മണർകാട് സംഘം അയ്യപ്പസ്വാമിക്ക് പണക്കിഴി സമർപ്പിച്ചു

പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായി എത്തിയ മണർകാട് സംഘം ദേശവഴിയിൽപ്പെട്ട ഭക്തർ കാണിക്കയായി സമർപ്പിച്ച പണക്കിഴി അയ്യപ്പസ്വാമിക്ക് സമർപ്പിക്കുന്നു. ചിത്രം: മനോരമ

ശബരിമല ∙ ദേശവഴിയിൽപ്പെട്ട ഭക്തർ കാണിക്കയായി സമർപ്പിച്ച പണക്കിഴിയുമായി പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായി എത്തിയ മണർകാട് സംഘം അയ്യപ്പസ്വാമിക്ക് പണക്കിഴി സമർപ്പിച്ചു. ധനു ഒന്നിന് മണർകാട് ക്ഷേത്രത്തിലെ ശാസ്താനടയിലാണ് കെട്ടുനിറച്ചത്. എരുമേലിയിൽ പേട്ടതുള്ളി, അഴുതമേടും കരിയിലാംതോടും കരിമലയും താണ്ടി ഇന്നലെ ഉച്ചയോടെയാണ് സന്നിധാനത്തിൽ എത്തിയത്.

ഉച്ചപൂജയ്ക്കു തൊട്ടുമുൻപ് നീലപ്പട്ടിൽ പൊതിഞ്ഞ പണക്കിഴിയുമായി തിരുനടയിൽ എത്തി. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു എന്നിവരുടെ സാന്നിധ്യത്തിൽ സോപാനത്തിൽ അയ്യപ്പനു സമർപ്പിച്ചു. തുടർച്ചയായി 24ാം വർഷമാണ് ഇവർ കാണിക്ക അർപ്പിക്കാൻ എത്തുന്നത്. പെരിയസ്വാമി വട്ടപ്പറമ്പിൽ ആർ. രവി മനോഹറിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.

ശബരിമലയിൽ ഇന്ന്
നട തുറക്കൽ 3.00
അഭിഷേകം 3.15 മുതൽ12.00 വരെ
കളഭാഭിഷേകം 12.30
ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00
വൈകിട്ട് നട തുറക്കൽ 3.00
പുഷ്പാഭിഷേകം 7.00
ഹരിവരാസനം 10.50
നട അടയ്ക്കൽ 11.00