Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി: ഓൺലൈൻ പരീക്ഷ വേണമെന്ന ഹർജി തള്ളി

psc.

കൊച്ചി ∙ പബ്ലിക് സർവീസ് കമ്മിഷന്റെ എൽഡി ക്ല‍ർക്ക് പരീക്ഷയ്ക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഉദ്യോഗാർഥികളായെത്തുന്ന 18 ലക്ഷത്തിലേറെ പേർക്ക് ഓൺലൈൻ പരീക്ഷയ്ക്കു സൗകര്യമൊരുക്കുക അസാധ്യമാണെന്നു പിഎസ്‌സി അറിയിച്ച സാഹചര്യത്തിലാണു നടപടി.

ഇത്തരം കാര്യങ്ങൾ പിഎസ്‌സിയിലെ വിദഗ്ധരുടെ തീരുമാനത്തിനു വിടുന്നതാണു നല്ലതെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഒഎംആർ അടിസ്ഥാനത്തിലുള്ള പരീക്ഷയ്ക്കു പകരം ഓൺലൈൻ പരീക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി സ്വദേശി രാജൻ പി. തൊടിയൂർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണു കോടതി പരിഗണിച്ചത്.

ഒഎംആർ പരീക്ഷയിൽ നാലു ശതമാനം വരെ പിഴവിനു സാധ്യതയുണ്ടെന്നും ഓൺലൈൻ പരീക്ഷയാണെങ്കിൽ ഒരു ശതമാനത്തിൽ താഴെയേ പിഴവുണ്ടാകൂ എന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. എൽഡിസി പോലെയുള്ള പരീക്ഷകൾക്ക് 18 ലക്ഷം അപേക്ഷകരുണ്ടെന്ന് പിഎസ്‌സി അറിയിച്ചു.

ഇത്രയും പേർക്ക് ഓൺലൈൻ പരീക്ഷ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാരിനില്ലാത്തതിനാൽ അത് അസാധ്യമാണെന്നും വിശദീകരിച്ചു. ഇത്തരം വിവാദങ്ങളിൽ കോടതി ഇടപെടേണ്ട കാര്യമില്ലെന്നു പറഞ്ഞു ഡിവിഷൻ ബെഞ്ച് ഹർജി തള്ളി.