ഈ ഒരൊറ്റ ഗാനം മതി ശ്രേയയുടെ സ്വരഭംഗിയറിയാൻ!

ഒന്നു വെറുതെ നിന്നു മൂളിയാൽ മതി...നമുക്കത് എത്ര കേട്ടാലും മതിവരികയേയില്ല. ചില ഗായകരുടെ സ്വരവും ആലാപന ശൈലിയും അത്രയേറെ രസകരമാണ്. ഭാഷയോ പാട്ടിന്റെ ഭാവമോ ഒന്നും വിഷയമല്ല. ആ സ്വരഭംഗി നമ്മെയങ്ങ് കീഴ്പ്പെടുത്തിക്കളഞ്ഞതു കൊണ്ടാണത്. ശ്രേയ ഘോഷാൽ അങ്ങനെയുള്ളൊരു ഗായികയാണ്. അനേകം പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ഇതുപോലെ അവരെ നമുക്കൊരുപാടൊരുപാട് പ്രിയപ്പെട്ടതാക്കിയത് ചില ഗാനങ്ങളാണ്. ശ്രേയ ഘോഷാൽ പാടിയ അങ്ങനെയുള്ളൊരു ഗാനമാണ് പിയു ബോലെ....സോനു നിഗമിനൊപ്പമാണു പാടിയത്. ശ്രേയയുടെ ചിരിയിൽ പോലും എന്തുനല്ല രാഗഭംഗി എന്നു നമ്മെക്കൊണ്ടു ചിന്തിപ്പിച്ച ഗാനം. അവരുടെ സ്വരത്തിന്റെ ഭംഗിയെന്താണെന്ന് മനസിലാക്കാൻ ഈ ഒരൊറ്റ ഗാനം കേട്ടാൽ മതിയാകും. 

എന്താണ് പ്രണയത്തിന്റെ ഭാഷയെന്ന് ആർക്കും അറിയില്ല. പ്രണയത്തെ കുറിച്ച് പരസ്പരം എന്താണു പറയേണ്ടതെന്നും അറിയില്ല...പറയേണ്ടതെല്ലാം ഉള്ളിന്റെയുള്ള ഹൃദയത്തിലെ ഒരു മണിച്ചെപ്പിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. കണ്ണുകളിൽ കൂടിയാണ് അതെല്ലാം സംവദിക്കപ്പെടേണ്ടത്. ഇക്കാര്യമാണ് സ്വാനന്ത് കിർകിരി എഴുതിയത്. മണികൾ കൊണ്ടു തീർത്തൊരു കാതിലോലയിൽ കാറ്റ് തനിയെ ഈണമിടുന്ന പോലൊരു സംഗീതം പകർന്നത് ശന്തനു മോയിത്രയും. 

കണ്ണില്‍ നോക്കിയാൽ മതിയാകും പ്രണയത്തിന്റെ ആഴമെന്തെന്ന് അറിയാൻ... ഈ പാട്ടിന്റെ ആത്മാവും ആ പ്രപഞ്ച സത്യത്തിലാണ്. ഒരുപക്ഷേ അതുകൊണ്ടാകാം ഈ ഗാനം ഇത്രയധികം മനോഹരമായത്. വേദികളിൽ ശ്രേയ പാടുമ്പോൾ, ആ പാട്ടിനും അവർ പാടിനിൽക്കുന്നതു കാണാനും എന്തോ ഒരു പ്രത്യേക ഭംഗി തോന്നുന്നതും. 

സെയ്ഫ് അലി ഖാനും വിദ്യ ബാലനും പ്രണയാർദ്രരായി പാടിയഭിനയിച്ച പാട്ടാണ് പിയു ബോലെ പിയാ ബോലെ.. പച്ചയും നീലയും ഇഴചേർന്ന ദുപ്പട്ട ചുറ്റി നീളൻ മുടി പിന്നിയിട്ട് കൊലുന്നനെ ചിരിക്കുന്ന നീളൻ കമ്മലണിഞ്ഞാണ് വിദ്യ രംഗത്തിലുള്ളത്. കണ്ണില്‍ പ്രണയം മാത്രം. സെയ്ഫ് അലി ഖാനും അങ്ങനെ തന്നെ. പ്രണയം പാടിപ്പാടി ഇരുവരും പങ്കുവയ്ക്കുന്ന രംഗത്തിന് റൊമാന്റിക് എന്ന വിശേഷണം തീരെ ചെറുതാണ്. കാരണം അത്രയേറെ ക്ലാസിക് ആണ്  ഈണവും സ്വരവും അഭിനയവും.