മധുരം ജീവാമൃത ബിന്ദു ... ഇത് ഹൃദയം പാടുന്ന പാട്ട്

ചില പാട്ടുകൾ നമുക്കു വേണ്ടി മാത്രമുള്ളതാണെന്ന് തോന്നാറില്ലേ? തനിച്ചിരുന്ന് ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് ജോൺസന്റെ പാട്ടുകളാണ്. പൊള്ളുന്ന നൊമ്പരങ്ങളിലും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഗാനം. മധുരം ജീവാമൃതബിന്ദു... ചെങ്കോലിലെ ഈ ഗാനത്തിൽ പൊള്ളുന്ന ജീവന്റെ ആഴമുണ്ട്, നാളെയുടെ കിനാവും. വൈകാരികത നിറഞ്ഞു നിൽക്കുന്ന ജോൺസന്റെ സംഗീതത്തിന് കൂട്ട് നിന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികളാണ്. ചിത്രത്തിലെ നായകനായ സേതുമാധവന്റെ ജീവിതം നിറഞ്ഞു നിൽക്കുന്നു ആ പാട്ടിൽ. യേശുദാസാണ് ആലാപനം. 

1993ലാണ് സിബി മലയിൽ സംവിധാനം ചെയ്ത ചെങ്കോൽ പുറത്തിറങ്ങുന്നത്, കിരീടം പുറത്തിറങ്ങി 4 വര്‍ഷങ്ങള്‍ക്ക് ശേഷം. മോഹൻലാൽ, തിലകൻ, ശാന്തികൃഷ്ണ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം വൻവിജയമായിരുന്നു. സേതുമാധവനായുള്ള മോഹൻലാലിന്റെ ഭാവപ്പകര്‍ച്ച പ്രേക്ഷകരില്‍ ഏറെ നൊമ്പരം തീര്‍ത്തു.

ആ ഗാനം

ചിത്രം: ചെങ്കോൽ

സംഗീതം: ജോൺസൺ

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം: കെ ജെ യേശുദാസ്

ആ..ആ..ആ

മധുരം ജീവാമൃത ബിന്ദു (3)

ഹൃദയം പാടും ലയസിന്ധു

മധുരം ജീവാമൃത ബിന്ദു

 

സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ

മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ

ഏകാന്ത യാമവീഥിയിൽ

താന്തമാണെങ്കിലും ആ..ആ

താന്തമാണെങ്കിലും പാതിരാക്കാറ്റിലും

വാടാതെ നിൽക്കുമെന്റെ ദീപകം

പാടുമീ സ്നേഹരൂപകം പോലെ (മധുരം...)

 

ചേതോവികാരമേ നിറയൂ വീണ്ടുമെൻ

ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ

നീഹാര ബിന്ദു ചൂടുവാൻ

ശാന്തമാണെങ്കിലും ആ.ആ.ആ

ശാന്തമാണെങ്കിലും  സ്വപ്നവേഗങ്ങളിൽ

വീഴാതെ നിൽക്കുമെന്റെ ചേതന 

നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ (മധുരം..)