ജാലകത്തിരശ്ശീല നീക്കുന്നു, ജാലമെറിയുന്നു, ബാബുരാജ്

ഇന്ന് സെപ്റ്റംബറിലെ ഒടുക്ക ദിവസം.

ഏഴ് ദിവസത്തിനപ്പുറത്ത് ഒരു രാത്രിയുണ്ട്. വർഷങ്ങളെത്രയോ കടന്നുപോയിട്ടും തീരാത്തൊരു രാത്രി.

ജാലകത്തിരശ്ശീലയ്ക്കപ്പുറത്ത് ഇപ്പോഴും അദ്ദേഹവുമുണ്ട്. 

കണ്ണടഞ്ഞിട്ടും, ഇടയ്ക്കിടെ ആ തിരശ്ശീല നീക്കി നമ്മെ നോക്കുന്നൊരാൾ. 

കണ്ണടഞ്ഞിട്ടും, പാട്ടു മൂളിക്കൊണ്ടേയിരിക്കുന്നൊരാൾ. 

കണ്ണടഞ്ഞിട്ടും, പാട്ടായിത്തീർന്നൊരാൾ. 

അടഞ്ഞതു കണ്ണു മാത്രമാണല്ലോ...

പാട്ടുതീർന്നാലും പാട്ടു ബാക്കിയാക്കാനാവുന്ന അദ്ഭുത വിദ്യ അറിയാമായിരുന്നു എം.എസ.് ബാബുരാജിന്. പാട്ടിനോടു പാട്ടു കുറച്ചാലും കൂട്ടിയാലും പാട്ടു തന്നെ ശേഷിപ്പിക്കാനാവുന്ന ഉപനിഷദ് മന്ത്രം പോലെയൊന്ന്.

ബാബുരാജിന്റെ ജീവിതവും സംഗീതവും ലളിതമായിരുന്നു. 

ജാലകത്തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ എന്ന് അത്രമേൽ അനുരാഗത്തോടെ ചോദിക്കുമ്പോഴും കണ്ണീരും സ്വപ്നങ്ങളും വിൽക്കുവാനായി വന്നവൻ ഞാൻ എന്ന് ആത്മകഥ പാടുമ്പോഴും തേടുന്നതാരെ ശൂന്യതയിൽ എന്നു വിലാപം പോലെ സ്വയം ചോദിക്കുമ്പോഴുമൊക്കെ നമുക്കു സങ്കൽപിക്കാം: പഴയൊരു ഹാർമോണിയത്തിന് മുന്നിലിരുന്ന്, കണ്ണടച്ചും ഇടയ്ക്കൊക്കെ സ്വയം മറന്നും ചിരിച്ചും പാടുന്നൊരാളെ. പാട്ടിനെ പ്രാണൻ പോലെ ശ്വസിച്ചിരുന്ന, പ്രാണൻ പോയിട്ടും പാട്ടു ബാക്കിയാക്കിയ ഒരാളെ...

കോഴിക്കോട് നഗരത്തിൽ, പഴയ പൊലീസ് ലൈനിനടുത്ത റോഡിൽ, ചുറ്റും കൂടി നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിൽനിന്നു പാടുന്ന പന്ത്രണ്ടു വയസ്സുകാരനെ അവന്റെ തൊണ്ടയിലെ സ്വർഗീയ സംഗീതവും തബലയായി സങ്കൽപിച്ച് അടിച്ചുപാടിപ്പാടി വയറിലുണ്ടായ തഴമ്പും കണ്ട് വീട്ടിലേക്കു വിളിച്ചുകൊണ്ടുപോവുമ്പോൾ കുഞ്ഞുമുഹമ്മദ് എന്ന പൊലീസുകാരൻ അറിഞ്ഞുവോ, പിൽക്കാലത്ത് ബിംബ്ലാസ് രാഗത്തിന്റെ താമരയിതളുകൾ കൊണ്ട്, മാകന്ദശാഖകളുടെ സ്വപ്നസൗന്ദര്യം കൊണ്ട്, താമസമെന്തേ വരുവാൻ എന്നൊരു പാട്ടുണ്ടാക്കി, അവൻ അതുവരെയുള്ള മലയാളസിനിമാഗാനചരിത്രത്തെ തന്നെ രണ്ടാക്കി പകുക്കുമെന്ന്. 

കാലം കേൾക്കുകയാണ്, ഇപ്പോഴും ബാബുരാജിനെ. 

ഇങ്ങനെയാണ് ഒരു കലാകാരൻ കാലത്തിൽ സ്വയം അടയാളപ്പെടുത്തുന്നത്;

അനശ്വരനാകുന്നത്. 

മലയാളം കേട്ട ഏറ്റവും വ്യത്യസ്തനായ സംഗീതസംവിധായകനായി ബാബുരാജ് ഇപ്പോൾ വാഴ്ത്തപ്പെടുന്നു. ആസ്വാദനങ്ങളും പഠനങ്ങളും കഥയും കവിതയും അദ്ദേഹത്തെക്കുറിച്ചുണ്ടാകുന്നു. 

ബാബുക്കയുടെ ആ ഹാർമോണിയം: 

നൂറ്റാണ്ടിനപ്പുറത്തേക്ക് പാട്ടു ശ്വസിച്ചുകൊണ്ടേയിരിക്കുന്ന, മാത്രതോറും പൂ വിരിച്ചുകൊണ്ടേയിരിക്കുന്ന,

ഇടറാത്ത,

മറയാത്ത

മരിക്കാത്ത,

ഒരു വാസന്ത ഹൃദയം.

കഥ തീരുന്നതുപോലെ പാട്ടിനു തീരാനാവില്ല എന്നോർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന, എന്നെ സങ്കടപ്പെടുത്തിക്കൊണ്ടുമിരിക്കുന്ന ഒരു കഥയുണ്ട്.

1978 ഒക്ടോബർ ഏഴ്.

മദ്രാസ് സർക്കാർ ആശുപത്രിയിലെ ജനറൽ വാർഡിൽ ആളും ആരവവുമില്ലാതെ ദീനക്കിടക്കയിൽ ബാബുരാജ് കിടക്കുകയാണ്. വല്ലപ്പോഴും എത്തുന്ന സന്ദർശകർ പോലും ഇല്ലാതിരുന്ന ഒരു ദിവസം. 

(പണ്ടെപ്പോഴോ കേട്ട കഥയിൽ നിന്ന് ആ പകലിന്റെ രാത്രിയെ ഞാനിങ്ങനെ സങ്കൽപ്പിക്കുന്നു.)

ബാബുരാജിന്റെ മുറിയിൽ കയറി വന്ന മലയാളിയായ ഹൗസ് സർജനോട് അദ്ദേഹം ചോദിക്കുന്നു:

-പാട്ടു പാടുമോ? ഡോക്ടർ ലജ്ജാലുവാകുന്നു. 

ചോദിക്കുന്നത് ബാബുരാജാണ്. പക്ഷേ, ആ കണ്ണുകളിലേക്കു നോക്കി നുണ പറയാനും വയ്യ: 

വല്ലപ്പോഴും, ആരും കേൾക്കാതെ...

എങ്കിൽ ഇപ്പോൾ ഒരു പാട്ടു പാടാമോ? എന്റെയൊരു പാട്ട്... താമരക്കുമ്പിളല്ലോ മമഹൃദയം..

അപ്പോൾ, ഒരാൾക്ക് ജീവിതത്തിൽ എത്രയും പെട്ടെന്ന് ഉണ്ടാക്കാവുന്ന ഏറ്റവും ആത്മവിശ്വാസമുള്ള സ്വരത്തിൽ, പ്രാർഥന പോലെ ഡോക്ടർ പാട്ടുപാടിത്തുടങ്ങി: 

ഡോക്ടറുടെ പാട്ടിനൊപ്പം ബാബുരാജും പാടാൻ ശ്രമിക്കുന്നതുപോലെ. കൈകൾ ഏതോ അദൃശ്യ ഹാർമോണിയത്തെ തൊട്ടുണർത്തുംപോലെ. പാട്ടു നീളുകയാണ്. 

-താതാ നിൻ കൽപ്പനയാൽ

ബാബുരാജ് കണ്ണടച്ചു. 

പിന്നെ, തുറന്നുമില്ല.