Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വിദ്യാർഥി പോലും ഇല്ലാതെ 58 എൻജിനീയറിങ് ബാച്ചുകൾ

civil-engineering

തിരുവനന്തപുരം∙ സംസ്ഥാനത്ത് ആറ് എൻജിനീയറിങ് ബ്രാഞ്ചുകളിലായി 58 ബാച്ചുകളിലേക്ക് ഒരു വിദ്യാർഥി പോലും പ്രവേശനം നേടിയിട്ടില്ലെന്ന് സർക്കാർ. ഏറ്റവുമധികം ബാച്ചുകൾ ഒഴിഞ്ഞു കിടക്കുന്നത് ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ എൻജിനീയറിങ് കോഴിസിലാണ്, 15 ബാച്ചുകൾ. രണ്ടാം സ്ഥാനം ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങിലാണ്, 13 ബാച്ചുകൾ. ഏറെ ഡിമാൻഡുള്ള കംപ്യൂട്ടർ സയൻസ് ബ്രാഞ്ചിനു കീഴിൽ 9 ബാച്ചുകളും ഒഴിഞ്ഞു കിടപ്പുണ്ട്. മെക്കാനിക്കൽ, ഓട്ടമൊബീൽ, സിവിൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകൾക്ക് കീഴിലാണ് മറ്റുള്ള ആളില്ലാ ബാച്ചുകൾ.

മുൻ വർഷങ്ങളെ അപേക്ഷിച്ച് എൻജിനീയിറങ്ങിനു ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നതായി നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. എൻജിനീയറിങ് പ്രവേശനം പൂർത്തിയായപ്പോൾ 23645 സീറ്റുകൾ ഒഴിഞ്ഞുകിടന്നതായി മന്ത്രി കെ.ടി.ജലീൽ നിയസഭയെ അറിയിച്ചു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയത് കംപ്യൂട്ടർ സയൻസിലാണ്– 9444.

എൻജിനീയറിങ് കോളജുകളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചതിനാൽ അധ്യാപന പരിചയവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ള അധ്യാപകരുടെ അഭാവം പഠനനിലവാരത്തെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

അടിസ്ഥാന വിഷയങ്ങളിൽ പ്രാവീണ്യമില്ലാതെ എൻജിനീയറിങ് പഠിക്കാനെത്തുന്ന വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ കുറവു മൂലം ഒരു കോളജ് പ്രോഗ്രസീവ് ക്ലോഷറിന് നിരാക്ഷേപപത്രം നൽകിയിട്ടുണ്ട്. മറ്റ് മൂന്നു കോളജുകൾ ബിരുദ സ്ഥാപനത്തിൽ നിന്ന് ഡിപ്ലോമ സ്ഥാപനത്തിലേക്ക് മാറാൻ അപേക്ഷ നൽകിയതായും മന്ത്രി അറിയിച്ചു.