Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളെയോ

494639164

തിരുവനന്തപുരം ∙ മെഡിക്കൽ,എൻജിനീയറിങ് പ്രവേശനത്തിനുള്ള ഓപ്ഷൻ റജിസ്ട്രേഷനുള്ള വിജ്ഞാപനം ഇന്നോ നാളെയോ ഇറങ്ങും. സർക്കാരുമായി ഒപ്പുവച്ച കരാറിലുള്ളതിനെക്കാൾ കുറഞ്ഞ ഫീസിൽ പഠിപ്പിക്കാൻ തയാറുള്ള സ്വാശ്രയ എൻജിനീയറിങ് കോളജുകൾ അക്കാര്യം പ്രവേശന പരീക്ഷാ കമ്മിഷണറെ ഓൺലൈനായി അറിയിച്ചിട്ടുണ്ട്.

മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്കു നാളെ മുതൽ ഓപ്ഷൻ സ്വീകരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതിനു മാറ്റമില്ലെന്നും 30ന് ആദ്യ അലോട്മെന്റ് നടത്തുമെന്നും പ്രവേശന പരീക്ഷാ കമ്മിഷണർ പി.കെ.സുധീർ ബാബു അറിയിച്ചു. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ കമ്യൂണിറ്റി ക്വോട്ട ഉൾപ്പെടെയുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നതിനു പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ചു സർക്കാർ ഇനി ഉത്തരവിറക്കണം. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു മെഡിക്കൽ മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. സർക്കാർ ഉത്തരവ് ഇറക്കിയാലേ ഓപ്ഷൻ ക്ഷണിച്ചു പ്രവേശന പരീക്ഷാ കമ്മിഷണർക്കു വിജ്ഞാപനം ഇറക്കാനാവൂ.

ഫീസ് കുറവുള്ള എൻജിനീയറിങ് കോളജ് അറിയാൻ സൗകര്യം

ഫീസ് പ്രതിവർഷം 50,000 രൂപ മാത്രമുള്ള സ്വാശ്രയ എൻജിനീയറിങ് കോളജുകൾ ഏതെന്ന് ഓപ്ഷൻ ഘട്ടത്തിൽ അറിയാൻ അവസരം. മേയ് ആദ്യം സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷനും സർക്കാരുമായി കഴിഞ്ഞ തവണത്തെ ഫീസ് അംഗീകരിച്ചു കരാർ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ചു പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നടത്തുന്ന 50% സീറ്റിലെ പകുതിപ്പേർക്ക് 75,000 രൂപയും ശേഷിക്കുന്നവർക്ക് 50,000 രൂപയുമാണ് ഫീസ്. എന്നാൽ പ്രവേശനം നടത്തുമ്പോൾ അവസാന നിമിഷമേ വിദ്യാർഥികൾക്ക് ഇതിൽ ഏതു ഫീസ് ആണെന്ന് അറിയാനാവൂ. ഈ സാഹചര്യത്തിൽ കഴിഞ്ഞവർഷം അൻപതോളം എൻജിനീയറിങ് കോളജുകൾ സർക്കാർ സീറ്റിൽ 50,000 രൂപയേ വാങ്ങിയുള്ളൂ. ഇതേ മാതൃകയിൽ ഇത്തവണയും ഫീസ് കുറച്ചു മതിയെന്നുള്ളവർ അക്കാര്യം അറിയിക്കാൻ ഇന്നലെ അഞ്ചുമണി വരെ പ്രവേശന പരീക്ഷാ കമ്മിഷണർ സമയം നൽകി. ഓപ്ഷൻ നൽകുമ്പോൾ ഫീസ് 50,000 രൂപയുള്ള കോളജുകൾ ഏതെന്നു കാണാ‍ൻ സാധിക്കും. വിദ്യാർഥികളെ ലഭിക്കാത്തതിനാൽ പല എൻജിനീയറിങ് കോളജുകളും ഫീസ് പരമാവധി കുറച്ചു കുട്ടികളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്.

 മെഡിക്കൽ എൻആർഐ: രേഖകൾ ഇന്നുവരെ നൽകാം

സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ 15% എൻആർഐ സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവർ ഈ സീറ്റിലേക്കു തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലൂടെ അപ്‌ലോ‍‍ഡ് ചെയ്യുന്നതിനുള്ള സമയം ഇന്നു രാത്രി എട്ടു മണി വരെ നീട്ടി. രേഖ സമർപ്പിക്കാത്തവരെ എൻആർഐ കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. 

പ്രവേശന യോഗ്യതയും സമർപ്പിക്കേണ്ട രേഖകളും സംബന്ധിച്ച വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലുണ്ട്.

മെഡിസിൻ, ഡെന്റൽ: 2017

എംബിബിഎസിന് 846, ബിഡിഎസിന് 3101 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷം സംസ്ഥാന മെറിറ്റിലെ അവസാന റാങ്ക്

സർക്കാർ മെഡിക്കൽ ‌‌കോളജുകളിൽ 2017ൽ സംസ്ഥാന മെറിറ്റിലെ അവസാന റാങ്കുകൾ 

കോഴിക്കോട് 344, തിരുവനന്തപുരം 385, കോട്ടയം 529, പാലക്കാട് 622, തൃശൂർ 671, മഞ്ചേരി 818, ആലപ്പുഴ 845‌, എറണാകുളം 846

ഗവ.ഡെന്റൽ  കോളജ് അവസാനറാങ്ക‌് 2017

 കോഴിക്കോട് - 2333, തിരുവനന്തപുരം- 2609, കോട്ടയം-  3032, തൃശൂർ- 3099, ആലപ്പുഴ 3101

∙ ഈഴവ-3681, മുസ്‌ലിം- 3417, മറ്റു പിന്നാക്ക ഹിന്ദു- 3665, ലാറ്റിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ- 5055, ധീവര- 6948, വിശ്വകർമ- 3922, മറ്റു പിന്നാക്ക ക്രൈസ്തവർ- 6782, കുടുംബി- 17,104, കുശവ- 16,089, പട്ടികജാതി- 12,536, പട്ടിക വർഗം- 23,965

ഇതര കോഴ്സുകൾ

ബി ഫാം 2199

ആയുർവേദം  5004

ഹോമിയോപ്പതി 7054

ആഗ്രിക്കൾച്ചർ 4054

വെറ്ററിനറി 3784

ഫിഷറീസ് 6867

ഫോറസ്ട്രി 5982

ആർക്കിടെക്ചർ: മുൻവര്‍ഷം ഇങ്ങനെ 

കേ രളത്തിൽ ആർക്കിടെക്ചർ പഠനത്തിനുള്ള സർക്കാർ–എയ്ഡഡ് കോളജുകളായ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം ടികെഎം എൻജിനീയറിങ് കോളജ്, തൃശൂർ ഗവ.എൻജിനീയറിങ് കോളജ്, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയിൽ യഥാക്രമം 74, 207, 261, 266 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷം സംസ്ഥാന മെറിറ്റിലെ അവസാനറാങ്ക്. 

സംവരണ വിഭാഗങ്ങളിൽ ഈഴവ– 746, മുസ്‌ലിം –1158, മറ്റു പിന്നാക്ക ഹിന്ദു– 760, ലാറ്റിൻ കാത്തലിക്‌ / ആംഗ്ലോ ഇന്ത്യൻ- 836, ധീവര- 968, വിശ്വകർമ- 455, മറ്റു പിന്നാക്ക ക്രൈസ്തവർ- 1218, കുശവ- 1857, പട്ടികജാതി- 2405, പട്ടിക വർഗം- 1896 എന്നിങ്ങനെയാണു പ്രവേശനം ലഭിച്ച അവസാനറാങ്കുകൾ.