തളിരണിഞ്ഞൊരു കിളിമരത്തിലെ കണിമലരേ വാ...

ഏറ്റവും പ്രിയപ്പെട്ടൊരാളിനരികെയിരുന്നൊരു പാട്ടു മൂളുകയാണ്....പക്ഷേ പാടി പാതിവഴിയിൽ അതങ്ങു മറന്നുപോയാലോ....നാവിൻ തുമ്പത്ത് അടുത്ത വരിയുടെ ഈണംവന്നങ്ങു നിന്നിട്ടും പുറത്തേക്കൊഴുകാതെ പിണങ്ങി നിന്നാലോ...ചിന്തകളിലെവിടെയോ കിടന്ന് വരികൾ ഊഞ്ഞാലാടി കബളിപ്പിച്ചാലോ...എന്തോ ഒരു നോവു തോന്നും അല്ലേ? പക്ഷേ ആ പ്രിയപ്പെട്ടയാൾ ആ പാട്ടിന്റെ ബാക്കി മൂളിത്തന്നാലോ? എന്താവും തോന്നുക. 

ഒരായിരം നക്ഷത്രങ്ങൾക്കു നടുവിൽ നിന്ന് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച കാണുന്ന ഭംഗി നിറയും കണ്ണിണകളിൽ അന്നേരം. അതുപോലെയാണീ പാട്ട്...വെറുതെ ഒരു പാട്ടുപെട്ടി ചേർത്തുവച്ച് മീട്ടി അലസമായി പാടിയാൽ ഇത്രയും ഭംഗിയുണ്ടാകുമോ ഒരു പാട്ടിനെന്നു തോന്നിപ്പോകും ഈ ഗാനം കേട്ടാൽ.

തളിരണിഞ്ഞൊരു കിളിമരത്തിലെ

കണിമലരേ വാ...

ഗിരീഷ് പുത്തഞ്ചേരി എഴുതി എസ് പി വെങ്കിടേഷ് ഈണമിട്ട്  കെ.എസ്. ചിത്രയും എം ജിശ്രീകുമാറും ചേർന്നു പാടിയ ഗാനമാണിത്. കറുപ്പിൻ പശ്ചാത്തലത്തിലിരുന്ന് നിറഞ്ഞു പുഞ്ചിരിച്ച് ഗിത്താറിൽ വിരൽ ചേർത്ത് ശോഭന പാടുന്ന രംഗത്തിനു പോലും ഏഴഴകാണ്. ആ ചിരി കൂടി ഓർമവരും ഈ ഗാനം കാതോർക്കുമ്പോൾ. വെയിലുദിക്കുന്ന വഴിയരികത്ത് തണലൊരുക്കിയ വാകമരത്തിന്റ പൂവിൻ ചന്തമുള്ള പാട്ട്. അതിന്റെ തണലിലിരുന്നു പ്രണയ വഴികളിലേക്കു നടന്ന രണ്ടു ജീവാത്മാക്കളുടെ തീർത്തും കാൽപനികമായ ചിന്തകളുടെ കൂടാരത്തിൽ നിന്നു പുറത്തേക്കൊഴുകിയ ഈണം... 

വാടാമല്ലികൾ മാത്രമുള്ളൊരു താഴ്വാരത്തിരുന്നു മഞ്ഞു കണ്ടും പിന്നെ സായന്തനത്തിന്റെ നിഴലിനു മുന്നിലൂടെ, ഒറ്റയ്ക്കു പാറി കൂടുതേടുന്ന കുഞ്ഞിക്കിളിയിലേക്കു വിരൽചൂണ്ടിയുമിരിക്കുന്ന രണ്ടു പ്രണയാത്മക്കളെ മനസിൻ സങ്കൽപങ്ങളിലേക്കെത്തിക്കുന്ന പ്രണയഗീതം. പ്രണയത്തിന്റെ ചേർത്തുവയ്ക്കലിന്റെയും പങ്കുവയ്ക്കലിന്റെയും സുഖവും സ്നേഹവും അനുഭവിക്കുവാനാകും ഈ പാട്ടു കേട്ടാൽ. ഗിത്താറിന്റെ പ്രണയാര്‍ദ്ര ഭാവത്തിൽ തുടങ്ങി പളുങ്കു പാത്രങ്ങളുടെ ചിന്നിച്ചിതറൽ പോലുള്ള ഈണത്തിലേക്കു ഒഴുകി പോകുന്ന ഗീതം. മിന്നാരമെന്ന സിനിമയിലെ എല്ലാ ഗാനങ്ങളും അന്നും ഇന്നും മനസിലുണ്ട്. ഒരു സംഗീതോപകരണത്തിന്റെ ഉള്ളുതൊട്ട ഏതൊരാളും മീട്ടുവാൻ കൊതിക്കുന്നൊരീണമായും മനസിൻ പാട്ടുപെട്ടിയിലെ ഒന്നാം ഈണമായിക്കൊണ്ടുമെല്ലാം.