Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1850 തടവുകാർക്കു ശിക്ഷാ ഇളവ്; ഗവർണർ ഫയൽ മടക്കി

governor-p-sathasivam

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് 1850 തടവുകാരെ ശിക്ഷാ ഇളവു നൽകി വിട്ടയക്കാനുള്ള ഫയൽ ഗവർണർ പി.സദാശിവം മടക്കി. ബലാൽസംഗം, ലഹരിമരുന്ന്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം എന്നീ കേസുകളിലും കൊലപാതകത്തിലും ഉൾപ്പെട്ടവർ അടക്കമുള്ളവരെയാണു മോചിപ്പിക്കാൻ സർക്കാർ ശുപാർശ നൽകിയത്.

എന്നാൽ ഇതിൽ പലരും സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡത്തിൽപ്പെടുന്നവരല്ലെന്നു കണ്ടെത്തിയാണു ഗവർണർ ആവശ്യം നിരസിച്ചത്. വിവാദ പട്ടികയിലെ പ്രതികളെ കോടതി ശിക്ഷിച്ചതിന്റെ ഉത്തരവു നൽകാനും ഗവർണർ നിർദേശിച്ചിട്ടുണ്ട്. നിയമ സെക്രട്ടറി പോലും കാണാതെയാണ് ഇതു സംബന്ധിച്ച ഫയൽ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിൽ വന്നത്.

മന്ത്രിസഭാ യോഗത്തിൽ ഇതേക്കുറിച്ചു ചർച്ചപോലും നടന്നില്ല. ശിക്ഷാ ഇളവു നൽകേണ്ട തടവുകാരുടെ പട്ടിക നേരത്തേതന്നെ സെൻട്രൽ ജയിൽ സൂപ്രണ്ടുമാരിൽനിന്നു ജയിൽ മേധാവി ശേഖരിച്ചിരുന്നു.

തുടർന്ന് ആഭ്യന്തര വകുപ്പിലെ അഡീഷനൽ സെക്രട്ടറി, നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറി, ജയിൽ ഡിഐജി ബി.പ്രദീപ് എന്നിവരടങ്ങിയ സമിതി ഇതു പരിശോധിച്ചു സർക്കാരിനു നൽകി. പത്തിനം കേസുകളിൽപ്പെടുന്നവർക്കു ശിക്ഷായിളവു നൽകാൻ പാടില്ലെന്ന സുപ്രീംകോടതി നിർദേശം കുറെ പ്രതികളുടെ കാര്യത്തിൽ സമിതി ലംഘിച്ചു. സിപിഎം അനുഭാവികളായ ചില തടവുകാരെ പട്ടികയിൽ ഉൾപ്പെടുത്താൻവേണ്ടിയാണ് ഇതു ചെയ്തതെന്നു പറയപ്പെടുന്നു.

അഞ്ചുവർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷിക്കപ്പെട്ടവരെയാണു ശിക്ഷാ ഇളവിനു ശുപാർശ ചെയ്തത്. എന്നാൽ ഇത്രയും വലിയ പട്ടിക കണ്ടപ്പോൾത്തന്നെ ഗവർണർ പ്രാഥമിക പരിശോധന നടത്തി. അപ്പോഴാണു പട്ടികയിൽ അനർഹർ ഏറെയുണ്ടെന്നു കണ്ടെത്തിയത്. ഒരു മാസമെടുത്താണ് ഇതു വിശദ പരിശോധനയ്ക്കു വിധേയമാക്കിയത്. തുടർന്നാണു പട്ടികയിൽ വിശദീകരണം തേടി 15നു ഫയൽ മടക്കിയത്.

ആഭ്യന്തര വകുപ്പ് ഇതു ജയിൽ മേധാവിക്കു കൈമാറി പട്ടിക പുനഃപരിശോധിക്കാനാണു സാധ്യത. ജയിൽ ഉദ്യോഗസ്ഥർ പ്രത്യേക സൗകര്യം ചെയ്തു കൊടുക്കുന്ന വിവാദ വനിതാ തടവുകാരിയെയും ശിക്ഷാ ഇളവിനു സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇത്രയധികം പേർക്ക് ഒരുമിച്ചു ശിക്ഷാ ഇളവു നൽകാൻ ശുപാർശ ചെയ്തതും ആദ്യമായാണ്.

ഇതിനു മുൻപു 2011ലും 2012ലും സംസ്ഥാന സർക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ചു തടവുകാരെ കൂട്ടത്തോടെ വിട്ടയച്ചിരുന്നു. അനർഹർ പട്ടികയിൽ കടന്നുകൂടിയതോടെ 80 വയസ്സു കഴിഞ്ഞ തടവുകാരെ വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തിനും തിരിച്ചടിയായി. ഇത്തരത്തിൽ 20 തടവുകാരാണു സെൻട്രൽ ജയിലുകളിൽ ഉള്ളത്.

Your Rating: