പാട്ടൊഴുകും പെൺപുഴയോരം

ദൂരദിക്കിലെവിടെയോ പോക്കുവെയിൽ ചിന്നിവീഴുന്ന ജനാലയോരം എഴുത്തുമേശയ്‌ക്കരികിലെ കസേരച്ചായ്‌വിൽ കണ്ണടച്ചിരുന്ന്, മുന്നിൽ ഇളകിപ്പറന്നുകിടക്കുന്ന കടലാസുവെള്ളയിൽ ഇടയ്‌ക്കിടെ മഷിപ്പേനയുടെ തെളിച്ചമുരച്ച്, ചില്ലുകോപ്പയിലെ കട്ടൻകയ്‌പിൽ ചുണ്ട് നനച്ച്, ആരാരും കാണാക്കാഴ്‌ചയുടെ കണ്ണട ഉയർത്തിവച്ച്, ചിന്തകൾ കൊണ്ട് ചിറിയിലെ ചിരി തുടച്ച്..ഇപ്പോഴും എപ്പോഴും കവിതയെഴുതിക്കൊണ്ടേയിരിക്കുകയായിരിക്കുമോ ഒഎൻവി? എന്തോ അങ്ങനെ കരുതാനാണ് എനിക്കേറെ ഇഷ്‌ടം.

ഒഎൻവി...എൽപി സ്‌കൂൾ കാലത്തെ മലയാളപാഠാവലിയിലാണ് ആദ്യമായി ആ മൂന്നക്ഷരങ്ങൾ ചേർത്തെഴുതിക്കാണുന്നത്. ‘കുഞ്ഞേടത്തിയെ തന്നെയല്ലോ’..എന്നു പാടിത്തന്നുകൊണ്ട്. അതൊരു ചുരുക്കപ്പേരാണെന്ന് അന്നറിയില്ലായിരുന്നു. പിന്നീട് ആ പേരിനൊപ്പം കണ്ട ഓരോരോ കവിതയിലൂടെയും മുതിർന്നപ്പോൾ മനസിലായി അതൊരു പെരുക്കപ്പേരാണെന്ന്. ഒരുപാടൊരുപാടു പേർക്കുവേണ്ടി കവിതയെഴുതുന്ന ഒരേയൊരാളുടെ ചുരുക്കപ്പേര്. ചിലപ്പോൾ അദ്ദേഹം എഴുതുക ഒരു കുസൃതിപ്പയ്യന്റെ കല്ലുപ്പെൻസിൽ കൊണ്ടാണ്. ‘എവിടേക്കു പോകുവാൻ മുത്തശ്ശൻ’ എന്നു ചിണുങ്ങിക്കൊണ്ട്..മറ്റു ചിലപ്പോൾ വിപ്ലവവീര്യം ചുവരിലെഴുതുന്ന യുവാവായി മുതിരും. പിന്നീടു പലപ്പോഴും മേഘസന്ദേശമെഴുതുന്ന പ്രണയിനിയാകും. ഇടയ്‌ക്കൊക്കെ അമ്മത്താരാട്ടിന്റെ മധുരം പുരളും..അടുത്ത കേൾവിയിൽ വാർധക്യത്തിന്റെ വേദന വിങ്ങും.. ഒരേ എഴുത്തുകൂട്ടിനുള്ളിലൊളിച്ചിരുന്ന് പലരായി എഴുതുന്ന കവിയോട് കൂടുതൽ ഇഷ്‌ടം തോന്നിയത് അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങൾ കേട്ടു തുടങ്ങിയപ്പോഴാണ്.

ഒഎൻവി പാട്ടുകളിലെ പെൺമൂളിച്ചകളുടെ ഒരു ശേഖരം തന്നെയുണ്ട് വീട്ടിലെ പാട്ടുപെട്ടിയിൽ. എല്ലാം പെൺസ്വരങ്ങൾ... പാടുന്നതത്രയും പെൺകിനാക്കൾ, അവൾക്കു മാത്രം കാണാനുള്ള കനവുകൾ, അവളെ മാത്രം നനയ്‌ക്കുന്ന കർക്കിടകപ്പെയ്‌ത്തുകൾ, പൊള്ളിക്കുന്ന വറുതികൾ...കാത്തിരിപ്പുകൾ, കണ്ണീരലമാലകൾ...അങ്ങനെയൊരുപാടുണ്ട് വെറുതെനേരങ്ങളിൽ ചുണ്ടോളമെത്തി എത്രമൂളിയിട്ടും കൊതിതീരാപ്പാട്ടുകൾ....

നഖക്ഷതങ്ങളിലെ പട്ടുപാവാടക്കാരി ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, മഞ്ഞക്കുറിമുണ്ട് ചുറ്റി’ പാടുന്നതു കേൾക്കുമ്പോൾ ഏതു പെണ്ണിനും തോന്നും അവളുടെ നെറ്റിയിൽ കൂടി ആ മഞ്ഞൾപ്രസാദത്തിന്റെ കുളിരു പടരുന്നുണ്ടെന്ന്. അവളുടെ കാൽവണ്ണയിലും ഒരു കൗമാരം കൊലുസു കിലുക്കുന്നുണ്ടെന്ന്. അയലത്തെ പയ്യന്റെ ഒളിച്ചുനോട്ടങ്ങൾ അവളുടെ നാണത്തിന്റെ നിലക്കണ്ണാടിയിൽ തുറിച്ചുവീഴുന്നുണ്ടെന്ന്. അതുകൊണ്ടല്ലേ ഓരോ കേൾവിയിലും അവളുടെ ചുണ്ടോരം പൊന്നോണത്തുമ്പികൾ ചിരിച്ചിറകു വിടർത്തി പറന്നുപോകുന്നത്.

മിഥുനത്തിലെ ധാവണിപ്പെൺകൊടി ‘ഞാറ്റുവേലക്കിളിയേ... നീ പാട്ടുപാടിവരുമോ’ എന്നുറക്കെ വിളിച്ചുചോദിക്കുന്നതു കേട്ടിരിക്കുന്ന പെണ്ണിനറിയാം അവളുടെ ഉടലിനെ ചുറ്റി ഒരു പ്രണയം ധാവണി ഞൊറിയുന്നുണ്ടെന്ന്. മുടിപ്പിന്നലിലെ മുല്ലപ്പൂമണം തേടി പ്രിയമുള്ളൊരാൾ അരികിലെത്തുന്നുണ്ടെന്ന്...അവളുടെ ആഘോഷത്തിമിർപ്പിലേക്ക് അറിയാതെയെങ്കിലും നാമോരോരുത്തരും അലിഞ്ഞു ചേരുന്നുമുണ്ട്.

‘ഇന്ദുപുഷ്‌പം ചൂടി നിൽക്കും’ വൈശാലിയെ ഓർമിക്കുമ്പോഴൊക്കെ കവിളത്തു നാണം ചുവക്കും. ആദ്യമായി പെണ്ണിനെ കാണുന്ന ആണൊരുത്തനോട് അവൾക്കുപോലുമറിയില്ല എങ്ങനെ അനുരാഗമറിയിക്കണമെന്ന്. പ്രണയം പൂത്തുലഞ്ഞ ഏതു പെണ്ണും ഉടലിന്റെ കണ്ണാടിക്കാഴ്‌ചയിൽ എപ്പോഴെങ്കിലും ഓർമിക്കാതിരുന്നിട്ടുണ്ടാകില്ല, മോഹിപ്പിക്കുന്ന വൈശാലിയുടെ ആ നോട്ടവും പാട്ടും...

രാജശിൽപിയിൽ ‘അമ്പിളിക്കലച്ചൂടും’ നർത്തകി അനുരാഗിയെ വലിച്ചടുപ്പിക്കുന്ന പ്രണയകാന്തങ്ങൾ കണ്ണിലൊളിപ്പിച്ച് മെയ്യഴകിൽ മോഹവസന്തങ്ങൾ വിരിയിച്ചുകൊണ്ടാണ് പാടുന്നത്. വിരക്‌തിയുടെ വേനൽക്കുടീരങ്ങളിൽ പ്രണയത്തിന്റെ പച്ചപ്പടർച്ചകൾ... അതിൽ തളിർത്തുലയാനുള്ളതേയുള്ളു ഏതേകാകിയുടെയും ആത്മതപസ്യകൾ...

സൂര്യഗായത്രിയിൽ ‘ആലിലമഞ്ചലിൽ’ കുഞ്ഞിനെ താരാട്ടുന്ന അമ്മിഞ്ഞപ്പാട്ടീണമാകുന്നു വരികൾ. ആകാശദൂതിലെ ‘രാപ്പാടിക്കേഴലിനു’ കാതോർത്തു നൊമ്പരപ്പെടാതിരുന്നിട്ടുണ്ടാകില്ല ആ അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ വന്ന മരണം പോലും.

പാട്ടോർമകൾ തീരുന്നില്ല...ഇനിയും എത്രയെത്ര പേരുടെ ചുണ്ടോളം കവിത വിരിയിക്കാനുള്ള അക്ഷരവസന്തമാണ് ഈ നിത്യഹരിതകവിമനസിന്റെ വിസ്‌മയച്ചെപ്പിൽ തപസ്സിരിക്കുന്നത്!!!