പാട്ടിനു പിന്നിലെ അറിയാക്കരുണാകരൻ

ഇ. കരുണാകരൻ

‘അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി...’ കരുണാകരൻ അന്നു റിക്കോർഡ് ചെയ്ത ഗാനംപോലെ ചലച്ചിത്രഗാന ആസ്വാദകർ ആശിക്കുകയാണ്. കരുണാകരൻ ഒരിക്കൽക്കൂടി അടുത്തുണ്ടായിരുന്നെങ്കിലെന്ന്. മലയാളിയുടെ ചുണ്ടുകളിൽ എക്കാലത്തും നിറഞ്ഞുനിൽക്കുന്ന ഗാനങ്ങൾക്കു പിന്നിൽ അറിയപ്പെടാതെ കരുണാകരന്റെ ശബ്ദലേഖന സൗകുമാര്യം ഒളിഞ്ഞുകിടക്കുന്നു.

ഒഎൻവിയും ദേവരാജനും യേശുദാസും ഒരുമിച്ച ‘നീയെത്ര ധന്യ’ എന്ന ചിത്രത്തിലൂടെയാണു കരുണാകരന്റെ സിദ്ധി പുറംലോകമറിയുന്നത്. ചെന്നൈയിലും തിരുവനന്തപുരത്തും തരംഗിണി സ്റ്റുഡിയോയിൽ സഹായിയായി തുടങ്ങിയ അദ്ദേഹം യേശുദാസിന്റെ അനശ്വരഗാനങ്ങൾ റിക്കോർഡ് ചെയ്താണു ശ്രദ്ധേയനായത്. മലപ്പുറം പന്തല്ലൂർ ഗ്രാമത്തിൽനിന്നു ചലച്ചിത്രഗാനലോകത്ത് എത്തിയ കരുണാകരൻ സ്വതന്ത്ര ശബ്ദലേഖകനായി അറിയപ്പെടുന്നത് ഈ പാട്ടിലൂടെയാണ്.

തരംഗിണി സ്റ്റുഡിയോയുടെ സുവർണകാലത്തു കരുണാകരന്റെ സേവനം ഒട്ടേറെ ഗാനങ്ങളെ പൂർണതയിലെത്തിച്ചു. യേശുദാസിന്റെ ശാസ്ത്രീയഗാനങ്ങൾ, അയ്യപ്പഭക്തിഗാനങ്ങൾ, ഓണം ആൽബം തുടങ്ങിയവയാണു തരംഗിണി ആദ്യം പുറത്തിറക്കിയത്. ഇതിലെല്ലാം ഈ മലപ്പുറംകാരന്റെ അദൃശ്യസാന്നിധ്യമുണ്ടായി. ‘ഒരു നറുപുഷ്പമായി...’, ‘ഒരു ദലം മാത്രം...’, ‘ഹൃദയവനിയിലെ...’, ‘പുലരിത്തൂമഞ്ഞുതുള്ളിയിൽ...’, ‘ചന്ദനമണിവാതിൽ...’, ‘ഒരു വട്ടംകൂടി...’, ‘ഇല െപാഴിയും ശിശിരത്തിൽ...’, ‘പൂമുഖവാതിൽക്കൽ...’ തുടങ്ങിയ ഗാനങ്ങൾ റിക്കോർഡ് ചെയ്ത അനുഭവങ്ങൾ അവിസ്മരണീയമാണെന്നു കരുണാകരൻ ഒരിക്കൽ പറയുകയുണ്ടായി. ഗാനത്തിന്റെ വരികളും ഈണങ്ങളും റിക്കോർഡ് ചെയ്യുമ്പോൾ ജോലിയെന്നതിലുപരി ജീവിതം പാട്ടുകൾക്കായി അർപ്പിക്കുകയായിരുന്നു ഈ കലാകാരൻ.

1985നും 2000നും ഇടയ്ക്കു യേശുദാസിന്റെ സ്വരഗാംഭീര്യം അതിന്റെ പൂർണതയിൽ എത്തിനിൽക്കുമ്പോൾ അതു റിക്കോർഡ് ചെയ്യാൻ കഴിഞ്ഞതു ജീവിതത്തിലെ ഭാഗ്യമായിരുന്നെന്നു കരുണാകരൻ കരുതി. 2005ൽ റിക്കോർഡിങ്ങിൽനിന്നു വിട്ടുനിൽക്കാൻ തുടങ്ങിയിട്ടും യേശുദാസിന്റെ കൂടെനിന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ‘തരംഗനിസരിക’യുടെ മാനേജരായി. മലയാളഗാനങ്ങൾ അനശ്വരമാക്കി കരുണാകരൻ യാത്രയാകുമ്പോൾ റിക്കോർഡിങ് പോലെ അദ്ദേഹത്തിന്റെ ഓർമകളും അനശ്വരമാകും.

ബസ് കണ്ടക്ടറായി തുടക്കം

ബസ് കണ്ടക്ടറായി ജീവിതം തുടങ്ങിയ കരുണാകരൻ ചലച്ചിത്രഗാന ലോകത്തെത്തിയതു നിനച്ചിരിക്കാതെയാണ്. വീട്ടിലെ ദാരിദ്ര്യം നിമിത്തം പഠനം ഇടയ്ക്കുവച്ചു മുടങ്ങി. മഞ്ചേരി ബോയ്സ് ഹൈസ്കൂളിലായിരുന്നു പഠനം. ജോലിക്കു വേണ്ടി ഒരുപാടു വാതിലുകൾ മുട്ടി. ഇതിനിടെയാണു മഞ്ചേരി മോട്ടോർ സർവീസിൽ കണ്ടക്ടറായി ജോലി നോക്കിയത്. നാമമാത്ര വരുമാനമായിരുന്നു. മറ്റെന്തെങ്കിലും ജോലി തരപ്പെടുത്താമെന്ന പ്രതീക്ഷയിൽ പിന്നെ ചെന്നൈയിലേക്ക്. ബന്ധുവായ വിബിസി മേനോൻ അവിടെ സൗണ്ട് റിക്കോർഡിസ്റ്റായി ജോലി ചെയ്യുന്നു. പലരെയും കണ്ടപ്പോൾ എവിഎം ഫിലിം ലാബിൽ സഹായിയുടെ ജോലി തരപ്പെട്ടു. ഫിലിം ഡവലപ് ചെയ്തു പ്രിന്റെടുക്കുകയായിരുന്നു. നാലു രൂപയായിരുന്നു ശമ്പളം.

‍ആയിടെയാണു യേശുദാസിന്റെ സ്റ്റുഡിയോയിൽ അസിസ്റ്റന്റിന്റെ ജോലിയുണ്ടെന്നറിഞ്ഞത്. പിറ്റേദിവസം അവിടെയെത്തി. ഇതേ ജോലിക്കായി ഒട്ടേറെപ്പേർ കാത്തിരിക്കുന്നു. യേശുദാസിനെ കണ്ടു. പിറ്റേന്നു ജോലിക്കു ഹാജരാകാൻ ആവശ്യപ്പെട്ടു.

1979ൽ തരംഗിണിയിൽ ചേർന്നു. അന്നുമുതൽ തരംഗിണിയുമായി കരുണാകരന്റെ ജീവിതം ഇഴുകിച്ചേർന്നു. പിൽക്കാലത്തു തരംഗിണിയിലൂടെ മലയാള ചലച്ചിത്രഗാന ശാഖ വളർന്നപ്പോൾ കരുണാകരനും വളർന്നു. തരംഗിണി കസെറ്റ് പുറത്തിറക്കിയ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ കലാവാസന അറിഞ്ഞു.