നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...

വചനമെന്ന ചിത്രത്തിൽ സിത്താര, സുരേഷ് ഗോപി, ജയറാം എന്നിവര്‍

കേട്ടുകഴിയുമ്പോൾ മഴപെയ്തു തോർന്ന സുഖമുണ്ട് ഈ ഗാനത്തിന്. അർഥങ്ങൾ നിറഞ്ഞ് തുളുമ്പുന്ന അഗാധമായ മൗനമാണ് അതിലുള്ളത്. ഈണവും വരികളും ശബ്ദവും അത്രമേൽ പുണർന്നുണരുന്ന സുന്ദരഗാനമാകുന്നു നീർമിഴിപ്പീലി... മോഹൻ സിത്താരയുടെ സംഗീതത്തിൽ സാന്ത്വനത്തിന്റെ താളമായാണ് ഗാനം ആരംഭിക്കുന്നത്. ഒഎൻവിയുടെ വരികളിലെ ലാളിത്യം മനസ്സിൽ വിങ്ങലായി തങ്ങി നിൽക്കും. സാന്ത്വനമായി അടുത്തിരിക്കുമ്പോഴും വാക്കുകൾ കൈമാറാതെ തന്നെ അവർ അവരുടെ ഉള്ളിലെ സ്നേഹപ്രവാഹത്തെ അറിയുകയായിരുന്നു, ഉൾപൂവിന്റെ തുടിപ്പുകൾ അറിയുകയായിരുന്നു. മൗനവും ഒരു കവിതയാണെന്ന് അറിയാതെയറിയുന്നു കേൾവിക്കാരൻ. 

വേദനിക്കുന്നവർക്ക് യേശുദാസ് അവിടെ പാട്ടു പാടുകയാണെന്ന് തോന്നുകയില്ല. താരാട്ടിന്റെ മാന്ത്രികസ്പർശം. 1989ലാണ് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വചനം പുറത്തിറങ്ങുന്നത്. പതിവുപോലെ മനോഹരമായൊരു ഗാനത്തിന്റെ പൂച്ചെണ്ടും അദ്ദേഹം ചിത്രത്തിലൊരുക്കിയിരുന്നു. അന്നും ഇന്നും എന്നും നെഞ്ചോട് ചേർത്തുവയ്ക്കാൻ പാകത്തിന് ഒരു പാട്ട്. സുരേഷ് ഗോപി, ജയറാം, സിത്താര എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.

 

ആ ഗാനം

 

ചിത്രം  : വചനം

 

സംഗീതം : മോഹൻ സിത്താര

 

രചന : ഒഎൻവി

 

ആലാപനം: യേശുദാസ്

 

നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്നരികില്‍ നിന്നൂ ..

 

കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..

 

നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ .. 

 

(നീള്‍മിഴിപ്പീലിയില്‍)

 

 

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ.. 

 

ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..

 

മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ ഞാനിരുന്നൂ..

 

(നീള്‍മിഴിപ്പീലിയില്‍)

 

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..

 

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ..

 

നാമറിയാതെ നാം കൈമാറിയില്ലെത്ര  മോഹങ്ങള്‍..നൊമ്പരങ്ങൾ.. 

 

(നീള്‍മിഴിപ്പീലിയില്‍)