരിയലിന്റെയും കൊലപ്പെടുത്തലിന്റെയും ഒടുക്കം കുറ്റം ഏറ്റുപറച്ചിലിന്റെയും കഥ പറഞ്ഞ ചിത്രമാണ് അമെദ്യൂസ്. മിലോസ് ഫോർമാൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരിക്കലും മൊസാർട്ടിന്റെ അസാമാന്യപ്രതിഭയെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലല്ല, മറിച്ച് സെലേറിയുടെ കൊടുംപകയുടെ ഏറ്റുപറച്ചിലാണ്. വീണ്ടും കാണുമ്പോഴും വേദനിപ്പിക്കാൻ ആ ചോരപ്പാടുകളും പകയും ഈ ചിത്രം ബാക്കിവയ്ക്കുന്നുമുണ്ട്. 1984ൽ പുറത്തിറങ്ങിയ ഈ ചിത്രം ലോകത്തെ സംഗീതചിത്രങ്ങളിൽ ഇന്നും മുൻനിരയിലുണ്ട്. 53 രാജ്യാന്തര പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ട ചിത്രം സ്വന്തമാക്കിയത് എട്ട് ഓസ്കർ അടക്കം 40 പുരസ്കാരത്തിളക്കങ്ങൾ. ലോകത്തെ എക്കാലത്തെയും മികച്ച നൂറുചിത്രങ്ങളിലൊന്നെന്ന അഭിമാനവിലാസവും.

∙∙∙

സാൽസ്ബർഗിൽ ലിയോപോൾഡ് മൊസാർട്ടിന്റെയും അന്നാ മരിയയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയവനായി ജനിച്ച മൊസാർട്ട് കീബോർഡിൽ ആദ്യമായി വിരൽതൊട്ടത് അഞ്ചാം വയസ്സിലാണ്. സംഗീതാധ്യാപകനായ അച്ഛനൊപ്പം കളിക്കുട്ടിക്കാലത്ത് മൊസാർട്ട് വായിച്ച കുഞ്ഞുകുഞ്ഞീണങ്ങളിൽപോലുമുണ്ടായിരുന്നു എത്ര പാട്ടുകാതം അകലെയുള്ളൊരാളെപ്പോലും കേട്ടിരുത്തുന്നൊരു സ്വരമായാജാലം. എട്ടാം വയസ്സിൽ ആദ്യത്തെ സിംഫണി. കൗമാരം കടക്കുംമുൻപ് ഓപ്പറകൾ, സൊണാറ്റകൾ.. മൊസാർട്ട് പാട്ടിലേക്കു കൗമാരപ്പെടുകയും അനന്തരം നിത്യയൗവനത്തിലേക്കു സംഗീതസ്നാനം ചെയ്യപ്പെടുകയുമായിരുന്നു. കീബോർഡിലും വയലിനിലും വിരലോടിച്ചപ്പോഴൊക്കെ ഒരു മാന്ത്രികസ്പർശത്തിലെന്നപോലെ അവയെല്ലാം സംഗീതത്തിനും സ്വപ്നത്തിനും മാത്രമാകുന്ന അസാധ്യതകളിലേക്കും അസാമാന്യതകളിലേക്കും കേൾവിക്കാരെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തൊട്ടതെല്ലാം പാട്ടാക്കിയൊരു സംഗീതജ്ഞൻ. അറുന്നൂറിലധികം സംഗീതരചനകൾ. ഒരിക്കലെങ്കിലും കേൾക്കാതിരിക്കാനിടയില്ല ആരും മൊസാർട്ടിനെ. ഒരിക്കൽ കേട്ടവർ പിന്നീടൊരിക്കലും മറക്കാനുമിടയില്ല.

അമെദ്യൂസ് സിനിമയിൽ അന്റോണിയോ സെലീറിയുടെ കഥാപാത്രം.

യൂറോപ്പിന്റെ രാജസദസ്സുകളുടെ അലങ്കാരവും അഹങ്കാരവുമായിരുന്ന മൊസാർട്ടിന്റെ സംഗീതത്തെ നോക്കി അസൂയപ്പെട്ടവരിൽ ഒന്നാമനായിരുന്നിരിക്കണം സെലേറി. ഓപ്പറകളിലും സിംഫണികളിലും മൊസാർട്ടിനൊപ്പം മൽസരിച്ചു പരാജയപ്പെട്ട സമകാലികൻ. ഒരേ സംഗീതവസന്തത്തിന്റെ വെയിൽപൊഴിയുംവഴിയിൽ കൈകോർത്തുനടന്നവരായിരുന്നു മൊസാർട്ടും സെലേറിയും. ഒടുവിൽ ഒരാളുടെ നിഴൽപ്പച്ചകൾ മാത്രം ഒരു ഹെർബേറിയത്തിലെന്നപോലെ കാലം ഓമനിച്ചെടുത്തുവയ്ക്കുന്നതുകാണുമ്പോൾ അടയാളങ്ങളൊന്നും അവശേഷിപ്പിക്കാൻ കഴിയാതെ പോയവന്റെ സങ്കടം കൊടുംപകയുടെ കനൽച്ചുവപ്പണിഞ്ഞത് സ്വാഭാവികം. മൊസാർട്ടിനെക്കൊണ്ട് ഏറ്റവുമൊടുവിൽ അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് എഴുതാൻ പ്രേരിപ്പിക്കുന്നത് സെലേറിയാണ്. സെലേറി അതുവരെ പാടിയ വേദികൾ, ഏറ്റുവാങ്ങിയ ആരവങ്ങൾ എല്ലാം നിരർഥം... കാലം തന്റെ പാഴ്സംഗീതത്തിനു നേർക്കു കാതുകൾ കൊട്ടിയടയ്ക്കും മുൻപേ സെലേറി മൊസാർട്ടിനോടുള്ള പകതീർക്കുകയും ചെയ്തു. മൊസാർട്ട് തന്റെ സംഗീതം കൊണ്ട് ലോകത്തെ കീഴടക്കിയപ്പോൾ മൊസാർട്ടിനെ കൊലപ്പെടുത്തിയതിന്റെ പേരിലാണ് ലോകം സെലേറിയെ കേട്ടത്.

∙∙∙

എങ്കിലും പ്രിയവായനക്കാരാ മൊസാർട്ടിന്റെ ഒരു മരണസാധ്യതയിലേക്കു മാത്രമാണ് സെലേറിയുടെ പ്രതികാരകഥ പറയുന്ന ‘അമെദ്യൂസ്’ എന്ന ചിത്രം നമ്മെ കൊണ്ടുപോകുന്നത്. മൊസാർട്ടിന്റെ മരണം അന്നും ഇന്നും ഏറെ ദുരൂഹതകൾ അവശേഷിപ്പിക്കുന്നു. മുപ്പത്തഞ്ചാം വയസ്സിൽ മൊസാർട്ട് പ്രാണൻ വെടി‍ഞ്ഞതിന് ചരിത്രം എഴുതിച്ചേർത്തത് 118 മരണകാരണങ്ങളാണ്. മാരകരോഗം മുതൽ മെർക്കുറി വിഷബാധ വരെ നീളുന്ന അനേകം കാരണങ്ങൾക്കിടയിൽ മിലോസ് ഫോർമാൻ തന്റെ ചിത്രത്തിനു വേണ്ടി തിരഞ്ഞെടുത്തത് സെലേറിയുടെ പകയും പ്രതികാരവുമാണെന്നു മാത്രം. ഏറ്റവും സർഗാത്മകം അതാണെന്നു ഫോർമാനു തോന്നിയിരിക്കണം. എന്തെന്നാൽ മൊസാർട്ടിനു മരിക്കാൻ നൂറുകണക്കിനു കാരണങ്ങളുണ്ടായിരുന്നപ്പോൾ സെലേറിക്ക് തന്റെ സംഗീതജീവിതം സങ്കടപൂർവം അവസാനിപ്പിക്കാൻ ഒരൊറ്റക്കാരണമേയുണ്ടായിരുന്നുള്ളുവല്ലോ. ആ കാരണത്തെ തന്നെയാണ് സെലേറി ഇല്ലാതാക്കിയതും.