മാരിക്കൂടിനുള്ളിൽ...

ചലച്ചിത്രത്തിന്റെ സന്ദർഭങ്ങൾക്കനുസരിച്ച് ജനിച്ചിട്ടും ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടെഴുത്തിലൂടെ കാലാതീതമായി മാറിയ ഒരുപാട് ഗാനങ്ങളുണ്ട് നമുക്കും. കാലമേറെ ചെന്നിട്ടും പാടിത്തീരാത്തവ കേട്ടുകൊതിതീരാത്തവ. കാലമിത്രയും പിന്നിട്ടിട്ടും ചരിത്രപരമായി ബന്ധമുള്ള സിനിമയായിട്ടും പ്രണയം ഒളിഞ്ഞിരിക്കുന്ന മനസുകളെല്ലാം കാലാപാനിയിലെ പാട്ടുകൾ മൂളുന്നതും അതുകൊണ്ടു തന്നെ.

അഭ്രപാളിക്കുള്ളിൽ അവസാന ഫ്രെയിമും കഴിഞ്ഞാലും മനസിനുളളിലെ കൊട്ടകങ്ങളിൽ നിർത്താതെ കളിക്കുന്ന ചലച്ചിത്രങ്ങൾ. വെള്ളിത്തിരയിലൂടെ സംവിധായകൻ പറഞ്ഞു തരുന്ന കഥവഴികളിലുടെ നടക്കാൻ പ്രേരിപ്പിക്കുന്ന, അതിന്റെ യാഥാർഥ്യത്തെ തേടിപ്പോകാൻ മനസിനെ നിർബന്ധിക്കുന്ന സിനിമകൾ. കാലാപാനി അത്തരത്തിലൊന്നാണ്. ചോരമണക്കുന്ന കാലാപാനിയെന്ന ദ്വീപിലേക്ക് ഇന്നും യാത്രപൊയ്ക്കൊണ്ടേയിരിക്കുന്നു നമ്മളിലൊരുപാടു പേർ. പ്രിയദർശൻ ചിത്രമാണ് കാലാപാനി. പൊള്ളുന്ന പ്രമേയത്തിലൂടെ തന്റെ സംവിധാന മികവിനെ പ്രിയദർശൻ കാട്ടിതന്നു. പ്രമേയത്തിന്റെ തീവ്രതയെ സംഗീതത്തിലൂടെ സമന്വയിപ്പിക്കാനുള്ള സംഗീത സംവിധായകന്റെ പ്രതിഭയെ ഇളയരാജയും. സ്വാതന്ത്ര്യ സമരത്തിനായി നിലകൊണ്ട് കാലാപാനിയെന്ന ദ്വീപിൽ നരകിച്ചു മരിച്ച ഒരായിരം ജന്മങ്ങളും... ഗോവർധനനും പാർവതിയും മനസിനുള്ളിലെ നൊമ്പരമായി കടന്നുവരും ഇതിലെ ഓരോ പാട്ടുകളിലൂടെയും.

ഗോവർധനന്റെയും പാർവതിയുടെ പ്രണയം പറഞ്ഞ സിനിമ മാത്രമായിരുന്നില്ല അത്. കാലാപാനി ഒരു കാലഘട്ടത്തെ കുറിച്ചുള്ള സിനിമയായിരുന്നു. ആ പ്രണയത്തിലൂടെ അധിനിവേശങ്ങളും പിടിച്ചുവയ്ക്കലുകളും നിസഹായനായ മനുഷ്യന്റെ ജീവിതത്തിൽ തീർക്കുന്ന ചോരച്ചാലുകളെയാണ് പ്രിയദർശൻ നമുക്ക് പറഞ്ഞു തന്നത്. താലികെട്ടിയതിനു പിന്നാലെ അധികാരത്തിന്റെ പിടിയിലകപ്പെടുന്ന ഗോവർധനൻ തിരികെയെത്തലിനെ കുറിച്ചുള്ള വാർ‌ത്ത പാർവതിയുടെ മനസിൽ വരച്ചിടുന്ന ചിന്തകളെ കുറിച്ചുള്ള പാട്ടായിരുന്നു അത്. പച്ചയായ പെൺമനസിലെ കുഞ്ഞു കുഞ്ഞു ചിന്തകളെ കുറിച്ചുള്ള പാട്ടിലെ വരികൾക്ക് സിനിമ തീരും വരെ അല്ലെങ്കിൽ കുറച്ചു നാൾകൂടി മാത്രമേ ആയുസേ കാണൂ എന്ന ചിന്തകളെ അപ്പാടെ തട്ടിത്തെറിപ്പിച്ച പാട്ട്. പ്രകൃതിയും പ്രണയവും എത്രത്തോളം ചേർന്നുനിൽക്കുന്നുവെന്ന് ഈ പാട്ടിന്റെ വരികൾ നമുക്ക് പറഞ്ഞു തരുന്നു.

കാത്തിരിപ്പിന്റെ കണ്ണുനീരിനിടയിൽ വിരിഞ്ഞ മഴവില്ലായിരുന്നു ആ പാട്ട് പാടിയത്. അവളുടെ നെറ്റിത്തടത്തിലെ ചുവന്ന പൊട്ടിനുള്ളിലൂടെ മനസിലെ പ്രണയത്തെ വരച്ചിട്ട പാട്ട്. പ്രണയം നിറഞ്ഞ പെണ്‍മനസിലെ വികാരങ്ങളെ വരച്ചിട്ട പാട്ട്. കുപ്പിവളയിട്ട് പട്ടുചുറ്റി പൂചൂടി പൂക്കളോടും കിളികളോടും അവനോടൊപ്പം പ്രണയം പങ്കിടുന്നതിന് സാക്ഷികളായ പുഴകളോടും അവന്റെ തിരികെയെത്തലിനെ കുറിച്ചുള്ള സന്തോഷം പങ്കിട്ട പാട്ട്. എണ്ണമണമുള്ള കറുത്തതലമുടിച്ചൂടിൽ പട്ടു ചേലയുടെ അറ്റം ചുറ്റി തീവണ്ടിപാതയിലേക്ക് നോക്കിയുള്ള ആ കാത്തിരിപ്പ് വാർധക്യത്തിലേക്ക് ജീവിതമെത്തിയപ്പോഴും അവസാനിച്ചില്ല. പാർവതിയെ കാണുവാൻ ഒപ്പംകഴിയുവാൻ ഒന്നുചേരുവാൻ ഒരിക്കലും ഗോവർധനൻ വന്നുചേർന്നില്ലെന്ന ദുംഖം പാട്ടുകേട്ടുകഴിയുമ്പോൾ കണ്ണിൽ നനവു പടർത്തും.

വരികൾ

മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ

കൺമണിയേ കാണാൻ വായോ

നിൻകൺനിറയെ കാണാൻ വായോ

പീലിക്കുന്നും കേറി നീലക്കാടും താണ്ടി

എന്നുയിരേ മുന്നിൽ വായൊ നിൻ

പൂമധുരം ചുണ്ടിൽത്താ‍യോ

ഇളമാങ്കൊമ്പത്തെ പുതു പൊന്നൂഞ്ഞാലാടാൻ

നറു മുത്തേ വാ

(മാരിക്കൂടിനുള്ളിൽ)

ചിന്തൂരപൊട്ടിട്ട് ഒരു പൊൻവള കൈയിലണിഞ്ഞ

ചില്ലോലം പൂമ്പട്ടും മെയ്യിൽ ചാർത്തി

മൂവന്തികോലായിൽ നിറമുത്തു വിളക്കു കൊളുത്തി

നിൻ നാമം മന്ത്രം പോൽ ഉള്ളിൽ ചൊല്ലി

ഉണ്ണിക്കണ്ണന്നുണ്ണാനായ് വെള്ളച്ചോറും വെച്ചു ഞാൻ

ഹൊയ്യാ ഹൊയ്യാ ഹൊയ്യാ ഹൊയ്യാ

നെയ്യും പാലും പായസവും കദളപ്പഴവും കരുതീ ഞാൻ

നാലുംകൂട്ടി മിനുങ്ങീട്ടൊന്നു മുറുക്കാൻ ചെല്ലം തേടീ ഞാൻ

ഉള്ളിനുള്ളിൽ തുള്ളിത്തുള്ളിത്തൂവും തുമ്പീ

നീ വന്നേ പോ വന്നേ പോ

(മാരിക്കൂടിനുള്ളിൽ)

ഹേയ് തേക്കുമരക്കൊമ്പിൽ ചായും കാറ്റേ

നിൻ തോരാക്കണ്ണീരാറും കാലം വന്നേ

ഹേയ് കൊയ്ത്തും മെതിയും കൂടാറായി

എടീ പതിനെട്ടാം കതിരണിയേ

നിറ തപ്പും തുടിയും കേൾക്കാറായ

എടീ പൂവാലൻ കുഴലൂത്...

പത്തായപ്പുരയല്ലോ നിൻ പള്ളിയുറക്കിനൊരുക്കീ ഞാൻ

ചാഞ്ചാടും മഞ്ചത്തിൽ പൊൻവിരി നീർത്തീ

രാമച്ചപ്പൂ വിശറി നിൻ മേനി തണുപ്പിനിണക്കി

ഇനിയാലോലം താലോലം വീശിടാം ഞാൻ

വിങ്ങിപ്പൊങ്ങും മോഹങ്ങൾ

തീരെ തീരാ ദാഹങ്ങൾ

ഹൊയ്യാ ഹൊയ്യാ ഹൊയ്യ ഹൊയ്യാ

തമ്മിൽ തമ്മിൽ ചൊല്ലുമ്പോൾ എല്ലാമെല്ലാം നൽകുമ്പോൾ

ഹൊയ്യാ ഹൊയ്യാ ഹൊയ്യാ ഹൊയ്യാ

പാഴ്ക്കളിയാക്കും നിന്നെക്കിക്കിളി കൂട്ടി കൊഞ്ചിക്കും

മുത്തു പതിച്ചൊരു നെഞ്ചിൽ താനേ

മുത്തമിടുമ്പോൾ ഞാൻ നാണത്തിൻ പൂമൂടും

(മാരിക്കൂടിനുള്ളിൽ)