തളിർവെറ്റിലയുണ്ടോ വര ദക്ഷിണ വയ്ക്കാം, പ്രാണനിൽ പരിമളം നിറച്ചതിന്!

അവളുടെ പരിണയ കഥ നിറഞ്ഞത് ഒരു പിടി അവിൽ പോലെയായിരുന്നത്രേ. ആ പ്രണയത്തിന്റെ വഴിത്താരകൾ സങ്കൽപ്പിച്ചെടുക്കാൻ നമുക്ക് മറ്റെന്തു വേണം. അവളുടെ പ്രണയത്തെ കുറിച്ച് മറ്റെന്തു പറയണം. പറഞ്ഞു വരുന്നത് ധ്രുവം എന്ന ചിത്രത്തിലെ തളിർ വെറ്റിലയുണ്ടോ എന്ന ഗാനത്തെ കുറിച്ചാണ്. ഷിബു ചക്രവർത്തിയുടെ വരികളിലൂടെ ആ ഗാനരംഗത്തിലെ നായികയുടെ ജീവിത കഥ ചെപ്പു തുറന്നെത്തുന്നുവെന്നതാണ് പാട്ടിന്റെ പ്രത്യേകത.

അവിൽ പൊതിയുമായി കുചേലൻ കണ്ണനെ കാണാൻ പോയ കഥയല്ലാതെ നമുക്ക് മറ്റൊരു അവിൽ കഥയില്ലല്ലോ. ധ്രുവത്തിലും നായിക നായകനടുത്തെത്തുന്നത് മറ്റൊരു കടം വീട്ടുന്നതിനാണ്. ഭയഭക്തി ബഹുമാനങ്ങളോടെ നിൽക്കുമ്പോൾ അവൾക്കൊരു ജീവിതം തന്നെയാണ് അയാൾ നൽകുന്നത്. കുചേലകഥയിലെ അവലിനെ പാട്ടെഴുത്തിന്റെ നേരത്ത് ഓർത്തെടുത്ത് നമുക്ക് മനോഹരമായൊരു ഗാനമാക്കി തന്ന ഷിബു ചക്രവർത്തിയോട് എത്രയാണ് നന്ദി പറയേണ്ടത്.

നാട്ടുകതിരിന്റെ മണമുള്ള താളത്തിലാണ് എസ്.പി.വെങ്കിടേഷ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിൽ ഉൽസവം വന്നുചേർന്നത് ശബ്ദത്തിലൂടെ നമുക്ക് അനുഭവേദ്യമാക്കിത്തന്നു കെ.എസ്.ചിത്രയുടേയും വേണുഗോപാലിന്റേയും ശബ്ദം. എസ്.പി. വെങ്കിടേഷ് തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവുമൊരുക്കിയത്. കറുക വയൽ കുരുവിയോട് കിന്നാരം ചൊല്ലി ഗാനരംഗത്ത് എത്തുന്നത് ഗൗതമിയാണ്.

എസ്.എൻ.സ്വാമിയുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു ധ്രുവം. 1993ലാണ് ചിത്രം പുറത്തിറങ്ങിയത്. മമ്മുട്ടി, ജയറാം, ജനാർദ്ദനൻ, വിക്രം, ടൈഗർ പ്രഭാകർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മന്ദതാളത്തിൽ നീങ്ങുന്ന ആക്ഷൻ ത്രില്ലർ എന്ന നിലയിൽ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

ചിത്രം : ധ്രുവം

സംഗീതം : എസ്. പി. വെങ്കിടേഷ്*

രചന : ഷിബു ചക്രവർത്തി

ആലാപനം : ചിത്ര, വേണുഗോപാൽ

ആ ഗാനം

ആ... ആ... ആ ......

തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം

കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ

കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ

തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)

ഓ..ഓ..ഓ.....

(കറുകവയല്‍ കുരുവീ ....)

നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്

ഒരു പിടി അവിലിന്‍ കഥ പോലിവളുടെ പരിണയ കഥ പറഞ്ഞു (2)

പറയാതറിഞ്ഞവര്‍ പരിഭവം പറഞ്ഞു ഓ...

(കറുകവയല്‍ കുരുവീ ....)

പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും

ഇളമാന്തളിരിന്‍ നറുപുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും (2)

അവനെന്റെ പ്രാണനില്‍ പരിമളം നിറയ്ക്കും ഓ..

(കറുകവയല്‍ കുരുവീ ....)