അക്ഷരത്തിരയടങ്ങി; സാഹിത്യോത്സവം സമാപിച്ചു; മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മലയാള മനോരമയ്ക്ക്

കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ സമാപന സമ്മേളനം കോഴിക്കോട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. വിനോദ് നമ്പ്യാർ, അജിത് നായർ, രവി ‍‍‍ഡിസി, എ.കെ. അബ്ദുൽ ഹക്കിം, തോമസ് മാത്യു, എ. പ്രദീപ്കുമാർ എംഎൽഎ, കെ.സച്ചിദാനന്ദൻ, യു.വി. ജോസ് തുടങ്ങിയവർ സമീപം.

കോഴിക്കോട് ∙ നാലുനാൾ സർഗവസന്തം വിരിയിച്ച കേരള സാഹിത്യോൽസവത്തിനു തിരശ്ശീല വീണു. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയത എന്ന വാക്കിനെ ഉയർത്തിപ്പിടിച്ചു തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ എതിർക്കുന്ന ഫാഷിസ്റ്റുകളുടെ ഇക്കാലത്ത് സാഹിത്യോൽസവങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നു മന്ത്രി അഭിപ്രായപ്പെട്ടു. എ.പ്രദീപ്കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.

മന്ത്രി എ.കെ. ശശീന്ദ്രൻ അവാർഡുകൾ സമ്മാനിച്ചു. കോർപറേഷൻ കൗൺസിലർ തോമസ് മാത്യു, ടൂറിസം ഡയറക്ടർ യു.വി. ജോസ്, എ.കെ. അബ്ദുല്‍ ഹക്കീം, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ചന്ദ്രൻ, വിനോദ് നമ്പ്യാർ, മുഹമ്മദ് ബഷീർ, രവി ഡിസി, കെ. സച്ചിദാനന്ദൻ എന്നിവർ പ്രസംഗിച്ചു.

സാഹിത്യോൽസവത്തിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മലയാള മനോരമ നേടി. സംസ്ഥാന സർക്കാർ, സംസ്ഥാന ടൂറിസം വകുപ്പ്, കോഴിക്കോട് കോർപറേഷൻ, ഡിസി കിഴക്കെമുറി ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വിശ്വസാഹിത്യം മുതൽ തത്ത്വചിന്ത വരെ ചർച്ചയായ വേദിയിൽ മുന്നൂറിലേറെ എഴുത്തുകാരാണ് പങ്കെടുത്തത്.