മമ്മൂക്കയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒരു ഗാനം

മലയാളിയുടെ പ്രിയതാരം മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് ലിജോ ജോൺസൺ. ഹാപ്പി ബർത്ത്‌ഡേ മമ്മൂക്ക എന്നു തുടങ്ങുന്ന പിറന്നാൾ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും സംഗീതം പകർന്നിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും ലിജോ ജോൺസണാണ്. റിമി ടോമി, മിഥുൻ എസ് പണിക്കർ, ലിജോ ജോൺസൺ, ക്രിസ്‌റ്റോ തുടങ്ങിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജയറാം, സലാം ബാപ്പു, സുരാജ് വെഞ്ഞാറമൂട്, റഹ്മാൻ, വിജയ് ബാബു, നരേൻ, അജു അരവിന്ദ്, ബാബു സലീം, റിയസ് ഖാൻ, ടിനി ടോം, ഗിന്നസ് പക്രു, സൈജു കുറുപ്പ്, പത്മരാജൻ രതീഷ് തുടങ്ങിയ താരങ്ങളെല്ലാം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ചിത്രങ്ങളിലെ അവിസ്മരീണയ സീനുകളും വിഡിയോയിൽ കോർത്തിണക്കിയിട്ടുണ്ട്.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ലിജോ ജോൺസൺ ഏതാനും തമിഴ് സിനിമകളുടെ സംഗീത രംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ക്രിസ്തീയഭക്തിഗാങ്ങൾക്കും നിരവധി ആൽബങ്ങൾക്കും ലിജോ സംഗീതം പകർന്നിട്ടുണ്ട്. തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളുടെ ജൻമദിനത്തിൽ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സമാനമായ വിഡിയോകൾ ആരാധകർ ഇറക്കാറുണ്ട്. അതാണു തനിക്കു പ്രചോദനമായതെന്നു ലിജോ പറയുന്നു. കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തിറക്കിയ വിഡിയോ ഇതുവരെ കാൽലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.