മലരേ മൗനമാ...

മൗനത്തിന്റെ സംഗീതം കേൾക്കുന്നുണ്ടോ? ആ സമയത്തു വാക്കുകളായിരിക്കില്ല മന്ത്രിക്കുക. മറ്റാർക്കും കേൾക്കാൻ ആകാത്ത ഒച്ചയിൽ ഹൃദയങ്ങൾ ശബ്ദിക്കും, ഉറക്കെ പാട്ടുകൾ പാടും, പ്രണയിക്കും , കഥകൾ പറയും... എല്ലാ പ്രണയത്തിലും ഇങ്ങനെ ഹൃദയങ്ങൾ സംവദിക്കാറുണ്ടോ? ന്യായമായ ചോദ്യമാണ്, പക്ഷെ ഏതൊരു ആത്മാവിന്റെ മുന്നിൽ നിൽക്കുമ്പോഴാണോ മറുപക്ഷത്തു നിൽക്കുന്ന ആത്മാവിനു തന്റെ മറുപാതിയെ കണ്ടെത്തിയെന്ന തോന്നലുണ്ടാകുന്നത്, അവിടം മുതൽ അവർ ആത്മാവിനാൽ സംസാരിച്ചു തുടങ്ങുന്നവരാകുന്നു. പൂക്കൾ സംസാരിക്കുന്നതു പോലെ അത് നേർത്തിരിക്കുകയും കാറ്റ് തൊടുന്നതു പോലെ അതു സുഖകരമാവുകയും ചെയ്യുന്നു.

‘മലരേ മൗനമാ...

മൗനമേ വേദമാ...

മലർകൾ പേസുമാ

പേശീനാൽ ഓയുമാ അൻപേ...’

വൈരമുത്തുവിന്റെ വരികളിൽ എല്ലാമുണ്ട്. എന്നോ ഒരിക്കൽ പാതി വച്ചു മുറിഞ്ഞു പോയ ആത്മപാതിയെ തിരിച്ചറിയുന്ന കാമുകന്റെ എരിയുന്ന വരികളാകാണ് അവ.

വിദ്യാസാഗറിന്റെ സംഗീതത്തിന്റെ എസ്.പി.ബാലസുബ്രഹ്മണ്യം ഈ പാട്ടു പാടിയത് ഒരു പാതിരാവിലാണ്. പകലത്തെ റെക്കോർഡിങ് തിരക്കുകളിൽ ക്ഷീണിച്ച് ഇനി പാടാനാവില്ല എന്ന മട്ടിൽ പല തവണ നിരസിച്ചിട്ടും അദ്ദേഹത്തിലേക്ക് ആ രാത്രിയിൽ വന്നെത്തിയ എസ്.ജാനകിയുടെ ഒച്ചയിലേക്ക് പിന്നെ എപ്പോഴോ എസ്.പി അലിഞ്ഞു പോയി. അങ്ങനെ എത്ര പാടിയിട്ടും സ്വയം തൃപ്തിയാകാതെ ആവർത്തിച്ച് ഭ്രാന്തമായി പാടിയ ആ പാട്ടു കേൾക്കുമ്പോൾ എങ്ങനെ പിന്നെ കണ്ണുകൾ നിറഞ്ഞു തുളുമ്പാതിരിക്കും!

‘കർമ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി വിദ്യാസാഗർ ഈണമിട്ട പാട്ടാണ്. വരികളിലെ വൈരമുത്തുവിന്റെ മാജിക്ക് അതിശയകരമായ വിധത്തിൽ കൺതുറന്നു നിൽക്കുന്നുണ്ടിതിൽ.

‘പാതി ജീവൻ കൊണ്ട് ദേഹം വാഴ്ന്ത് വന്തതോ

മേതി ജീവൻ എന്നൈ പാർത്ത‌ പോദു വന്തതോ ...’

ഒന്നു കണ്ടപ്പോൾ തോന്നിയ ചില സമാനതകൾ, അറിയാതെ ഒന്നു തൊട്ടപ്പോൾ ഉള്ളിലൂടെ കത്തിപ്പടരുന്ന ഒരു മിന്നൽ ഇതെല്ലാം തോന്നിപ്പിച്ചത് അവൾ മറുപാതിയാണെന്നു തന്നെ ആയിരുന്നില്ലേ? മെല്ലെ അവളുടെ വിരലുകളെ കൈക്കുള്ളിലാക്കി കൊഞ്ചിക്കുമ്പോൾ അന്നെങ്ങോ ആദ്യമായി കണ്ടപ്പോൾ മിന്നി പെയ്ത മാനം ഇപ്പോഴും പേമാരിയായി ഉള്ളിലും പെയ്യുന്നു. അവളുടെ നെഞ്ചിൽ ചായ്ഞ്ഞു മയങ്ങാൻ കിടക്കുമ്പോൾ തോന്നൽ ഉറപ്പിക്കുന്നു...അവൾ നീട്ടിയ ആ ചുവന്ന പുഷ്പം, അതെന്നിൽ നിന്നും മുറിഞ്ഞു പോയ ഹൃദയത്തിന്റെ ബാക്കിയായിരുന്നു!

തമിഴെന്നോ ഹിന്ദിയെന്നോ നോക്കാതെ മികച്ച പാട്ടുകൾക്കായി ഹൃദയം കൊടുക്കുന്നവരാണ് സംഗീത ആസ്വാദകർ. അതുകൊണ്ടു തന്നെ വിദ്യാസാഗറിന്റെ ‘മലരേ മൗനമാ...’ എന്ന ഗാനം ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷവും ഹൃദയത്തിന്റെ തരളഭിത്തികളെ മുറിവേൽപ്പിച്ചും കേൾവിയിൽ മാധുര്യം നിറച്ചും മുന്നേറിക്കൊണ്ടേയിരിക്കുന്നു...അത് തുടരുകയും ചെയ്യും...