ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...

പാതിരാവിൽ വെറുതെ മുറ്റത്തേക്കിറങ്ങാൻ ചിലപ്പോഴൊക്കെ തോന്നാറില്ലേ? വടക്കേ മൂലയിൽ നിൽക്കുന്ന കാട്ടുപാലയുടെ ഗന്ധങ്ങളിൽ നിന്നൊരു ഗന്ധർവ്വൻ മെല്ലെ ഇറങ്ങി വരുന്നുണ്ടോ എന്ന് ഇത്തിരി പേടിയോടെ നോക്കുമ്പോൾ ഉള്ളിലിരുന്നാരോ പറയുന്നുണ്ടാവും, ഗന്ധർവ്വൻ പ്രണയിച്ച് സ്വന്തമാക്കി മറഞ്ഞൊരു പെണ്ണായിരുന്നെങ്കിലെന്ന്.! മുത്തശ്ശിയുടെ പഴം കഥകളിൽ എന്നുമുണ്ടായിരുന്നു ആ ഗന്ധർവ്വൻ. പീതവർണമുള്ള ഉത്തരീയം ചുറ്റി, തിളങ്ങുന്ന വെള്ളാരം കണ്ണുകളുള്ള നെഞ്ചിൽ നനുത്ത രോമമുള്ള നിരയൊത്ത പല്ലുകളുള്ള ഏറ്റവും സുന്ദരമായ ചിരിയുള്ള ഗന്ധർവ്വൻ. ഒരിക്കൽ പ്രണയത്തിന്റെ കൊടുമുടികളിൽ കൊണ്ട് നിർത്തിയ ശേഷം അവൻ എവിടെയെങ്കിലും മറഞ്ഞു പോയേക്കാം , പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലും ആണ്ടുകളിലും ആത്മാവ് നഷ്ടപ്പെട്ടവളെപ്പോലെ വിലപിച്ചേക്കാം, അപ്പോഴേ മനസ്സിലാകൂ "ഭാമയുടെ" ദുഃഖം. പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ ചിത്രമായപ്പോൾ മുതൽ ഒരുപക്ഷെ സ്ത്രീകൾ ആഗ്രഹിച്ചു തുടങ്ങിയിട്ടുണ്ടാവണം അതുപോലെയൊരു ഗന്ധർവനെ.

"ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം

സായാഹ്നസാനുവില്‍ വിലോലമേഘമായ്

അഴകിന്‍ പവിഴം പൊഴിയും നിന്നില്‍

അമൃതകണമായ് സഖീ ധന്യനായ്"

ദേവസഭയിൽ നിന്നും ശാപത്തിന്റെ വെള്ളിനൂൽ ചിറകിലേറി ഭൂമിയുടെ നശ്വരതയിലേക്കിറങ്ങി വന്നപ്പോൾ ഒരിക്കലും ദേവൻ എന്ന ഗന്ധർവ്വൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അവിടുത്തെ ഒരു സാധാരണ മനുഷ്യ പെൺകുട്ടിയിൽ തന്റെ പ്രാണൻ കൊരുത്ത് കിടക്കുമെന്ന്. അവളെ വിട്ട്‌ പോരാനാകാതെ ജീവിതം ഒന്നാകെ താളം തെറ്റുമെന്ന്.

"ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍

ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ"

ജോൺസൺ മാസ്റ്ററുടെ സംഗീതത്തിൽ വരികൾ ചിട്ടപ്പെടുത്തിയത് കൈതപ്രം ദാമോദരനാണ്. യേശുദാസിന്റെ ഭാവാർദ്രമായ സ്വരമല്ലാതെ  മറ്റൊന്നും ഈ പാട്ടിനു യോജിക്കില്ല. ഈ വരികൾക്ക് വേണ്ടി ജോൺസൺ മാഷ് ചിട്ടപ്പെടുത്തിയത് ഒന്നും രണ്ടുമല്ല ആറു വ്യത്യസ്ത ഈണങ്ങളാണ്. പക്ഷെ എല്ലാം എത്തിച്ചേർന്നത് കല്യാണി രാഗത്തിലുള്ള ഇപ്പോഴുള്ള പാട്ടിലേയ്ക്കായിരുന്നു. അത് ഉള്ളിൽ നിന്നും വീട്ടു മാറാത്ത അവസ്ഥ. മറ്റൊന്നിലേയ്ക്കും മനസ്സെത്താത്ത അവസ്ഥ. പക്ഷെ പദ്മരാജന് അത് മാറ്റണമെന്ന നിർബന്ധം കൂടി വന്നപ്പോൾ ഒരിക്കൽ എല്ലാം ഇട്ടെറിഞ്ഞ് പോകാൻ കൂടി തയ്യാറായ ജോൺസൺ മാസ്റ്ററിന്റെ ഇഷ്ടത്തെ ഒടുവിൽ സംവിധായകൻ അംഗീകരിച്ചതിന്റെ ഫലമാണ് കല്യാണി അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തി ഇപ്പോൾ കേൾക്കുന്ന ഈ ഗാനം. ഒരുപക്ഷെ എന്തെങ്കിലും കാരണം കൊണ്ട് മറ്റേതെങ്കിലും രാഗത്തിലേയ്ക്ക് മാറാൻ ജോൺസൺ മാസ്റ്റർ അന്ന് തയ്യാറായിരുന്നെങ്കിൽ ! "ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലെ ഏറ്റവും ജനപ്രിയ ഗാനത്തിന്റെ വിധിയും മറ്റൊന്നായിപ്പോയേനെ.