ഘർ സെ നികൽ തെ ഹി.... 

ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നിഷ്കളങ്കമായ മുഖമായിരുന്നു രോഹിത് ദീക്ഷിത് എന്ന യുവാവിന്റേത്. തിളങ്ങുന്ന വെള്ളാരംകണ്ണുകളും പാലു പോലെയുള്ള ചിരിയും, ഇപ്പൊ ചിരിച്ചു തീർന്നതേയുള്ളൂ എന്ന് തോന്നിപ്പിക്കുന്ന മുഖവും... ഒരൊറ്റ പാട്ടു കൊണ്ട് പെൺകുട്ടികളുടെ മനസ്സിൽ കയറിപ്പറ്റിയ നായകനായിരുന്നു ജുഗൽ ഹാൻസ് രാജ്. 1998 ൽ പുറത്തിറങ്ങിയ മഹേഷ് ഭട്ട് സംവിധാനം ചെയ്ത "പാപ്പാ കേഹത്തെ ഹേ" എന്ന ചിത്രത്തിലെ "ഘർ സെ നികൽ തെ ഹി..."എന്ന ഗാനം ഓർമ്മിപ്പിക്കുന്നത് വെള്ളാരം കണ്ണുള്ള നായകനെയും സുന്ദരമായ അയാളുടെ പ്രണയത്തെയുമാണ്.

ഘർ സേ നികൽതേ ഹി

കുഛ് ദൂര് ചൽതേ ഹീ

രസത് മേ ഹേ ഉസ്ക ഘർ

കൽ സുഖഹ് ദേഖാ തോ

ബാല് ബനാതീ വോ

ഖിഡ്കീ മേ ആയീ നസർ

വീട്ടിൽ നിന്നിറങ്ങുമ്പോൾ അവന്റെയുള്ളിൽ എപ്പോഴും ഒരു പ്രതീക്ഷയുണ്ട്, കുറച്ചു നടക്കുമ്പോൾ കാണുന്ന അവളുടെ വീടെന്ന സ്വപ്നം. അവിടെ അവളെ കാണാമെന്ന പ്രതീക്ഷയാണ് ഓരോ തവണയും വീടിന്റെ പടിയിറങ്ങുമ്പോൾ അവനെ മുന്നോട്ടു നടക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ കാണുമ്പോൾ അവൾ മുടിയുണക്കുന്നുണ്ടായിരുന്നു... അതിനിടയിലും അവളുടെ കണ്ണുകൾ അവനെ തിരയുന്നുണ്ടായിരുന്നുവോ... അതോ അവനു തോന്നിയതോ... 

അപ്‌സരസ്സും ദേവതയും ഒന്നും അല്ലെങ്കിൽ പോലും അവളിൽ നിഴലിക്കുന്ന ഒരു മാന്ത്രികതയുണ്ട്. അവനോടു ഉള്ളിൽ പ്രണയമുണ്ടെങ്കിൽ പോലും അവനറിയാതെയുള്ള കണ്ണുകളുടെ സഞ്ചാരങ്ങൾ... പലപ്പോഴും ആ നോട്ടം തന്നെയാണ് അവനെ ഭ്രാന്തനാക്കുന്നതും! കഴിഞ്ഞ ദിവസം അവളുടെ സുഹൃത്തിനെ കണ്ടപ്പോൾ കൂടി അവൻ അത് പരിഭവം പറഞ്ഞു... എന്തിനാണ് ഈ ദൂരം എന്ന സങ്കട ചോദ്യം.. കാണണമെങ്കിൽ നാളെയെങ്കിലും ഒന്ന് പുറത്തേയ്ക്കിറങ്ങി വരാൻ സുഹൃത്തിനോട് അവൻ പറയുകയും ചെയ്യുന്നുണ്ട്. അങ്ങനെയുള്ള കുറേ വിചാരങ്ങളുടെയും വികാരങ്ങളുടെയും വാക്കുകൾക്കതീതമായ പ്രണയത്തിന്റെ മാന്ത്രികതയുമാണ് പാട്ടിലുള്ളത്. 

തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഈ പാട്ട് ബോളിവുഡും കടന്ന് ഭാഷ ഭേദമില്ലാതെ ഇന്ത്യയിലെ കൗമാരക്കാർ ഒരുപോലെ ആഘോഷിച്ചിരുന്നു. ജാവേദ് അക്തറിന്റെ പ്രണയ നിർഭരമായ വരികൾക്ക് ഉദിത് നാരായണന്റെ സ്വരം ഏറ്റവും മികച്ചതായി വിലയിരുത്തപ്പെടുന്നു. പാപ്പാ കെഹതെ ഹേ എന്ന ചിത്രം ബോളിവുഡിൽ അത്ര വിജയം കൊയ്തില്ലെങ്കിലും ഈ ഗാനം ഇപ്പോഴും അന്നത്തെ കൗമാരമാഘോഷിച്ച മനസ്സുകളിൽ തുളുമ്പി നിൽക്കുന്നുണ്ട്. കടലും കത്തും സ്വപ്നങ്ങളും കാത്തിരിപ്പും തന്നെയാണ് എല്ലാക്കാലത്തേയും ഹിറ്റായ ഗാനങ്ങൾ പോലെ ഈ ഗാനത്തിന്റെയും കാഴ്ചകൾ. പ്രധാന ആകർഷണം നായകൻറെ വെള്ളാരംകണ്ണുകൾ തന്നെ. പിന്നെ എത്ര കേട്ടാലും മതിവരാത്ത നെഞ്ചിൽ തൊടുന്ന പാട്ടും.