ഉള്ളുപിടയും കേട്ടിരിക്കുമ്പോൾ...

എന്തിനെന്നറിയാതെ ഉൾനോവുകളുടെ കാരണങ്ങളിലേക്കാണ് പാതിയുടെ വരികൾ കുപ്പിച്ചില്ലുകൾ പോലെ കുത്തി കയറുന്നത്. രമേശ് നാരായണന്റെ സംഗീതം നെഞ്ച് തുളച്ച് കടന്നു പോകുന്നു. പാതി എന്ന സിനിമയുടെ കാഴ്ചയിൽ കമ്മാരനും ഒതേനനും കണ്ണും കലങ്ങി നടക്കുന്നു. ചില വരികൾ അല്ലെങ്കിലും അതുപോലെയല്ലേ, ചിത്രത്തിൽ സംവിധായകൻ അർത്ഥമാക്കുന്നതിനപ്പുറം വരികൾ പറയും. അത് കൃത്യമായി കേൾക്കുന്നവരുടെ ആത്മാവിലേക്ക് എരിഞ്ഞു കയറും.

"മിഴിനീര് പെയ്യുന്ന മനമേറിയന്നൊരു

ചെറു മോഹമെന്നിൽ പിറന്നൂ...

ചിറകന്യമായൊരു കിളിയെന്റെ നെഞ്ചിലായ്

ചെറുചുണ്ട് കോറി പിടഞ്ഞു..."

വിജയ് സുർസേൻ എഴുതിയ വരികൾക്ക് രമേശ് നാരായണന്റെ സംഗീതത്തിൽ പാടിയിരിക്കുന്നത് രമേശ് നാരായണന്റെ മകൾ മധുവന്തി നാരായൺ.

വരികൾക്ക് പൊതുവെ സിനിമാ സംഗീതത്തിൽ പ്രസക്തി കുറവായ ഒരു കാലത്തിൽ നിന്നാണ് മിക്കപ്പോഴും ചലച്ചിത്രഗാനങ്ങൾ ആസ്വദിക്കുന്നത്. എന്നാൽ അപൂർവ്വമായി ഇത്തരം ഗാനങ്ങളും ഉണ്ടാകുന്നു എന്നതിന്റെ തെളിവാണ് പുതുമുഖ സംവിധായകനായ ചന്ദ്രൻ നരിക്കോടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പാതി എന്ന ചിത്രത്തിലെ ഗാനങ്ങൾ. രമേശ് നാരായണന്റെ വിരൽ സ്പർശം കൂടിയാകുമ്പോൾ ക്ലാസ്സിക് എന്ന് തന്നെ വിളിക്കാവുന്ന ഗാനങ്ങൾ ചിത്രത്തിലെ രംഗങ്ങൾക്ക് നൽകിയിരിക്കുന്ന മിഴിവ് ചെറുതല്ല.ഗസൽ ഭംഗി തുളുമ്പുന്ന ഗാനങ്ങളിലൂടെയാണ് രമേശ് നാരായണൻ പാട്ടു പ്രണയികൾക്കിടയിൽ ഹരമാകുന്നത്. ആ ഭംഗി അദ്ദേഹത്തിന്റെ ഏതു ഗാനങ്ങൾക്കും ചാരുത തന്നെയാണ്. പാതിയിലെ സംഗീതത്തെയും ആ സ്പർശം വ്യത്യസ്തമാക്കിയിട്ടുണ്ട്.

ഒരു വഴികളും മുന്നിൽ തെളിയാതെ ഇരുളിലേക്ക് നോക്കിയിരുന്നു വിലപിക്കുന്ന കുറെ മനുഷ്യരുടെ അന്തർ സംഘർഷങ്ങളുടെ പാതിയാണ് ഇത്.ചിറകു നഷ്ടപ്പെട്ട ഒരു കിളി ഉള്ളിലിരുന്നു നിലവിളിക്കുന്നത് എപ്പോഴും കേൾക്കാൻ കഴിയുന്നുണ്ട്, അതുകൊണ്ട് തന്നെയാവണം പാട്ടിൽ പോലും തുളുമ്പുന്ന ആ കരച്ചിലുകൾ ഹൃദയം തുളഞ്ഞു അകത്തേക്ക് കയറിയതും അകാരണമായ ഒരു സങ്കടത്തിൽ ആണ്ടു പോയതും. 

"വഴിയേതുമില്ലാത്ത ഇരുളാണ് ചുറ്റിലും 

ഇനിയെങ്ങു പോകുമെന്നോർത്ത് കൊണ്ടും

കരയാനറിയാത്ത കുഞ്ഞിന്റെ കണ്ണിലെ

കടലിന്റെ ആഴം അറിഞ്ഞു നൊന്തു..."

കരയാനറിയാത്ത കുഞ്ഞിന്റെ കണ്ണിലെ കടലിനു എന്തുമാത്രമുണ്ടാകും ആഴം?, അതിന്റെ ഉത്തരം തിരയണമെങ്കിൽ ആ കുഞ്ഞു അനുഭവിച്ച നോവിന്റെ കടൽ കൂടി കണ്ടെടുക്കേണ്ടി വരും. ആ കടൽ തന്നെയാണ് പാതി എന്ന ചിത്രം. ഭ്രൂണഹത്യയെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് പാതി. കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ അതുകൊണ്ടു തന്നെ ഗാനങ്ങളിലും കൊണ്ടുവരാതെ തരമില്ല. രമേശ് നാരായണന്റെ സംഗീതം സങ്കടങ്ങളിലേക്ക് പെയ്തിറങ്ങുന്ന വരികൾക്ക് തണുപ്പാകുന്നു. തീയേറ്ററുകൾ കാണാതെ മടങ്ങാനുള്ളതല്ല ഇത്തരം ചിത്രങ്ങൾ, സംഗീതത്തിന്റെ സാധ്യതകളും ഉപയോഗിച്ച് കൊണ്ട് വൈകാരിക അനുഭവങ്ങളെ കൂട്ടി യോജിപ്പിക്കുന്നത് സിനിമയെ എല്ലാ രീതിയിലും മനസ്സിലാക്കുന്ന ഒരു സംവിധായകന്റെ മികവ് തന്നെ ആയതു കൊണ്ട് പ്രത്യേകിച്ചും.