Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലാമലരേ നിലാമലരേ....

nilamalare-nilamalare

കടൽക്കരയിലൂടെ അവനൊപ്പം നടക്കുമ്പോൾ പെട്ടെന്ന് കാലിനെ ചുംബിച്ചു കടന്നു പോയ ഒരു തിര പാട്ടു പാടുന്നത് അവൾ കേട്ടു. പ്രണയത്തിന്റെ തിളക്കത്തെ കുറിച്ചാണ് വരികൾ... ഡയമണ്ടിനേക്കാൾ തിളക്കമുള്ള പ്രണയത്തിന്റെ മിനുപ്പുകൾ. വെളിച്ചം കെടുമ്പോൾ പോലും ഉള്ളിലെ പ്രണയത്തിന്റെ തിളക്കം പൊന്തി വരുന്നു, മനസ്സിനെയും ശരീരത്തെയും നിറയ്ക്കുന്നു. സ്പോഞ്ചിനുള്ളിലേയ്ക്ക് കിനിഞ്ഞു കയറുന്ന ജലകണങ്ങൾ പോലെ ശരീരവും മനസ്സും തുളച്ച് കയറിപ്പോകുന്ന സംഗീതം..

"നിലാ മലരേ നിലാ മലരേ
പ്രഭാ കിരണൻ വരാറായീ………..
സുഗന്ധം മായല്ലേ
മരന്ദം തീരല്ലേ 
കെടാതെൻ നാളമേ, നാളമേ… ആടൂ നീ"

ഒരിക്കലും കെടാതെ ഒരു ഡയമണ്ടിന്റെ പ്രകാശം പോലെ അവൾക്കെന്നും അയാളോടൊപ്പം ഇരിക്കാനായിരുന്നു കൊതി. വിലമതിക്കാനാകാത്ത ആ തിളക്കം അവനു നൽകിയാണെങ്കിൽ പോലും അവന്റെ പ്രണയത്തിനായാണവൾ കൊതിച്ചതും. സുഗന്ധവും തേനും തീരാതെ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അവളാകുന്ന പൂവിനെ അവനെന്നാണ് സ്നേഹിച്ചു തുടങ്ങിയത്?
റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എപ്പോഴുമുണ്ട് ചാരുത. 

"മണലിലൊരു വരി......എഴുതുമൊ ഇനീ
ഒരു ജലകണം പകരുമൊ ഇനീ
ഒരു നറുമൊഴി…. അതു മതിയിനീ
ഈറൻ കാറ്റിൽ പാറി …… ജീവൊന്മാദം ചൂടി
പോരു പൂവിതളെ"

പ്രകാശത്തിന്റെ കതിരുകളിൽ തട്ടി റഫീക്ക് അഹമ്മദിന്റെ വരികൾ ചിതറിത്തെറിച്ചു പോകുന്നത് കേൾവിയുടെ അനുഭൂതികളുടെ ആഴങ്ങളിലേക്കാണ് . കർണാടക സംഗീത ലോകത്ത് ഏറെ പരിചിതനായിരുന്ന  വരാഹസിംഹ മൂർത്തിയുടെ ചെറുമകൻ വിദ്യാസാഗറിന് സംഗീതം ഒരു വലിയ ബുദ്ധിമുട്ടായിരുന്നില്ല. നെഞ്ചിൽ കൊളുത്തുവീഴുന്ന എത്രയോ ഗാനങ്ങൾ ചെയ്തിരിക്കുന്നു, അതിൽ എടുത്തു പറയാൻ കഴിയുന്ന ഒന്ന് തന്നെയാണ് "ഡയമണ്ട് നെക്‌ലേസ്" എന്ന ചിത്രത്തിൽ നിവാസ്(ശ്രീനിവാസൻ രഘുനാഥൻ)പാടിയ ഈ പാട്ട്. 

"നിമിഷ ശലഭമേ വരൂ വരൂ വരൂ …….
നിമിഷ ശലഭമേ…… മധു നുകരൂ ഇനീ……..
ഉദയ കിരണമേ…..കനകമണിയൂ നീ
ജനലഴികളിൽ കുറുകുമോ കിളീ
ഒഴുകുമോ നദി….. മരുവിലുമിനി…….
ഏതോ തെന്നൽ തേരിൽ….. മാരിപ്പൂവും ചൂടി…….
പോരു കാർമുകിലേ"

പ്രണയത്തിനു എന്ത് മാജിക്കാണ് ചെയ്യാൻ കഴിയാത്തത്! ഒരു മേശയുടെ അപ്പുറവും ഇപ്പുറവുമിരുന്നു അത്രനാൾ സൂക്ഷിച്ചിരുന്ന തിളങ്ങുന്ന കല്ലുകളുള്ള ഡയമണ്ട് അവനു സമ്മാനിക്കുമ്പോൾ അവളൊന്നെ ആഗ്രഹിച്ചുള്ളൂ, അവന്റെ വിരലുകൾക്കിടയിൽ തന്റെ വിരലുകൾ കൊരുത്ത് എപ്പോഴും അങ്ങനെ തന്നെ നിലനിൽക്കണം. അസുഖങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും ലോകത്തിൽ നിന്നു ഇടയ്ക്കൊക്കെ ഇങ്ങനെ പ്രണയത്താൽ അപ്രത്യക്ഷയാകണം. പിന്നെയൊരു മാരിപ്പൂവിന്റെ മണവും പേറി കാർമുകിൽ കൈ പിടിച്ച് ഒരു മഴയിൽ വന്നിറങ്ങണം. ഒരുപാട് വലിയ മോഹങ്ങളൊന്നും ഉണ്ടായിരുന്നതേയില്ല... മരണം ഏതു നേരവും വന്നു തൊടുമെന്നു തോന്നിയിട്ടും വിട്ടു പോരാൻ കഴിയാത്തൊരു ഉന്മാദത്തിൽ അവൾക്ക് പാറണമായിരുന്നു... അവനൊപ്പം...
അടുത്തുള്ളൊരാൾ വിട്ടു പോകാതെയിരിക്കാൻ വിലപിടിച്ചതൊക്കെയും സമ്മാനിക്കുന്നത് ഭീതി കൊണ്ടാകുമോ? അതുകൊണ്ട് തന്നെയാവില്ലേ ആ ഡയമണ്ടിനൊപ്പം അവളെയും അവൾ അവനോടു ചേർത്ത് വച്ചത്? !

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.