പാട്ടിൻപീലിയാലെന്റെ കാതുഴിഞ്ഞ് ആ കാർവർണൻ...

ചന്ദനത്തിന്റെ ഗന്ധം മണക്കുന്നുണ്ട്. മയിൽ‌പ്പീലി ചൂടിയ ഒരു മണിവർണ്ണ രൂപം പ്രിയപ്പെട്ട ആരുടെയോ രൂപത്തിൽ കണ്മുന്നിൽ ഓടി മറഞ്ഞു കളിക്കുന്നു. ഉമ്മറപ്പടിയിൽ തൂക്കിയിട്ട വിളക്കിൽ പകർന്നു വയ്ക്കാനായുന്ന സുവർണ്ണശോഭയിൽ, പ്രതീക്ഷിച്ച അതേ മുഖം.... പരിഭവത്തോടെ തിരിയുമ്പോൾ നെറുകയിൽ വാത്സല്യത്തിന്റെ തീർഥം പകരുന്നു... ത്രിസന്ധ്യയുടെ ചാരുത മിഴികളിലേക്കും പടരുന്നു ... 

"അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ 

എന്തു പരിഭവം മെല്ലെ ഓതി വന്നുവോ 

കല്‍വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ 

എന്തു നല്‍കുവാനെന്നെ കാത്തുനിന്നു നീ " 

വർഷങ്ങൾക്കു ശേഷം മലയാളി ഒരുപക്ഷേ ഈ മനോഹര ഗാനം വീണ്ടുമോർത്തത് കഴിഞ്ഞ ദിവസമായിരിക്കാം, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവ ഈ പാട്ടു പാടിയപ്പോൾ. കുഞ്ഞു സിവയുടെ കൊഞ്ചിക്കൊഞ്ചിയുള്ള ഈ പാട്ടിൽ, അക്ഷരാർഥത്തിൽത്തന്നെ മലയാളികൾ ഞെട്ടിപ്പോയി. മലയാളം നന്നായി അറിയുന്ന ഒരു കുട്ടിയെപ്പോലെതന്നെയാണ് സിവ അമ്പലപ്പുഴെ .. എന്ന എം.ജി. രാധാകൃഷ്ണൻ- കൈതപ്രം ജോഡികളുടെ ഹിറ്റ്‌ ഗാനം പാടിയിരിക്കുന്നത്. മലയാളവുമായി അത്രയൊന്നും ബന്ധമില്ലാത്ത ധോണിയുടെ മകളുടെ മലയാളഗാനാലാപം അത്രമേൽ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നതും. എന്തായാലും പാടാൻ കുഞ്ഞു സിവ ഒരു മലയാളഗാനം തന്നെ തിരഞ്ഞെടുത്തതിലുള്ള അതിശയം ആരും മറച്ചു പിടിക്കുന്നില്ല. 

1991 ൽ പുറത്തിറങ്ങിയപ്പോഴും പിന്നീടും ഓരോ മലയാളിയുടെ മനസ്സിലും ഇമ്പമാർന്ന താളമായിരുന്നു കുറിഞ്ഞി രാഗത്തിലുള്ള ‘അമ്പലപ്പുഴെ...’ എന്നു തുടങ്ങുന്ന ഗാനം. അദ്വൈതം എന്ന ചിത്രത്തിൽ എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര എന്നിവരാണ് ഗാനം ആലപിച്ചത്. മനോഹരമായൊരു ശാലീനത ഓരോ വരിയിലും സംഗീതത്തിലും തുളുമ്പി നിൽക്കുന്നതുകൊണ്ടുതന്നെയാവണം ഇത്ര കാലം കഴിഞ്ഞിട്ടും ഈ പാട്ട് കേൾവിയെ കൊഞ്ചിക്കുന്നത് . 

‘അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ ആദ്യാനുരാഗം ധന്യമാക്കും’ - പ്രണയത്തിന്റെ വർണ്ണമിയന്നൊരു ഗാനമാണിത്. കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ടൊരാൾ കൈപിടിക്കാനെത്തുമെന്ന സ്വപ്നം പങ്കു വയ്ക്കുന്ന നാടൻ പെണ്ണിന്റെ ലജ്ജ ഓരോ വരിയിലുമുണ്ട്. ഏറെ നാളായി നോൽക്കുന്ന നോമ്പുകൾക്ക് അവന്റെ കൈപിടിക്കുന്നതോടെ അവസാനമാവുകയാണ്. ലഭിച്ച കൈവല്യങ്ങളെല്ലാം ഇനി അവനു മാത്രമുള്ളതാണ്. മന്ത്രകോടിയിൽ സ്വയം മൂടി നിൽക്കുമ്പോൾ ആദ്യാനുരാഗത്തിന്റെ ഫലശ്രുതി മൂളിയ ഒരു തത്തമ്മ കാതോരം എന്തോ പറഞ്ഞു പറന്നു പോയ പോലെ. അമ്പലവും ഇടയ്ക്കയും നിറസന്ധ്യയും ഇനിയെന്നും കൂടെയുണ്ടാകുമെന്നോർത്ത് അവളുടെ മുഖം അപ്പോൾ സന്ധ്യയെക്കാൾ അരുണാഭമായിട്ടുണ്ടാവണം!, അതുകണ്ടു നിന്ന അവനു മോഹം പൂത്തിരിക്കണം, പിന്നെ ഓലക്കുടയിൽ അവളെയും ചേർത്തു പിടിച്ചു നടക്കുന്നത് അവൻ സ്വപ്നം കണ്ടിരിക്കണം...