Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യ സുരക്ഷ: റേഷൻ ചോർച്ച അവസാനിക്കും; മിച്ചം വരും

LP-RATION-SHOP-4-col-B&W

തിരുവനന്തപുരം∙ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്തു പൂർണമായി നടപ്പാക്കുമ്പോൾ നിലവിൽ വിതരണം ചെയ്യുന്ന റേഷൻ സാധനങ്ങളുടെ അളവിൽ 40% വരെ കുറവു വരുമെന്നു നിഗമനം. റേഷൻ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും കർശന വ്യവസ്ഥകൾ വരുന്നതോടെ ഇപ്പോഴുള്ള ചോർച്ച അവസാനിക്കും. അങ്ങനെയാണു 40% ഭക്ഷ്യധാന്യം മിച്ചം വരിക.

പക്ഷേ ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയോ വിൽക്കാത്തവ തിരിച്ചേൽപിക്കുകയോ ചെയ്താൽ അവർ സംസ്ഥാനത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കും. അതിനാൽ, മിച്ചം വരാനിടയുള്ള ഭക്ഷ്യധാനം അഗതി മന്ദിരങ്ങൾക്കും സബ്സിഡി നിരക്കിൽ ഭക്ഷണം നൽകുന്ന അന്നപൂർണ ഹോട്ടലുകൾക്കും നൽകാനുള്ള ആലോചനയിലാണു സർക്കാർ.

ഇപ്പോൾ മാസം 1.18 ലക്ഷം ടൺ ഭക്ഷ്യധാന്യമാണു കേന്ദ്രം നൽകുന്നത്– 80% അരിയും 20% ഗോതമ്പും. നിലവിൽ ഏഴു ജില്ലകളിലെ റേഷൻ കടകൾക്കു സർക്കാർ ചെലവിൽ (വാതിൽപടി) റേഷൻ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ട്. ജൂൺ ഒന്നു മുതൽ ബാക്കി ജില്ലകളിലും ഈ സംവിധാനം വരും.

വാതിൽപടി വിതരണം നടക്കുന്ന ജില്ലകളിൽ റേഷൻസാധന വിൽപന 30% കുറഞ്ഞിട്ടുണ്ട്. മുമ്പ് റേഷൻ കട ഉടമ മൊത്തവിതരണ കേന്ദ്രത്തിൽനിന്നു നേരിട്ടു ഭക്ഷ്യസാധനങ്ങൾ എടുക്കുകയായിരുന്നു. റേഷൻ സാധനങ്ങൾ തേടി വരുന്നവരുടെ കണക്ക് അറിയാവുന്ന ഉടമ അത്രയും സാധനങ്ങൾ കടയിലേക്കു കൊണ്ടുപോകുകയും ബാക്കിയുള്ളതു മൊത്ത വിതരണകേന്ദ്രത്തിൽ വച്ചുതന്നെ മറിച്ചുവിൽക്കുകയുമാണെന്നും ആക്ഷേപമുണ്ടായിരുന്നു. വാതിൽപടി വിതരണം വന്നതോടെ അതു നടക്കുന്നില്ല.

ഇതര സംസ്ഥാന തൊഴിലാളികൾക്കും മറ്റും ഇപ്പോൾ റേഷൻ കടയിൽനിന്നു വിപണി വിലയ്ക്കു വിൽക്കുന്നുണ്ട്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ മെഷീൻ വന്നാൽ ഇതും നടക്കില്ല. കാർഡ് ഉടമയോ അയാൾ ചുമതലപ്പെടുത്തുന്നയാളോ വിരൽ പതിപ്പിച്ച് (ബയോമെട്രിക്) റേഷൻ സാധനങ്ങൾ വാങ്ങണം.

ഭക്ഷ്യസുരക്ഷ നടപ്പാക്കൽ വിഭാഗത്തിന് ഓരോ കാർഡ് ഉടമയും വാങ്ങുന്ന സാധനങ്ങളുടെ കണക്ക് അപ്പപ്പോൾ ലഭിക്കും. മൂന്നു മാസത്തിനകം മെഷീനുകൾ കടകളിൽ എത്തിക്കാനാണു തീരുമാനം. നേരത്തേ 82 ലക്ഷം കാർഡ് ഉടമകൾ ഉണ്ടായിരുന്നു. പുതുക്കാൻ അപേക്ഷിച്ചത് 80 ലക്ഷം. പുതിയ കാർഡിന്റെ ആധാർ അധിഷ്ഠിത പരിശോധന 90% പൂർത്തിയായി.

കാർഡിലെ മറ്റ് അംഗങ്ങളുടെ പരിശോധന 77 ശതമാനവും. അതിനുശേഷം ഡീ ഡ്യൂപ്ലിക്കേഷൻ സംവിധാനത്തിലൂടെ വ്യാജ കാർഡുകൾ കണ്ടെത്തും. ഇതു കഴിയുന്നതോടെ കാർഡ് ഉടമകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും.