Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ്, ആർക്കിടെക്ചർ കമ്യൂണിറ്റി ക്വോട്ട: വിജ്ഞാപനമായി

625937646

തിരുവനന്തപുരം∙ എൻജിനീയറിങ്/ആർക്കിടെക്ചർ കോഴ്സുകളിലെ 15% കമ്യൂണിറ്റി റജിസ്റ്റേഡ് സൊസൈറ്റി/റജിസ്റ്റേഡ് ട്രസ്റ്റ് ക്വോട്ടാ സീറ്റുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ചു പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കി. വെബ്സൈറ്റ്: www.cee.kerala.gov.in

സർക്കാരും സ്വാശ്രയ എൻജിനീയറിങ്/ആർക്കിടെക്ചർ കോളജ് മാനേജ്മെന്റുകളുമായുള്ള കരാർ പ്രകാരം സ്വാശ്രയ എൻജിനീയറിങ്/ആർക്കിടെക്ചർ കോളജുകളിലെ 15% കമ്യൂണിറ്റി/റജിസ്റ്റേഡ് സൊസൈറ്റി/റജിസ്റ്റേഡ് ട്രസ്റ്റ് ക്വോട്ടയിലേക്കു പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്മെന്റ് നടത്തും. 

കേരള സെൽഫ് ഫിനാ‍ൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷനു കീഴിൽ വരുന്ന കോളജുകളിൽ ആകെ സീറ്റുകളുടെ 15% കോളജ് മാനേജ്മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായം/റജിസ്റ്റേഡ് സൊസൈറ്റി/റജിസ്റ്റേഡ് ട്രസ്റ്റ് അംഗങ്ങളിൽനിന്നാണു പ്രവേശനം നടത്തുക. 

കേരള കാത്തലിക് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനു കീഴിൽ വരുന്ന കോളജുകളിൽ ആകെ സീറ്റുകളുടെ 10% കോളജ് മാനേജ്മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിൽനിന്ന് ആയിരിക്കും. എന്നാൽ ലാറ്റിൻ കാത്തലിക് സമുദായത്തിനുകീഴിൽ വരുന്ന കോളജുകളിൽ ആകെ സീറ്റുകളുടെ 15% ആ സമുദായത്തിൽനിന്നാണ്. 

ആർക്കിടെക്ചർ കോളജ് മാനേജ്മെന്റ്സ് അസോസിയേഷനു കീഴിൽ വരുന്ന കോളജുകളിൽ ആകെ സീറ്റുകളുടെ 15% കോളജ് മാനേജ്മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായം/റജിസ്റ്റേഡ് സൊസൈറ്റി/റജിസ്റ്റേഡ് ട്രസ്റ്റ് അംഗങ്ങളിൽ നിന്നാണു പ്രവേശനം നടത്തുക.

വിജ്ഞാപനത്തിന്റെ ഒന്നാംപട്ടികയിൽ ചേർത്തിട്ടുള്ള കോളജുകളിൽ 15% കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷയുടെ അപേക്ഷയോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തതിനാൽ കമ്മിഷണർ പ്രസിദ്ധീകരിച്ച കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തപക്ഷം പുതുതായി ജാതി സർട്ടിഫിക്കറ്റ് റവന്യു അധികാരിയിൽനിന്നു വാങ്ങി സമർപ്പിക്കണം. ഇത്തരക്കാർ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'KEAM 2018 Candidate Portal' എന്ന ലിങ്കിലൂടെ ഹോം പേജിൽ പ്രവേശിച്ച് 'Community Quota' എന്ന മെനു ഐറ്റം ക്ലിക് ചെയ്തു കമ്യൂണിറ്റി സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ടശേഷം വില്ലേജ് ഓഫിസർമാരിൽനിന്നു ജാതി സർട്ടിഫിക്കറ്റ് വാങ്ങി പ്രൊഫോർമയോടൊപ്പം 29നു വൈകിട്ട് അഞ്ചിനു മുൻപായി പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ എത്തിക്കണം. 

രണ്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കോളജുകളിൽ കമ്യൂണിറ്റി/റജിസ്റ്റേഡ് സൊസൈറ്റി/റജിസ്റ്റേഡ് ട്രസ്റ്റ് ക്വോട്ടാ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ‌ പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'KEAM 2018 Candidate Portal' എന്ന ലിങ്കിലൂടെ ഹോം പേജിൽ പ്രവേശിച്ച് 'Community Quota' എന്ന മെനു ഐറ്റം ക്ലിക് ചെയ്തു കോളജ് സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ടശേഷം കോളജ് അധികൃതരുടെ മുൻപാകെ ഹാജരായി ആവശ്യമായ രേഖകൾ 29നു വൈകിട്ട് അഞ്ചിനു മുൻപായി സമർപ്പിക്കണം. ഈ വിദ്യാർഥികളുടെ ലിസ്റ്റും സമർപ്പിക്കപ്പെട്ട രേഖകളും കോളജ് അധികൃതർ ജൂലൈ രണ്ടിനു വൈകിട്ട് അഞ്ചിനകം പ്രവേശനപരീക്ഷാ കമ്മിഷണർക്കു സമർപ്പിക്കണം. ഹെൽപ്‌‌ലൈൻ നമ്പരുകൾ: 0471 2339101, 2339102, 2339103, 2339104.