വേനൽ മെല്ലെ വന്നു പോയി... മഴയും ഇതിലെ വന്നു പോയി

അനാഥയായ ഒരു പെൺകുട്ടിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നു തന്നെയാണ് ഹൃദയതാളം ആഴ്ന്നിരിക്കുന്ന പ്രണയം. ഒരിക്കൽ തന്നെ വിട്ടു ദൂരേക്കു പോയവൻ വീണ്ടും ഒരു കൈക്കുടന്ന നിറയെ പ്രണയത്തിന്റെ മറുപടിയും നെഞ്ചിലേന്തി അവളിലേക്കു തിരികെ വരുമ്പോഴോ?

"വേനൽ മെല്ലെ വന്നു പോയി
മഴയും ഇതിലെ വന്നു പോയി
പിന്നെ നിൻ മറുപടി കേൾക്കവേ
ഞാനുമെന്റെ മൗനവും വിലോലമായ്
വേനൽ മെല്ലെ വന്നു പോയി
മഴയും ഇതിലെ വന്നു പോയി
പിന്നെ നിൻ മറുപടി കേൾക്കവേ
കാത്തുവച്ചതൊന്നു നീ കവർന്നു പോയ്"

റഹ്‌മാൻ- ഭാമ ജോഡികളുടെ "മറുപടി" എന്ന സിനിമയിലെ പാട്ട് ഇതിനോടകം തന്നെ സംഗീതപ്രേമികൾക്കൊക്കെ ഏറെ ഇഷ്ടമായ ഒന്നാണ്. റഫീക്ക് അഹമ്മദിന്റെ വരികളുടെ മൃദുലത എം. ജയചന്ദ്രന്റെ സംഗീതത്തിലും വർഷ വിനു എന്ന പുതുമുഖ ഗായികയുടെ ശബ്‌ദത്തിലും ഒരു മഴ പോലെ നെഞ്ചിലേക്കു പെയ്തു വീണു കൊണ്ടിരിക്കുന്നു. എന്നും പ്രായം ഇരുപത്തിരണ്ടാണോ എന്നു തോന്നിക്കുന്ന മുഖവുമായി എന്നൊക്കെയോ റഹ്‌മാൻ മലയാളിയുടെ മനസ്സിലുണ്ടായിരുന്നിട്ടുണ്ട്. ഇടവേള കഴിഞ്ഞ് വീണ്ടും റഹ്‌മാൻ എത്തുമ്പോഴും ആ പഴയ അതേ ഇരുപത്തിരണ്ടുകാരൻ കാമുകന്റെ പ്രണയാതുരമായ മുഖം കുറച്ചു കൂടി ആർദ്രമായിട്ടുണ്ടെന്നു തിരിച്ചറിയുന്നു. 

"മഞ്ഞു വീണ രാവിലിന്നു ഞാനുണർന്നു പോയ്
നിന്റെ നെഞ്ചിടിപ്പു പോലുമിന്നറിഞ്ഞു പോയ്
പാതി പൂക്കുമീ വയൽപ്പൂക്കളെന്ന പോൽ
നീ മൊഴിഞ്ഞിടാൻ വാക്കു വിങ്ങി നിന്നുവോ
ഈ നിലാവിലീറനായ പാത പോലവേ
എന്തിനോ തേടി ഞാൻ
വേനൽ മെല്ലെ വന്നു പോയി
മഴയും ഇതിലെ വന്നു പോയി
പിന്നെ നിൻ മറുപടി കേൾക്കവേ
കാത്തുവച്ചതൊന്നു നീ കവർന്നു പോയ്"

പ്രണയത്തിന്റെ ഭംഗിയുള്ള വരികളിലും കാഴ്ചകളിലും അറിയാതെ മനസ്സ് കുതിർന്നു പോകും. വേനലുകളും മഴകളും കടന്നു പോയിട്ടും അവൾ കാത്തിരുന്നു... അവന്റെ ഓർമകളിൽ വിലോലമായി ചിലപ്പോഴൊക്കെ തേങ്ങിക്കൊണ്ടും ചിലപ്പോൾ മധുരതരമായ എത്രയോ നിമിഷങ്ങളെ ഓർമിച്ചു കൊണ്ടും അവളുടെ കാത്തിരിപ്പുകളിലേക്ക് ഒടുവിൽ അവൻ എത്തിച്ചേർന്നു. മഞ്ഞു വീണ പുലരിയിൽ ഉണരുമ്പോഴും അവന്റെ നെഞ്ചിടിപ്പിനുള്ളിലെ സ്നേഹത്തെ ഒതുക്കി വച്ചത് എത്രയാഴത്തിലറിയാനുള്ള മോഹം...
പാതി മാത്രം വിടർന്ന മനോഹരിയായ പൂവിനെ പോലെ പ്രണയാതുരമായ അവന്റെ പാതി മുറിഞ്ഞ വാക്കുകളെ അവൾ പൂരിപ്പിച്ചെടുത്തിരുന്നു...
അല്ലെങ്കിലും മുറിവു പറ്റിയ വാക്കുകൾക്കുള്ളിലായിരുന്നുവല്ലോ അവൻ അവന്റെ പ്രണയത്തെ ഒളിപ്പിച്ചു വച്ചിരുന്നത്, ഒരുപക്ഷേ അവൾ പോലുമറിയാത്തത്ര ആഴത്തിൽ അതവനിലുണ്ടായിരുന്നിരിക്കണം !

"പൊന്നണിഞ്ഞ പോക്കുവെയിലിലാടി നിന്നു ഞാൻ
നിന്റെ പുഞ്ചിരിക്കു മീതെ വന്ന തുമ്പിയായ്
കാറ്റു വന്നുവോ മുടിച്ചാർത്തുലഞ്ഞുവോ
രാത്രിമുല്ല തൻ മണമോർത്തിരുന്നു ഞാൻ
രാവിനിന്നൊരോർമ്മകൊണ്ടു മാല ചാർത്തുവാൻ
തിങ്കളോ വന്നു പോയ്......"

പോക്കുവെയിലിന്റെ സ്വർണവർണങ്ങളിൽ അവളാടി നിന്നത് ഒരുപക്ഷേ അവന്റെ പുഞ്ചിരിയുടെ തുമ്പികൾ വെയിൽപ്പരപ്പിൽ അവളോടൊട്ടി നിൽക്കുമെന്ന് മോഹിച്ചാവണം... ഓരോ കാറ്റിലും മുടിയുലയുമ്പോൾ രാത്രിയിൽ മാത്രം വിടരുന്ന പ്രിയപ്പെട്ട പൂവിന്റെ പേര് അവളോർത്തത് എന്തിനാവണം? രാത്രിക്കും ഗന്ധത്തിനും പ്രണയത്തിനോടും അതിന്റേതായ വൈകാരികതകളോടും അത്രയ്ക്കും ഒട്ടിയല്ലാതെ നിൽക്കാനാകില്ല. നേർത്ത, കാണാൻ കഴിയാത്ത മാലയുടെ പതക്കം പോലെ തിങ്കൾ വന്നു നോക്കി നിൽക്കുമ്പോൾ അതുപോലെയൊരു ഓർമയെരിയുന്നുണ്ടാവില്ലേ അവളുടെ മനസ്സിൽ?...

പ്രണയസാന്ദ്രമായ വരികളും കാഴ്ചകളും പഴയ റഹ്‌മാൻ പ്രഭാവവും മറുപടിയിലെ ഗാനത്തെ ഇമ്പമേറിയതാക്കുന്നു. പുതിയ സിനിമാ പാട്ടുകളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഈ റഫീക്ക് അഹമ്മദ് പാട്ടും.