നിലാവേ മായുമോ കിനാവും നോവുമായ്

ഒരു വസന്തം തന്നിട്ട് പിന്നീടൊരിക്കൽ ഒന്നും പറയാതങ്ങു മാഞ്ഞുപോകുക. പ്രണയം പലർക്കും ഇങ്ങനെയാണ്. അപ്പോഴും എന്നെങ്കിലുമൊരിക്കൽ കണ്ടുമുട്ടുമെന്ന പ്രതീക്ഷ ബാക്കിയുണ്ട്. ഒരു മാത്രയെങ്കിലും നോക്കാം ഒന്നു വർത്തമാനം പറയാം എന്ന ചിന്തയുണ്ട്. പക്ഷേ അകന്നുപോയവള്‍ നിനച്ചിരിക്കാതൊരിക്കൽ തിരികെ വന്ന് പ്രതീക്ഷ തന്നിട്ട് ഒരിക്കലും മടങ്ങിവരാത്തൊരു യാത്രയ്ക്കു പോയാലോ. 

ജീവിച്ചിരിക്കുന്നിടത്തോളം കാലം കുത്തി നോവിക്കും അതിന്റെ ഓർമ്മകൾ. നിസഹായത നിഴലിക്കുന്ന നിറഞ്ഞ മിഴികളുള്ള ഒരു ഛായാചിത്രം പോലെ അതു പിന്തുടരും. ഒരിക്കലും ശാന്തി തരാതെ...അതുകൊണ്ടാണ് നിലാവത്ത് പൊഴിഞ്ഞു വീഴുവാൻ മാത്രമായി നീ എന്തിനിതിലേ പറന്നുവന്നുവെന്ന്....എഴുതേണ്ടി വരുന്നതും. 

ഗിരീഷ് പുത്തഞ്ചേരി കുറിച്ച ഈ പാട്ട് പാടിത്തീരാതെ നിലാവത്ത് തളർന്നുവീണൊരു നിലാപക്ഷിയുടെ കഥ പോലെ നമ്മെ സങ്കടപ്പെടുത്തുന്നു. മിന്നാരം എന്ന സിനിമയിലെ ഈ ഗാനം പ്രണയ വിരഹത്തിന്റെ ഏറ്റവും സങ്കടകരമായൊരു ഭാവമാണ് മൂളിത്തന്നത്. എസ് പി വെങ്കിടേഷിന്റേതാണ് സംഗീതം. സിനിമയുടെ കഥാതന്തുവെന്തെന്ന് ഈ പാട്ടിൽ തന്നെയുണ്ട്. അതുകൊണ്ടാണ് ആ സിനിമയെ കുറിച്ചോർക്കുമ്പോൾ ഈ പാട്ടിങ്ങനെ മനസിന് അടിത്തട്ടിൽ നിന്ന് പതിയെ പതിയെ ഉയർന്നുവരുന്നതും.  എം ജി ശ്രീകുമാറാണ് പാട്ടു പാടിയത്. ആത്മസ്പർശമുള്ള ആലാപനം എന്ന വിശേഷണം തന്നെ ഈ പാട്ടിനും നല്‍കണം. ഈ പാട്ടിനെ കുറിച്ചോർക്കുമ്പോഴേ കണ്ണു നിറയുന്നതും മനസു നോവുന്നതും അതുകൊണ്ടാണ്.