പ്രണയാമൃതമാണ് ഈ പാട്ടിൽ നിറയെ!

അനശ്വരം എന്ന ചിത്രത്തിൽ ശ്വേത മേനോനും മമ്മൂട്ടിയും, ചിത്രത്തിലെ ഗാനമാലപിച്ച എസ് പി ബാലസുബ്രഹ്മണ്യവും കെ എസ് ചിത്രയും

പ്രണയിക്കുമ്പോൾ മണ്ണും വിണ്ണും മതിമറക്കുന്നത് സാധാരണമാണ്. എവിടെ നോക്കിയാലും കാണുന്നത് പ്രണയിനിയുടെ മുഖമാണ്, അവളുടെ മന്ദഹാസമാണ്. ആ പ്രണയമഴയിൽ എത്ര നനഞ്ഞ് കുതിർന്നാലും മതിവരില്ല. അതുപോലെയാണ് ഈ പാട്ടും. പ്രേമാമൃതമാണ് ഇതിൽ പെയ്യുന്നത്. അനശ്വരഗാന പട്ടികയിലേക്ക് എളുപ്പം കയറിക്കൂടിയ ഗാനമാണ് താരാപഥം. അതുല്യപ്രതിഭകൾ കൈകോർത്തപ്പോൾ മലയാളത്തിന് ലഭിച്ചത് ഹൃദ്യമായ ഒരു ഗാനം.

ഇളയരാജയുടെ സംഗീതം അല്ലെങ്കിലും അങ്ങനെയാണ്, നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാനുള്ള കഴിവ് അതിനുണ്ട്. എസ്പി ബാലസുബ്രമണ്യത്തിന്റെയും കെ. എസ്. ചിത്രയുടെയും ശബ്ദം കൂടി ചേരുമ്പോൾ പറയണോ അതിന്റെ മൂല്യം. ഒരു പാട്ട് അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ വരികൾ കൂടി മികച്ചതാവണം. പി. കെ. ഗോപിയുടെ വരികൾ ഹൃദയവീണകളിൽ ഉണർത്തിയത് മനോഹരമായ ഒരു പ്രേമ കാവ്യം തന്നെയായിരുന്നു. അതിൽ അലിഞ്ഞ് ചേരുന്നു കേൾവിക്കാരൻ.

1991ലാണ് ജോമോൻ സംവിധാനം ചെയ്ത അനശ്വരം പുറത്തിറങ്ങുന്നത്. മമ്മൂട്ടിയും ശ്വേതാമേനോൻ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ വിജയമല്ലായിരുന്നുവെങ്കിലും ഈ ഗാനം വൻവിജയമായിരുന്നു. ശ്വേതാ മേനോന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ആ ഗാനം

ചിത്രം : അനശ്വരം

സംഗീതം : ഇളയരാജ

രചന : പി.കെ. ഗോപി

ആലാപനം: എസ്പി ബാലസുബ്രമണ്യം, കെ. എസ്. ചിത്ര

താരാപഥം ചേതോഹരം പ്രേമാമ്രിതം പെയ്യുന്നിതാ

നവമേഘമേ കുളിര്‍ കൊണ്ടുവാ ...

ഒരു ചെങ്കുറിഞ്ഞി പൂവില്‍

മൃദു ചുംബനങ്ങള്‍ നല്കാന്‍

(താരാപഥം ... )

സുഖതമീ വാനില്‍ ലലല ലലല

പ്രണയ ശലഭങ്ങള്‍ ലലല ലല്ലല്ല

അണയുമോ രാഗധൂതുമായ് (2)

സ്വര്‍ണ ദീപ ശോഭയില്‍ എന്നെ ഓർമ പുല്കവേ

മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍

(താരാപഥം ... )

സഫലമീ നേരം ലലല ലലല

ഹൃധയവീനകളില്‍ ലലല ലല്ലല്ല

ഉണരുമോ പ്രേമ കാവ്യമേ (2)

വരണ മോഹ ശയ്യയില്‍ വന്ന ദേവ കന്യകേ

വിണ്ണിലാകെ നിന്റെ നെഞ്ചു പാടും ഗാനം കേട്ടു ഞാന്‍

(താരാപഥം ... )