ഓർമകളിൽ വിഷാദ സുന്ദര ഗാനങ്ങളുടെ ഗന്ധര്‍വ്വൻ

മുഹമ്മദ് റഫി ഇന്ത്യയുടെ ഹൃദയതാളങ്ങളിലൊരു അനുപമ സാന്നിധ്യമായി പാടിനടന്ന കാലത്തിലൂടെയാണ് കിഷോർ കുമാർ പാടിക്കയറിയത്. വിഷാദഛായയുള്ള സുന്ദര സ്വരം അന്നുമുതലിന്നോളം ഇന്ത്യയുടെ മാനസസ്വപ്നമാണ്. ഓർമകളിൽ ഇന്ന് കിഷോർ കുമാറിന്റെ ചിത്രം മാത്രം. പൂർവ്വമാതൃകകളില്ല, പിൻഗാമികളുമില്ല ഈ പാട്ടു വിസ്മയത്തിന്. കടന്നുപോയിട്ട് ഇരുപത്തിയൊമ്പത് കൊല്ലം പിന്നിടുമ്പോഴും മനസിലും അതിനുള്ളിലെ പാട്ടിടങ്ങളിലും മായാതെ മറയാതെ നിൽക്കുന്നു കിഷോർ കുമാർ

ട്രൂ ആർട്ടിസ്റ്റ് എന്ന ആംഗലേയ വിശേഷണം കടമെടുക്കാം ആ പേരിനൊരു മുഖവുര കുറിക്കുവാൻ. ഈണങ്ങളോടു മാത്രമല്ല, വെള്ളിത്തിരയേയും പൂവിനേയും നക്ഷത്രങ്ങളേയും പുസ്തകങ്ങളേയും സൗഹൃദങ്ങളേയും ഭ്രാന്തമായി പ്രണയിച്ചുകൊണ്ട് കാലത്തിനു മുൻപേ നടന്ന സഞ്ചാരിയായിരുന്നു അദ്ദേഹം. 

അനുകരിക്കുവാനാകാത്ത, ഏറ്റുപാടുവാനാകാത്ത ആലാപന ഭംഗി കൊണ്ടുമാത്രമല്ല കാലഘട്ടങ്ങളുടെ നെഞ്ചകങ്ങളിൽ കിഷോർ കുമാർ ഇടം നേടിയത്. കാലം എത്ര കടന്നുപോയിരിക്കുന്നു, പാട്ടുകാരും പാട്ടെഴുത്തുകാരും ഈണമിടുന്നവരും എത്രയോ വന്നുപോയി, പക്ഷേ ആ സ്വരവും അതിലെ ഗാനങ്ങളും നമ്മെ ഇന്നും പിന്തുടരുന്നു. മനസിലും അക്ഷരങ്ങളിലും പുസ്തകങ്ങളിലും വെള്ളിത്തിരയിലും ഇങ്ങനൊരു കൊതിപ്പിക്കുന്ന സ്വപ്നമായങ്ങു നിലനിൽ‌ക്കുന്നതും അതുകൊണ്ടാണ്. 

രൂപ് തേരാ മസ്താന, ദിൽ ഐസാ കിസി നാ മേരാ, ഖൈകേ പാൻ ബനാറസ് വാലാ, ഹസാറ് രാഹേൻ മുർ കേ ദേഖീൻ, പാഗ് ഖുങ്ക്രൂ ബന്ധ്, അഗർ തും ന ഹോതേ, സാഗർ കിനാരേ, മേൻ ഹൂൻ ഝൂം ഝൂം ഝുംബ്രോ...അങ്ങനെ എത്രയോ ഗാനങ്ങൾ. ഭ്രമാത്മകമായ സംഗീത ലോകത്ത് മറ്റെല്ലാം മറന്നാണ് കിഷോർ കുമാർ നടന്നുനീങ്ങിയതെന്നതിന് ഈ ഗാനങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. 

ആർ ഡി ബർമനാണ് കിഷോർ കുമാറിന് നിത്യഹരിത ഗാനങ്ങൾ നൽകിയത്. 1929 ഓഗസ്റ്റ് നാലിന് മധ്യപ്രദേശിലെ ഖന്ത്വയിൽ അഭസ് കുമാർ ഗാംഗുലിയായി ജനനം. ചേട്ടൻ അശോക് കു‌മാർ ബോളിവുഡിലെ എക്കാലത്തേയും മികച്ച നടൻമാരിലൊരാളായിരുന്നു. ചേട്ടനെ പിൻനടന്ന അഭസ് പേരു മാറ്റി കിഷോർ കുമാറായി. ചേട്ടനൊപ്പം സ്റ്റുഡിയോയായ ബോംബെ ടാക്കീസിലെ കോറസ് ഗായകനായിക്കൊണ്ടായിരുന്നു തുടക്കവും. ചേട്ടൻ അഭിനയിച്ച ശിക്കാരിയിലായിരുന്നു കിഷോറിന്റെ സ്വരം ആദ്യം കേട്ടത്. ഖേംചന്ദ് പ്രകാശ് ഈണമിട്ട സിദ്ദിയിൽ മർനേ കീ ദ്വായൻ... എന്ന പാട്ടു പാടിയതോടെ കിഷോറിന് ഈണങ്ങളുടെ വലിയ ലോകം തന്നെ തുറന്നുകിട്ടി. എങ്കിലും ആർ ഡി ബർമൻ ഒരുക്കിയ ഗാനങ്ങളാണ് ഇന്ത്യയുടെ ശ്രദ്ധയിലേക്ക് കിഷോർ കുമാറിനെ കൊണ്ടുവരുന്നത്. റിഷികേശ് മുഖര്‍ജി, സലിൽ ചൗധരി തുടങ്ങിയവരുടെ ഈണങ്ങളില്ഡ. ഹേമന്ദ് കുമാറിന് പാടാനായി വച്ചിരുന്ന ഗാനമാണ്, സംഗീതം പഠിച്ചിട്ടില്ലാത്ത കിഷോറിനായി ആ സ്വരഭംഗി കൊണ്ടുമാത്രം സലിൽ ചൗധരി നൽകിയത്. സംവിധായകൻ, എഴുത്തുകാരന്‍, സംഗീതസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലേക്കും ജൈത്രയാത്ര നടത്തി കിഷോര്‍ കുമാർ പിന്നീട്. വിഷാദ സുന്ദര ഗാനങ്ങളുടെ ഗന്ധര്‍വ്വനായിക്കൊണ്ട്...ലതാ മങ്കേഷ്കറിനൊപ്പം പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്. ആർ ഡി ബർമന്റെ സ്ഥിരം ഗായകൻ. രാജേഷ് ഖന്ന ചിത്രങ്ങളിലെ പാട്ടുകാരൻ. ബോളിവുഡിൽ കിഷോർ കുമാർ താരകമായി പെയ്തിറങ്ങിയ കാലം. ഇതിനിടയിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും അതിൽ തിളങ്ങുവാനൊന്നും കിഷോറിനായില്ല. കാലം കരുതിവച്ചിരുന്നത് ഗായകൻ എന്ന പട്ടം തന്നെയായിരുന്നു.

റഫിയും കിഷോറും ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഏടുകളിലൊന്നാണ്. ഇരുവരെയും താരതമ്യം ചെയ്തും വാഴ്ത്തിയും എഴുത്തുകുത്തുകളും വാദങ്ങളും ഏറെ നടന്നു. പക്ഷേ പാട്ടിന്റെ തിരശീലയ്ക്കപ്പുറം ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. റഫി കാലംചെല്ലാതെ മടങ്ങിയപ്പോൾ ആ കാൽക്കലിരുന്ന് രാജേഷ് ഖന്ന പൊട്ടിക്കരഞ്ഞ ചിത്രം നോവുന്നൊരോർമയാണ്... ആ ഗാനങ്ങൾ പോലെ...