പ്രഭാതം വിടരും പ്രദോഷം വിടരും..

ഗന്ധർവ്വനാദത്തിൽ എന്തു കേട്ടാലും മതിയാകാത്തവരാണ് മലയാളികൾ. ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് പാടിയ അതിമനോഹരമായ ഗാനമാണ് വെളുത്ത കത്രീന എന്ന ചിത്രത്തിലെ ‘പ്രഭാതം വിടരും പ്രദോഷം വിടരും..’. പ്രഭാതം പോലുള്ള വിഷയം അതും ആദ്യവരികളിൽ വരുമ്പോൾ മിക്ക സംഗീതസംവിധായകരും ആദ്യമെത്തുന്നത് ഭൂപാള രാഗത്തിലാണ്. എന്നാൽ ദേവരാജൻ മാഷ് ഈ ഗാനത്തിനു ‘രവിചന്ദ്രിക’ എന്ന രാഗമാണ് തിരഞ്ഞെടുത്തത്. ഈ രാഗത്തിൽ മറ്റൊരു മലയാളചലച്ചിത്രഗാനമുണ്ടോയെന്ന് സംശയമാണ്.

1968ൽ പുറത്തിറങ്ങിയ ചിത്രമാണ് ശശികുമാർ സംവിധാനം ചെയ്ത ‘വെളുത്ത കത്രീന’. ദർശനികത തോന്നുന്ന വരികൾ എഴുതിയത് ശ്രീകുമാരൻ തമ്പി. ദേവരാജനും ശ്രീകുമാരൻ തമ്പിയും ചേർന്നാൽ പിന്നെ ആ ഗാനം മലയാളസിനിമയിലെ നിത്യഹരിതഗാനങ്ങളുടെ പട്ടികയിൽ ചേരും. എഴു ഗാനങ്ങളെ കൂടാതെ രണ്ട് ബിറ്റ് ഗാനങ്ങളും ചിത്രത്തിലുണ്ട്. എ.എം രാജ പാടിയ ‘കാട്ടു ചമ്പകം പൂത്തുലയുമ്പോൾ..(എ.എം.രാജ), മകരം പോയിട്ടും..(പി.ജയചന്ദ്രൻ- പി.സുശീല), ഒന്നാം കണ്ടത്തിൽ..(പി.ബി.ശ്രീനിവാസ്), പനിനീർ കാറ്റിൻ താരാട്ടിൽ..(പി.സുശീല), പൂജാ പുഷ്പമേ… (യേശുദാസ്).. തുടങ്ങീ ചിത്രത്തിലെ മിക്ക പാട്ടുകളും ഹിറ്റുകളായിരുന്നു.

ചിത്രം: വെളുത്ത കത്രീന

ഗാനരചന: ശ്രീകുമാരൻ തമ്പി

സംഗീതം: ജി.ദേവരാജൻ

ആലാപനം: യേശുദാസ്

വരികൾ

പ്രഭാതം വിടരും പ്രദോഷം വിടരും

പ്രതീചി രണ്ടും കണ്ടു നിൽകും

ഉദയമില്ലാതില്ലാ അസ്തമനം

ഉണരു മനസ്സേ ഉണരു..

പ്രഭാതം വിടരും…)

മദഘോഷം മുഴക്കും മഴമേഘ ജാലം

മിഴിനീരായ് ഒടുവിൽ വീണൊഴിയും(2)

ഒരു നാളിൽ വളരും മറുനാളിൽ തളരും

ഒരോ ശക്തിയും മണ്ണിൽ

(പ്രഭാതം വിടരും…)

മണി വീണമീട്ടുന്ന മധുമാസ കാലം

മധുരവർണ്ണങ്ങൾ വരച്ചു ചേർക്കും(2)

ഒരു ഗ്രീഷ്മസ്വപ്നം സഫലമാകുമ്പോൾ

ഒരോ ചിത്രവും മാറും

(പ്രഭാതം വിടരും…)