Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ, എൻജിനീയറിങ് ഓപ്ഷൻ റജിസ്ട്രേഷൻ വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം ∙ മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്ക് ഓപ്ഷൻ റജിസ്ട്രേഷനുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. വിദ്യാ‍ർഥികൾക്ക് ഇന്നു വൈകിട്ടോടെ ഓപ്ഷൻ നൽകാൻ സാധിക്കും. 

സർക്കാരുമായി ഒപ്പുവച്ച കരാറിലുള്ളതിനെക്കാൾ കുറഞ്ഞ ഫീസിൽ പഠിപ്പിക്കാൻ തയാറുള്ള അൻപതിലേറെ സ്വാശ്രയ എൻജിനീയറിങ് കോളജുകൾ അക്കാര്യം പ്രവേശന പരീക്ഷാ കമ്മിഷണറെ ഓൺലൈനായി അറിയിച്ചിട്ടുണ്ട്. ഓരോ കോളജിലെയും ഫീസ് വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതിൽനിന്നു താൽപര്യമുള്ള കോളജ് തിരഞ്ഞെടുക്കാം. 30ന് ആണ് ആദ്യ അലോട്മെന്റ്. 

പട്ടിക വിഭാഗക്കാരുടെ സംവരണ ആനുകൂല്യത്തിന് അർഹതയുള്ള നാനൂറ്റൻപതോളം വിദ്യാർഥികളുടെ യോഗ്യത സംബന്ധിച്ച ഹിയറിങ് ഇന്നലെ നടത്തേണ്ടി വന്നതിനാലാണു വിജ്ഞാപനം ഇന്നത്തേക്കു മാറ്റിയത്. പ്രവേശന പരീക്ഷാ കമ്മിഷണർ പി.കെ.സുധീർബാബു മുഴുവൻ വിദ്യാർഥികളുടെയും രേഖകൾ പരിശോധിച്ചു തീരുമാനമെടുക്കുകയായിരുന്നു. 

ഇവരിൽ യോഗ്യതയുള്ളവർക്കു പട്ടികവിഭാഗത്തിനുള്ള ഓപ്ഷൻ റജിസ്ട്രേഷനിൽ പങ്കെടുക്കാം. എൻജിനീയറിങ് റാങ്ക് പട്ടികയിൽ കഴിഞ്ഞവർഷത്തെ അത്രയും വിദ്യാർഥികൾ ഇല്ലാത്തതു വെല്ലുവിളിയാണെന്ന് സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റുകൾ പറയുന്നു. വിദ്യാർഥികളെ ലഭിച്ചില്ലെങ്കിൽ ബി.ടെക്ക് സീറ്റുകൾ ഒഴിഞ്ഞു കിടക്കുമെന്ന ആശങ്കയിലാണവർ.