Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരൾ, വൃക്ക രോഗികൾക്ക് 559 കോടി രൂപയുടെ സഹായ പദ്ധതിയുമായി ഓർത്തഡോക്സ് സഭ

heart

കോട്ടയം∙ കരൾ മാറ്റിവയ്ക്കൽ, വൃക്ക രോഗികൾക്കു ഡയാലിസിസ് എന്നിവയ്ക്കു സഹായം നൽകാൻ മലങ്കര ഓർത്തഡോക്സ് സഭ ‘സഹായഹസ്തം’ എന്ന പദ്ധതി ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന സഭാ മാനേജിങ് കമ്മിറ്റി പാസാക്കിയ 559 കോടി രൂപയുടെ ബജറ്റിലാണു നിർദേശം.

അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനാണ് ബജറ്റ് അവതരിപ്പിച്ചത്. നിർധനരായ കാൻസർ രോഗികൾക്കുള്ള സ്നേഹസ്പർശം പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തി. പഴയസെമിനാരി നാലുകെട്ടിന്റെയും ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിന്റെയും പുനരുദ്ധാരണം, സഭാകവി സി.പി. ചാണ്ടി അനുസ്മരണം എന്നിവയ്ക്കായും തുക വകയിരുത്തി.

വൈദികർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലമാക്കി. വിദ്യാഭ്യാസം, ചികിൽസ, ഭവനനിർമാണം, വിവാഹ സഹായം തുടങ്ങിയ പദ്ധതികൾക്കു കൂടുതൽ തുക വകയിരുത്തി.

ലോകസമാധാനത്തിനും മാനവ ഐക്യത്തിനും കുടുംബങ്ങളെ ലഹരി വിമുക്തമാക്കുന്നതിനും വേണ്ടി സഭ പ്രവർത്തിക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

ഡോ. സഖറിയാസ് മാർ അപ്രേം ധ്യാനം നയിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അൽമായ ട്രസ്റ്റി ജോർജ് പോൾ എന്നിവർ പ്രസംഗിച്ചു. മുൻ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. എൻ.എം. മത്തായി, കെ.എം. തോമസ് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു.

നിയമന അംഗീകാരവും അർഹതപ്പെട്ട വേതനവും ലഭിക്കാതെ കഷ്ടത അനുഭവിക്കുന്ന അധ്യാപകരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.