കല്യാണ തേൻനിലാ...

നിലാവിൽ നിന്നു പെയ്തിറങ്ങിയൊരു പ്രണയഗാനം. ഇളയരാജ സൃഷ്ടിച്ച ഏറ്റവും സുന്ദരമായ പ്രണയ ഗാനങ്ങളിലൊന്ന്.

കല്യാണ തേൻനിലാ... കാലത്തിന്റെ മടിത്തട്ടിലേക്ക് വീണ പാട്ട് കാലാതീതമാണ്. വരികളും ഈണവും ആലാപനവും ദൃശ്യങ്ങളുമെല്ലാം നിലാവു തീർക്കുന്ന നിഴലാട്ടം പോലെ ആര്‍ദ്രമായ പാട്ടു നമുക്കേറെ പ്രിയപ്പെട്ടതാകുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. അതു മമ്മൂട്ടിയാണ് അഭിനയിച്ചിരിക്കുന്നതെന്നതു തന്നെ. മമ്മൂട്ടി അഭിനയിച്ച അന്യഭാഷാ ചിത്രങ്ങളിലെ സിനിമകളിലെ ഏറ്റവും ശ്രദ്ധേയമായ ഗാനവും ഇതുതന്നെ.

പുലവർ പുതുമൈപിതാൻ എന്ന എഴുത്തുകാരന്റെ തമിഴ് ഭാഷ വൈദഗ്ധ്യവും സംഗീതാത്മകതയും ചേർത്തുവച്ചെഴുതിയ ഗാനമാണിത്. ഒരൊറ്റ അക്ഷരംകൊണ്ട് കവിത എത്രത്തോളം സുന്ദരമാക്കാമെന്ന് കാലത്തിനു കാണിച്ചുതന്നു ആ കവിമനസ്. പാട്ടിലെ എല്ലാ വരികളും അവസാനിക്കുന്നത് 'ല' എന്ന അക്ഷരത്തിലാണ്.

മമ്മൂട്ടിയും അമലയും ചേർന്നാണ് രാത്രിഭംഗിയിൽ തീർത്ത പാട്ടിന്റെ ഫ്രെയിമുകളിലെ നായികയും നായകനുമായത്. ഒരു ത്രില്ലർ ചിത്രത്തിലെ പ്രണയാർദ്ര ഗാനമാണത്. ഇതിനേക്കാളുപരി മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രംകൂടിയായിരുന്നു മൗനം സമ്മതം. തമിഴ് ലോകം കേട്ട ഏറ്റവും ചേലുള്ള ചലച്ചിത്ര ഗീതത്തിലെ അഭിനയസാന്നിധ്യമായി മമ്മൂട്ടിയങ്ങനെ.

പാട്ടുവഴികളിൽ ഗ്രാമഫോണിനുള്ള നല്ല സമ്മാനമായ പാട്ടിന് നീലനിലാവിന്റെ ചന്തത്തിലേക്ക് ഒരു റാന്തൽ കത്തിച്ചുവച്ച് അഭ്രപാളികളിൽ‌ ചിത്രമെഴുതിയത് വിപിൻ ദാസെന്ന ഛായാഗ്രഹകനാണ്. നീലരാത്രിയുടെ ചുംബനങ്ങളെ, പ്രണയനിലാവിനെ,  നായികയുടെ കാറ്റിലാടുന്ന സാരിത്തുമ്പിനെ, തലമുടിയെ, നായകന്റെ യൗവ്വന തീക്ഷ്ണമായ സൗന്ദര്യത്തെ എല്ലാം അതിസുന്ദരാം വിധം ആ കാമറ ഒപ്പിയെടുത്തു. പാട്ടിനു സ്വരമായ യേശുദാസും ചിത്രയും ഗാനത്തെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോയി. രാഗവും അതിനു മനുഷ്യൻ നൽകിയ ഭാവവും അതിമനോഹരമായപ്പോൾ പിറന്നപാട്ടിനെ ക്ലാസിക് എന്നല്ലാതെ മറ്റെന്തു പറയുവാന്‍...