പിയാനോകളും മരിക്കാറുണ്ട്; കൊല്ലാറുമുണ്ട്

കൈവിരലുകൾ മിണ്ടുന്നതു കണ്ടിട്ടുണ്ടോ? കരഞ്ഞും ചിരിച്ചും കലഹിച്ചും കാമിച്ചും കെട്ടിപ്പുണർന്നുമ്മവച്ചും കൂട്ടുചേർന്നും പിരിഞ്ഞും ശൂന്യതപ്പെട്ടും കണ്ടിട്ടുണ്ടോ? പിയാനോ കട്ടകളും വിരലുകളും തമ്മിലുളള പ്രണയത്തിൽ ഇതെല്ലാം കാണാം. സംഗീതത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെകൂടി പ്രതിഫലനമാകുന്നു അന്നേരം പിയാനോ വിരലുകൾ.അത്തരം വിരൽക്കാഴ്‌ചകളുമായി പല ചിത്രങ്ങളും നമ്മെ വിസ്‌മയിപ്പിച്ചിട്ടുണ്ട്.

ലോകത്തു പിയാനോസിനിമകളുടെ എണ്ണം കുറച്ചൊന്നുമല്ല.

ദ് പിയാനോ, പിയാനിസ്‌റ്റ്, ഗ്രാൻഡ് പിയാനോ...: അങ്ങനെയെത്രയെത്ര സംഗീത ദൃശ്യാനുഭവങ്ങൾ...

ഈ ചിത്രങ്ങൾ കണ്ടപ്പോഴൊന്നും നാം അഭിനേതാക്കളുടെ ചായം പുരണ്ട മുഖം ഏറെ ശ്രദ്ധിച്ചുകാണില്ല. അടക്കത്തിലും അലർച്ചയിലും അവർ പറഞ്ഞ നീളൻ സംഭാഷണങ്ങളിൽ പാതിയും കേട്ടുംകാണില്ല. കാരണം അവരുടെ വിരൽത്തുമ്പുകളിലേക്കു മാത്രമായിരുന്നു ആ ചിത്രങ്ങളുടെ മുഴുനേരകാഴ്‌ചയിലും നമ്മുടെ കണ്ണെത്തിനോട്ടം. നീണ്ടും മെലിഞ്ഞും കൊലുന്നും ചിലപ്പോഴൊക്കെ മോതിരച്ചുറ്റിന്റെ ചന്തമണിഞ്ഞും തിരശ്ശീലയിൽ നിറഞ്ഞുകണ്ട വിരലുകളോടായിരുന്നില്ല സത്യത്തിൽ കൗതുകം. പിന്നെയോ? ആ വിരൽത്തുമ്പുകളിൽ തൊട്ടുണർന്ന പിയാനോയുടെ പാട്ടുമൂളിച്ചകളോട്. പിയാനോയുടെ ഓരോ ക്ലോസ് അപ് ദൃശ്യത്തിലും നാം കൺനിറയെ കണ്ടു, അതിൽ അമർന്നുവീഴുന്ന വിരലുകളുടെ മനോഹരമായ സിമട്രി.

അതേ, ആ ചിത്രങ്ങളിലൊക്കെ പിയാനോയും അതിൽ പ്രണയപൂർവം പതിയുന്ന വിരലുകളും മാത്രമേ നാം കണ്ടിരുന്നുള്ളു.. ഏറ്റവും പ്രിയം തോന്നിച്ച പിയാനോ ചിത്രങ്ങളിലൊന്നായിരുന്നു ‘ദ് പിയാനോ.’

കടൽ വായിച്ചത്, കര കരഞ്ഞത്

ജെയ്‌ൻ ക്യാംപിയൻ സംവിധാനം ചെയ്‌ത ദ് പിയാനോ (1993) എന്ന ഇംഗ്ലിഷ് ചിത്രം പാടിപ്പറഞ്ഞത് കടൽത്തീരത്തു കപ്പലിറങ്ങിയൊരു പിയാനോയുടെ കഥയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ ന്യൂസീലാൻഡിന്റെ മഴമണക്കുന്ന പടിഞ്ഞാറൻ തീരത്ത് അടിഞ്ഞുകൂടിയൊരു പെൺജീവിതത്തിന്റെ കൂടി കഥ. ആഡ മക്‌ഗ്രാത്തിന്റെ കഥയാണത്. അച്‌ഛൻ വാക്കുകൊടുത്ത ആലിസ്‌ഡെയർ എന്ന അപരിചിതനെ വിവാഹം കഴിക്കാൻ ന്യൂസീലൻഡിൽ കപ്പലിറങ്ങുമ്പോൾ ആഡയ്‌ക്കൊപ്പം അവളുടെ മകൾ ഫ്ലോറയും പിന്നെ ആ പിയാനോയുമുണ്ടായിരുന്നു. ഫ്ലോറയുടെ അച്‌ഛൻ മിന്നലേറ്റു മരിച്ചതാണെന്ന് അവൾ വിശ്വസിച്ചു. അത്രയേ ആഡ അവൾക്കു പറഞ്ഞുകൊടുത്തിട്ടുള്ളൂ.

സംസാരശേഷി നഷ്‌ടപ്പെട്ട ആഡയുടെ ആറാമത്തെ വയസ്സുമുതൽ ആ പിയാനോ അവൾക്കൊപ്പമുണ്ട്. കറുപ്പും വെളുപ്പും വാവുകൾ പോലെ ഇടകലർന്ന അതിന്റെ പാട്ടുകട്ടകളിൽ അവളുടെ കണ്ണീരും കാത്തിരിപ്പും കൊഞ്ചലും പൊട്ടിച്ചിരിയുമൊക്കെ വിരലമർത്തിപ്പാടി... അങ്ങനെയാണ് ആ പിയാനോ അവളുടെ കളിക്കുട്ടിക്കാലത്തിന്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും പെൺസ്വരമായി മാറിയത്. പിയാനോയ്‌ക്കരികിൽ അല്ലാതെ അവളെ കാണാറേയില്ല.

അച്‌ഛനുവേണ്ടി ആലിസ്‌ഡെയറിനെ വിവാഹം കഴിച്ചശേഷവും ആഡയുടെ ജീവിതം ആ പിയാനോയുടെ ഇത്തിരിപ്പാട്ടുവട്ടത്തിലൊതുങ്ങി. ആലിസ്‌ഡെയറിനാകട്ടെ, പിയാനോ എന്നാൽ അപസ്വരമുണ്ടാക്കുന്നൊരു ചതുരപ്പെട്ടി മാത്രമായിരുന്നുതാനും.

ഒരിക്കൽപോലും അതിന്റെ സംഗീതം അയാൾ കേട്ടില്ല. അതിനൊപ്പം തേങ്ങുന്ന ആഡയുടെ സങ്കടവും അയാൾ കണ്ടില്ല. അതുകൊണ്ടായിരിക്കാം, അവൾക്ക് ആ പിയാനോ എത്ര വിലപ്പെട്ടതെന്നറിയാതെ അയാൾ അതെടുത്തു കൂട്ടുകാരനു പണയപ്പെടുത്തിയത്.

ആഡയ്‌ക്ക് ആ പിയാനോ തിരിച്ചുകിട്ടിയേ തീരു. അതില്ലെങ്കിൽ പിന്നെ അവൾ മിണ്ടുന്നതെങ്ങനെ; മിണ്ടാതിരിക്കുന്നതെങ്ങനെ? നഷ്‌ടപ്പെട്ട പിയാനോയ്‌ക്കു വേണ്ടിയുള്ള തിരഞ്ഞുപോക്ക് ആഡയെ കൊണ്ടെത്തിക്കുന്നത് ആലിസ്‌ഡെയറിന്റെ ചങ്ങാതിയുടെ മുന്നിലാണ്. ബെയ്‌ൻസ്. ആഡയുടെ പിയാനോ വായന പണ്ടേ അയാൾക്കിഷ്‌ടമായിരുന്നു. പിയാനോയിൽ പതിയുന്ന അവളുടെ ചന്തമുള്ള വിരലുകളോടായിരുന്നു ഇഷ്‌ടക്കൂടുതലെന്നു മാത്രം.

പിയാനോ മടക്കിനൽകണമെന്ന് അവൾ കരഞ്ഞു പറഞ്ഞപ്പോൾ ബെയ്‌ൻസ് സമ്മതിച്ചു. പകരം, അയാൾ അവളോടു പണയം ചോദിച്ചത് അവളുടെ പ്രണയമായിരുന്നു. പിയാനോയുടെ ഓരോരോ കട്ടകളായി ആഡയ്‌ക്കു തിരികെ നൽകാമെന്ന് അയാൾ കളി പറഞ്ഞു. ഒരു ചുംബനത്തിന് ഒരു കട്ട. ഒരു ആലിംഗനത്തിനു വീണ്ടും അടുത്ത കട്ട... അങ്ങനെ കറുപ്പും വെളുപ്പുമായി എൺപത്തെട്ടു കട്ടകൾ... തെരുതെരെ പൊള്ളിവീണ ചുംബനങ്ങൾക്കും കെട്ടിപ്പുണരലുകൾക്കുമൊടുവിൽ ആഡ ആ പിയാനോ സ്വന്തമാക്കി. അപ്പോഴേക്കും ബെയ്‌ൻസ് ആഡയുടെ ഹൃദയവും സ്വന്തമാക്കിയിരുന്നു. ഇതറിഞ്ഞ ആലിസ്‌ഡെയറിനു മുന്നിൽ പകച്ചുനിൽക്കുമ്പോൾ ആഡ ദുഃസ്വപ്‌നത്തിൽ പോലും കരുതിക്കാണില്ല, അയാൾ തന്നോടുള്ള പകവീട്ടാൻ തന്റെ ചൂണ്ടുവിരൽ മുറിച്ചെടുക്കുമെന്ന്!

വിരൽ നഷ്‌ടപ്പെട്ട്, പാട്ടു നഷ്‌ടപ്പെട്ട്, പിയാനോയുടെ കൂട്ടു നഷ്‌ടപ്പെട്ട്, അങ്ങേയറ്റം തനിച്ചായപ്പോൾ ആഡയെ തേടി ബെയ്‌ൻസ് വീണ്ടുമെത്തി. അവളെ കൂട്ടി മറ്റൊരു കരയിലേക്കു ബെയ്‌ൻസ് കപ്പൽ കയറുന്നിടത്താണു കഥ തീരുന്നത്. പിയാനോകൾ മിണ്ടിപ്പാടുന്ന മറ്റൊരു മധുര സംഗീതലോകത്തേക്ക് അവർ യാത്രയാകുന്നു... മുറിഞ്ഞ വിരലിനു പകരം ബെയ്‌ൻസ് അവൾക്കൊരു വെള്ളിവിരൽ സമ്മാനിക്കുന്നുണ്ട്. ആ വിരൽത്തുമ്പിൽ തൊട്ടുണരാനിരിക്കുന്ന പാട്ടീണങ്ങളോടുള്ള പ്രണയം കൊണ്ട്...