Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

118 തസ്തികകളിലേക്കു പിഎസ്‌സി വിജ്ഞാപനം

psc

തിരുവനന്തപുരം∙വിവിധ വകുപ്പുകളിലെ 118 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിഎസ്‌സി യോഗം തീരുമാനിച്ചു. ഗവ.സെക്രട്ടേറിയറ്റ്/പിഎസ്‌സി/ലോക്കൽ ഫണ്ട് എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്്, വിവിധ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ലാൻഡ് റവന്യൂ വകുപ്പിൽ ഡപ്യൂട്ടി കലക്ടർ (പട്ടിക വിഭാഗം), മരാമത്ത്/ജലസേചന വകുപ്പിൽ അസിസ്റ്റന്റ്് എൻജിനീയർ (സിവിൽ), വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ഗ്രാമവികസന വകുപ്പിൽ വിഇഒ, സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ ഓപ്പറേറ്റിവ്് സൊസൈറ്റി തുടങ്ങിയ തസ്തികകളിലേക്കാണു വിജ്ഞാപനം.

മൂന്നു തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. വിവിധ കമ്പനി,ബോർഡ്, കോർപറേഷനുകളിലെ ജൂനിയർ അസിസ്റ്റന്റ്/ കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/സീനിയർ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ ജൂനിയർ ക്ലാർക്ക്/ടൈം കീപ്പർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് 5,000 പേരുടെ സാധ്യതാ പട്ടികയാണു പ്രസിദ്ധീകരിക്കുക. സാമൂഹിക ക്ഷേമ വകുപ്പിൽ നഴ്സറി ടീച്ചർ, ഹയർ സെക്കൻഡറി വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്് എന്നീ തസ്തികകളിലേക്കാണു മറ്റു സാധ്യതാ പട്ടികകൾ.

10 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും ജയിൽ വകുപ്പിൽ അസിസ്റ്റന്റ്് പ്രിസൺ ഓഫിസർ തസ്തികയിലേക്ക് 4000 പേരുടെയും ഫീമെയിൽ അസിസ്റ്റന്റ്് പ്രിസൺ ഓഫിസർ തസ്തികയിലേക്ക് 1500 പേരുടെയും പട്ടികയാണു പ്രസിദ്ധീകരിക്കുക. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ പതോളജി, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ്), സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഡീസെൻട്രലൈസ്ഡ് പ്ലാനിങ് ഡിവിഷൻ), ചീഫ്(സോഷ്യൽ സർവീസ്), ചീഫ് (പ്ലാൻ കോ ഓർഡിനേഷൻ ഡിവിഷൻ), എല്ലാ ജില്ലകളിലും വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) ഹൈസ്കൂൾ അസിസ്റ്റന്റ്് (ഫിസിക്കൽ സയൻസ്–മലയാളം മീഡിയം) എന്നീ തസ്തികകളിലേക്കാണു മറ്റു ചുരുക്കപ്പട്ടികകൾ.

ജയിൽ വകുപ്പിൽ വീവിങ് ഇൻസ്ട്രക്ടർ/വീവിങ് ഫോർമാൻ/വീവിങ് അസിസ്റ്റന്റ് (പുരുഷൻമാർ)തസ്തികയിലേക്കു റാങ്ക്് പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.  

പിഎസ്‌സി പ്രൊഫൈലിൽ ഇനി ട്രാൻസ്ജെൻഡറും 

∙ട്രാൻസ്ജെൻഡർ നയം അനുസരിച്ചു ഭിന്നലിംഗ വിഭാഗക്കാർക്ക് അടുത്ത ജനുവരി ഒന്നു മുതൽ ലിംഗപദവി രേഖപ്പെടുത്താനുള്ള സംവിധാനം പ്രൊഫൈലിൽ ഉൾപ്പെടുത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. മെയിൽ, ഫീമെയിൽ എന്നിവയ്ക്ക് എം,എഫ് എന്നു രേഖപ്പെടുത്തുന്നതു പോലെ ട്രാൻസ്ജെൻഡർ എന്നതിന് ഇനി മുതൽ ടി എന്നു രേഖപ്പെടുത്താൻ സാധിക്കും. എന്നാൽ ഈ വിഭാഗത്തിൽപ്പെട്ടവർക്കു പൊതു തസ്തികകളിലേക്കേ അപേക്ഷിക്കാൻ സാധിക്കൂ. പുരുഷ,വനിതാ സിവിൽ പൊലീസ് ഓഫിസർ പോലെയുള്ള ലിംഗഭേദമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാനാവില്ല.അതേസമയം അധ്യാപക തസ്തിക പോലുള്ളവയിലേക്കു പ്രശ്നമില്ല.

∙കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ്(കെഎഎസ്) ചട്ടങ്ങൾ സംബന്ധിച്ചു സർക്കാരിന്റെ മറുപടി ലഭിക്കാത്തതിനാൽ കെഎഎസിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്‌സി യോഗത്തിനു സാധിച്ചില്ല. ഈ മാസം ഇനി 31നു മാത്രമേ പിഎസ്‌സി യോഗം ഉള്ളൂ. 31നു തീരുമാനം എടുത്തു വിജ്ഞാപനം ഇറക്കുക എളുപ്പമല്ല. അടുത്ത പിഎസ്‌സി യോഗത്തിനു മുമ്പായി കെഎഎസ് സംബന്ധിച്ചു സർക്കാരിന്റെ മറുപടി ലഭിച്ചാൽ പ്രത്യേക യോഗം വിളിച്ചു ചേർത്തു പിഎസ്‍സിക്കു തീരുമാനം എടുക്കാനാകും .ഈ വർഷം തന്നെ കെഎഎസിലേക്കു വിജ്ഞാപനം ഇറക്കാനാണു പിഎസ്‌സി നടപടി സ്വീകരിച്ചിരുന്നതെങ്കിലും സർക്കാരിന് ഇക്കാര്യത്തിൽ വലിയ താൽപര്യമില്ല. ഇപ്പോഴത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിൽ വിജ്ഞാപനം നീട്ടിക്കൊണ്ടു പോകാനാണു സർക്കാർ ശ്രമിക്കുന്നതെന്നും സംശയമുണ്ട്.