Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തയാറെടുപ്പോടെ വേണം ഓപ്ഷൻ സമർപ്പണം

518733132

വിദ്യാർഥികൾ ഓപ്ഷൻ സമർപ്പണം നടത്തേണ്ടത് ഏറെ ശ്രദ്ധയോടെ. മുൻവർഷങ്ങളിൽ ഓരോ വിഭാഗത്തിലും പ്രവേശനം കിട്ടിയ അവസാന റാങ്കുകൾ നോക്കണം. ഇതനുസരിച്ച് ഈവർഷത്തെ സാധ്യത കണക്കാക്കി ബുദ്ധിപൂർവാണ് ഓപ്ഷൻ നൽകേണ്ടത്. മോഹമനുസരിച്ച് ഏതാനും മികച്ച ഓപ്‌ഷനുകൾ മാത്രമല്ല, കുറെക്കൂടെ കുറഞ്ഞ റാങ്ക് മതിയാകുന്ന ഓപ്‌ഷനുകളും സമർപ്പിക്കണം..  അർഹതയുള്ള കോഴ്‌സ്–കോളജ് കോംബിനേഷനിൽ ഒഴിവുണ്ടെങ്കിലും,  അതിനുള്ള ഓപ്‌ഷൻ സമർപ്പിച്ചിട്ടില്ലെങ്കിൽ  പ്രവേശനം കിട്ടില്ല.

കോഴ്‌സുകളുടെ ഉള്ളടക്കം, ജോലിസാധ്യത, കോളജുകളുടെ മികവ് മുതലായവയെപ്പറ്റി പരമാവധി വിവരങ്ങൾ ശേഖരിച്ചിരിക്കണം. എൻജിനീയറിങ്ങിൽത്തന്നെ 30 ശാഖകളുണ്ട്. ആർക്കിടെക്‌ചർ ഇതിനു പുറമേ. 

ആദ്യം നാം സൈറ്റിൽ ചേർത്തുനൽകുന്ന ഓപ്‌ഷനുകൾ എത്ര തവണ വേണമെങ്കിലും തിരുത്തി സമർപ്പിക്കാം. ഇത്തരം തിരുത്തലും പുനഃസമർപ്പണവും നിർദിഷ്‌ട തീയതിവരെ തുടരാമെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കരുത്.. തിരക്കു കാരണം നെറ്റിൽ കയറാൻ പ്രയാസം വരാം.

വിവിധ കോഴ്‌സുകൾ ആറു വ്യത്യസ്‌ത റാങ്ക് ലിസ്‌റ്റുകളിലായി ചേർത്തിരിക്കും.

1. എൻജിനീയറിങ്

2 ആർക്കിടെക്‌ചർ

3. എംബിബിഎസ് / ബിഡിഎസ്

4. മെഡിക്കലും അനുബന്ധ കോഴ്സുകളും (എംബിബിഎസ് / ബിഡിഎസ്  / ബിഎഎംഎസ് ഒഴികെ)

5. ബിഎഎംഎസ്

6. ബിഫാം

കഴിഞ്ഞ വർഷത്തെ വിവിധ അലോട്മെന്റുകളിലെ അവസാനറാങ്കുകൾ, കോഴ്‌സും കോളജും സംവരണവിഭാഗവും തിരിച്ച്  www.cee-kerala.org എന്ന വെബ്‌സൈറ്റിലെ  KEAM 2017 – ‘അലോട്മെന്റ്ലിസ് & ലാസ്റ്റ് റാങ്ക്സ്’ ലിങ്കിലുണ്ട്. അവസാനറാങ്കുകൾ ക്രോഡീകരിച്ച്  www.cee.kerala.gov.in എന്ന സൈറ്റിലെ ‘കാൻഡിഡേറ്റ് പോർട്ടൽ’ ലിങ്കിലും കൊടുത്തിരിക്കുന്നു. സീറ്റുകളുടെ എണ്ണത്തിലും മറ്റുമുള്ള മാറ്റങ്ങളും വിദ്യാർഥികളുടെ വ്യത്യസ്തതാൽപര്യങ്ങളും കാരണം കഴിഞ്ഞ വർഷം ഓരോ കോഴ്സിലും സ്‌ഥാപനത്തിലും പ്രവേശനം കിട്ടിയ അവസാനറാങ്ക്, പരിമിതമായ തോതിൽ മാത്രമേ മാർഗദർശകമാകുകയൂള്ളൂ. 

മികച്ച ഓപ്‌ഷൻ ആഗ്രഹിക്കുന്നതോടൊപ്പം സ്വന്തം റാങ്കിന്റെ നില നോക്കി, കിട്ടാൻ പ്രായോഗികമായി സാദ്ധ്യതയുള്ള ഓപ്‌ഷനുകളും ചേർക്കാൻ മടിക്കരുത്. 

മനസ്സിന് ഏറ്റവും തൃപ്‌തി തരുന്ന ഓപ്‌ഷനുകൾ ആദ്യമാദ്യം ചേർത്തുകൊള്ളുക. പക്ഷേ മറ്റ് ഓപ്‌ഷനുകളും മുൻഗണനാക്രമത്തിൽ നിശ്‌ചയമായും ചേർക്കണം. മേൽസൂചിപ്പിച്ച എൻജിനീയറിങ,് ആർക്കിടെക്ചർ തുടങ്ങിയ ആറു കൈവഴികളിൽ  ഒന്നിലേക്കു മാത്രം ശ്രമിക്കുന്നവർക്ക് അതനുസരിച്ച് ഓപ്‌ഷനുകൾ ടൈപ് ചെയ്‌ത് ചേർക്കാം.  

പക്ഷേ  ഒന്നിലേറെ കൈവഴികളിലേക്ക് ഒരുമിച്ച്  ശ്രമിക്കുന്നവർക്ക് എല്ലാറ്റിലെയും ഓപ്‌ഷനുകൾ കലർത്തി നൽകാം. 

അതായത്, വ്യത്യസ്‌ത കൈവഴികളിലെ ഓപ്‌ഷൻസ് ഇടകലർന്നുവരാം. ഓരോ കൈവഴിയിലും പ്രത്യേകം മുൻഗണനാക്രമനമ്പർ എന്ന രീതിയില്ല.

ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

1കോഴ്‌സുകളുടെയും സ്‌ഥാപനങ്ങളുടെയും കോഡുകളുമായി പരിചയപ്പെടുക. എൻജിനീയറിങ് കോഴ്‌സുകളുടെ കോഡുകൾ പ്രോസ്‌പെക്‌ടസിന്റെ 64-ാം പുറത്തും, മെഡിക്കൽ - ആഗ്രിക്കൾച്ചർ കോഴ്‌സുകളുടെ കോഡുകൾ 72-ാം പുറത്തും  കാണാം. കോളജ് കോഡുകളും പ്രോസ്‌പെക്‌ടസിലുണ്ട്. ലോഗിൻ ചെയ്‌തെത്തുന്ന ഹോംപേജിൽ നിന്നും ഈ കോഡുകൾ അറിയാം. കോഴ്‌സ്–കോഡിനു രണ്ടക്ഷരവും കോളജ്–കോഡിന് മൂന്നക്ഷരവുമാണ്. ഉദാ: 

AR Architecture 

CS Computer Science & Engineering

MM MBBS 

MD BDS

BP    BPharm 

AV    Veterinary

TVECollege of Engineering, Thiruvananthapuram   

COH College of Horticulture, Thrissur 

KTD Govt Dental College, Kottayam

KTL VPSV Ayurveda College, Kottakkal 

ഓപ്‌ഷൻസ് സമർപ്പിക്കാൻ ചെന്നെത്തുന്ന ഹോംപേജിലെ ഏതെങ്കിലും കോളജ്‌കോഡിൽ ക്ലിക്ക് ചെയ്‌താൽ ആ കോളജിൽ ഓരോ കാറ്റഗറിയിലുമുള്ള സീറ്റ് വിവരങ്ങൾ തെളിഞ്ഞുവരും. www.cee.kerala.gov.in എന്ന സൈറ്റിലെ  List of Professional Colleges എന്ന ലിങ്കിൽ പഠനശാഖകൾ തിരിച്ച് കോളജുകളെ സംബന്ധിച്ച അടിസ്‌ഥാന വിവരങ്ങളുണ്ട്.

2. കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്‌റ്റ്പ്രകാരം അർഹതയുള്ള കൈവഴിയിലേക്കു മാത്രമേ ഓപ്‌ഷൻ റജിസ്‌റ്റർ ചെയ്യാൻ കഴിയൂ. ഒരു കോഴ്സും കോളജും ചേർന്നതാണ് ഒരു ഓപ്ഷ‌ൻ. ME-TCR, CE-TCR എന്നിവ രണ്ടും തൃശൂർ സർക്കാർ–എൻജിനീയറിങ് കോളജിലേക്കുള്ളതാണെങ്കിലും അവ വ്യത്യസ്ത ഓപ്ഷനുകളാണ്.

3. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ KEAM 2018-Candidate Portal ലിങ്കിലെത്തി ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, ൈസറ്റിലെ സെക്യൂരിറ്റി കോഡ്, റോൾ നമ്പർ, എന്നിവ ഉപയോഗിച്ച് ഹോംപേജിൽ കയറി ഓപ്‌ഷൻ രേഖപ്പെടുത്താം..

4. നിങ്ങൾക്കു കിട്ടാവുന്ന സമസ്‌ത ഓപ്‌ഷനുകളും അവിടെ നിന്നറിയാം. കോഴ്സ്–ലിസ്റ്റിൽ ക്ലിക് ചെയ്ത് കോഴ്സുകളുടെയും, കോളജ്–ലിസ്റ്റില്‍ ക്ലിക് ചെയ്ത് കോളജുകളുടെയും വിവരങ്ങൾ മനസ്സിലാക്കാം. നിങ്ങളുടെ താൽപര്യമനുസരിച്ചു മുൻകൂട്ടി തയാറാക്കിവച്ച ഓപ്‌ഷൻക്രമം അടിച്ചു ചേർത്താൽ മാത്രം മതി. ഓപ്‌ഷൻ നമ്പരുകൾ അതതു ഓപ്‌ഷനുകളുടെ നേർക്ക് ബോക്‌സിൽ ടൈപ് ചെയ്യുക.  ഓരോ കോഴ്‌സ്-കോളജ് കോംബിനേഷന്റെയും നേർക്ക് (ഉദാ: MM–KKM) നിങ്ങളുടെ മുൻഗണനാക്രമം കാട്ടുന്ന അക്കങ്ങൾ (1, 2, 3, ....) മുറയ്‌ക്ക് അടിച്ചു പോയി, സേവ് ചെയ്യുക. ഒടുവിൽ ഇവ ശരിയായ ക്രമത്തിൽ ഒന്നു മുതൽ താഴോട്ട് കംപ്യൂട്ടർ സ്വയം അടുക്കിക്കൊള്ളും. ഇത്ര ഓപ്‌ഷനുകൾ നൽകിക്കൊള്ളണമെന്നു നിർബന്ധമില്ല.  

5. ഓപ്‌ഷനുകൾ രേഖപ്പെടുത്തിപ്പോകുമ്പോൾ ഇടയ്‌ക്കിടെ അതു വരെ കൊടുത്തത് സേവ് ചെയ്യാം. വിവിധ സ്ട്രീമുകളിലെ ഓപ്‌ഷനുകൾ ഇടകലർത്തിക്കൊടുത്താലും കംപ്യൂട്ടർ സ്വീകരിച്ചുകൊള്ളും. 

സൈറ്റിൽ കയറിനിന്നുകൊണ്ട് വിവരം ചേർക്കാൻ ബുദ്ധിമുട്ടു തോന്നുന്ന പക്ഷം വെബ് പേജിലെ ഓപ്‌ഷൻ വർക് ഷീറ്റിന്റെയോ, ഡീറ്റെയിൽഡ് ഓപ്‌ഷൻ വർക് ഷീറ്റിന്റെയോ പ്രിന്റെടുത്ത്, ആലോചിച്ച് ഓപ്‌ഷനുകൾ അതിൽ എഴുതിച്ചേർത്ത്, പിന്നീട് വീണ്ടും സൈറ്റിലെത്തി മുൻകൂട്ടി തയാറാക്കി വച്ച വിവരങ്ങൾ ക്രമത്തിന് സാവകാശം അടിച്ചു ചേർത്ത് സേവ് ചെയ്യുകയുമാകാം. 

വിവരങ്ങൾ ചേർക്കുന്നത് പൂർത്തിയാക്കിക്കഴിഞ്ഞ് നമ്മുടെ ഓപ്‌ഷൻ ലിസ്‌റ്റിന്റെ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കാം. സബ്‌മിഷൻ കഴിഞ്ഞ് സൈറ്റിൽ നിന്ന് ‘ലോഗ് ഓഫ്’ ചെയ്യണം. ഇല്ലെങ്കിൽ മറ്റാരെങ്കിലും നമ്മുടെ ഹോം പേജിൽ കയറി ഓപ്‌ഷൻസ് മാറ്റിമറിച്ചെന്നുവരാം.

6. ഒരിക്കൽ നൽകിയ ഓപ്‌ഷൻ റദ്ദ് ചെയ്യണമെന്നു തോന്നിയാൽ വീണ്ടും സൈറ്റിൽക്കയറി ആ കോംബിനേഷന്റെ നേർക്ക് മൂൻഗണനാക്രമനമ്പരായി ‘0’ (പൂജ്യം) അടിച്ചുചേർത്ത് ‘അപ്‌ഡേറ്റ’് ചെയ്‌താൽ മതി. മൂൻഗണനാക്രമം മാറ്റാൻ നമ്പരുകൾ തിരുത്തി അപ്‌ഡേറ്റ് ചെയ്യുകയുമാകാം.

7. ഏറ്റവും ഒടുവിൽ സേവ് ചെയ്‌ത വിവരം നമ്മുടെ ഓപ്‌ഷൻ ലിസ്‌റ്റായി സിസ്‌റ്റത്തിൽ കിടക്കും. പിറ്റേന്നോ മറ്റെപ്പോഴെങ്കിലുമോ നമുക്ക് ഇത് പരിഷ്‌കരിക്കണമെങ്കിൽ ആദ്യം ചെയ്‌തതുപോലെ സൈറ്റിൽ കയറി ആവശ്യമായ ഓപ്‌ഷനുകൾ ചേർക്കാം. സിസ്‌റ്റത്തിലുള്ള ഓപ്‌ഷനുകൾ എൻട്രൻസ് കമ്മീഷണർ  മരവിപ്പിക്കുന്നതു വരെ ഇത്തരം മാറ്റങ്ങൾ വരുത്താം. ബന്ധപ്പെട്ട ലിങ്കിൽ ക്ലിക്കു ചെയ്‌ത് നമ്മുടെ ഓപ്‌ഷൻ ലിസ്‌റ്റ് നോക്കിക്കാണുകയും അതിന്റെ പ്രിന്റെടുക്കുകയും ചെയ്യാം.

8. 27ന് ‘ട്രയൽ അലോട്‌മെന്റ്’  പ്രസിദ്ധപ്പെടുത്തും..  കിട്ടാവുന്ന സിലക്‌ഷനെപ്പറ്റി ഏകദേശരൂപം ഇതിൽനിന്ന് ഏതാണ്ട് ഊഹിക്കാം.  ഈ സാധ്യത തന്നെ ഒടുവിൽ യഥാർഥ സിലക്‌ഷനു കിട്ടണമെന്നില്ല.. എങ്കിലും ട്രയൽ അലോട്‌മെന്റ് നോക്കി, വേണമെങ്കിൽ  ഓപ്‌ഷൻക്രമം മാറ്റിക്കൊടുക്കാം.

9. ഓപ്‌ഷൻ മുൻഗണനാക്രമത്തിൽ ഒരു കാര്യം ശ്രദ്ധിക്കുക. ഉയർന്ന ഏതെങ്കിലും ഓപ്‌ഷൻ അനുവദിച്ചു കിട്ടിയാൽപ്പിന്നെ അതിൽത്താണ മറ്റേതെങ്കിലും ഓപ്‌ഷനിലേക്ക്‌ ഒരിക്കലും മാറ്റം കിട്ടില്ല. ഒഴിവുണ്ടെങ്കിൽപ്പോലും കിട്ടില്ല.  

10. സർക്കാർ നിയന്ത്രിത സ്വാശ്രയകോളജുകളിലെ സർക്കാർ സീറ്റും മാനേജ്‌മെന്റ് സീറ്റും വ്യത്യസ്‌ത ഓപ്‌ഷനുകളായി കരുതണം. ഫീസ് കൂടുതലായ മാനേജ്‌മെന്റ് സീറ്റുകളിലേക്കും ഈ ഓപ്‌ഷൻ വ്യവസ്‌ഥവഴിയാണ് സിലക്‌ഷൻ.

ലഭിക്കുന്ന ഓപ്ഷന് താഴെയുള്ളവ സ്വയം റദ്ദാകും

ഒരു ഓപ്‌ഷൻ അനുവദിച്ചുകിട്ടുന്നതോടെ നമ്മുടെ മുൻഗണനാക്രമത്തിൽ അതിനു താഴെയുള്ള  ഓപ്‌ഷനുകളെല്ലാം സ്വയം ഇല്ലതാകും. 

ഉദാഹരണത്തിന് 100 ഓപ്‌ഷനുകൾ സമർപ്പിച്ച ഒരാൾക്ക് അനുവദിച്ചുകിട്ടിയത് 63–ാമത്തെ ഓപ്‌ഷനാണെന്നിരിക്കട്ടെ. 64 മുതൽ 100 വരെ തനിയെ റദ്ദാകും; ഒന്നു മുതൽ 62 വരെ നിലനിൽക്കും. ഫീസടച്ചവർക്ക് ഈ ഒന്നു മുതൽ 62 വരെ ഓപ്‌ഷനുകളുടെ ക്രമം മാറ്റിക്കൊടുക്കാനും, വേണ്ടാത്തവയെന്നു തോന്നുന്നവ സൈറ്റിൽ കയറി റദ്ദാക്കാനും പിന്നീട് അവസരം നൽകും. 

പക്ഷേ പുതുതായി ഓപ്‌ഷൻ ചേർക്കാൻ കഴിയില്ല. ആദ്യ അലോട്‌മെന്റിനു ശേഷം, അടുത്ത തവണ പരിഗണിക്കേണ്ട ഉയർന്ന ഓപ്ഷനുകളുള്ളവർ ഹോം പേജിലെത്തി, Confirm ബട്ടൺ ക്ലിക് ചെയ്യണം. കൺഫർമേഷനു ശേഷമേ നിലനിൽക്കുന്ന ഉയർന്ന ഓപ്‌ഷനുകളിൽ വേണ്ടാത്തവ റദ്ദാക്കാനോ അവയുടെ ക്രമം മാറ്റിക്കൊടുക്കാനോ കഴിയൂ. അല്ലാത്തവരുടെ ഉയർന്ന ഓപ്‌ഷനുകൾ നഷ്‌ടപ്പെടും. അടുത്ത അലോട്‌മെന്റിൽ അവ പരിഗണിക്കില്ല. തുടർന്നുള്ള അലോട്‌മെന്റുകളിലും ഈ നിബന്ധനയുണ്ടാവും. 

സഹായ വിവരങ്ങൾ വെബ്സൈറ്റിൽ

സഹായം നൽകുന്ന  ഓപ്‌ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ, ഹെൽപ് ഡെസ്‌കുകൾ എന്നിവ  വെബ്സൈറ്റിൽ നിന്നറിയാം. പാസ്‌വേ‍ഡ് മറന്നുപോയിട്ട് അതു റീസെറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഏതെങ്കിലും ഓപ്‌ഷൻ ഫെസിലിറ്റേഷൻ സെന്റററിലെത്തി സഹായം തേടാം. 

സംശയപരിഹാരത്തിനു ഫോൺ: 0471 2339101 /  2339102 / 2339103 / 2339104 

ഹെൽപ്‌ലൈൻ: 0471 2115054 / 2115098 / 2335523.