Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ മാർക്കിലും വ്യത്യസ്ത റാങ്ക്: ധാരണയില്ലാതെ പിഎസ്‍സി; വഴിയാധാരമായി ഉദ്യോഗാർഥികൾ

PSC

തൃശൂർ ∙ രണ്ടു സമ്പ്രദായങ്ങൾ വഴി പഠിച്ചുവന്നവർക്കു വെയ്റ്റേജ് നൽകുന്നതിൽ പിഎസ്‌സി ഇനിയും ധാരണയിലെത്താത്തതിനാൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേക്കുള്ള തൊഴിൽ അപേക്ഷകർ ത്രിശങ്കുവിൽ. സംസ്ഥാന സർവകലാശാലകളിലും കൽപിത സർവകലാശാലകളിലും അബ്സല്യൂട്ട് ഗ്രേഡിങ് നിലനിൽക്കുമ്പോൾ ഐഐടികളിലും എൻഐടികളിലും റിലേറ്റിവ് ഗ്രേഡിങ് ആണ്. പിഎസ്‌സിയുടെ നിലവിലെ രീത് വച്ച്, റാങ്ക് പട്ടികയ്ക്കായി വെയ്റ്റേജ് കണക്കാക്കുമ്പോൾ റിലേറ്റിവ് ഗ്രേഡിങ് സമ്പ്രദായത്തിൽ പഠിച്ചവർക്ക് വേണ്ടത്ര വെയ്റ്റേജ് പോയിന്റ് കിട്ടുന്നില്ല എന്നതാണു പ്രശ്നം.

അബ്സല്യൂട്ട് ഗ്രേഡിങ് സമ്പ്രദായത്തിൽ പഠിക്കുന്നവർക്ക് 91– 100 മാർക്കിന് എ ഗ്രേഡ്, 81– 90 മാർക്കിന് ബി ഗ്രേഡ്, 71– 80 മാർക്കിന് സി ഗ്രേഡ് എന്നിങ്ങനെ ലഭിക്കുമ്പോൾ റിലേറ്റിവ് ഗ്രേഡിങ് സമ്പ്രദായത്തിൽ ആകെ വിദ്യാർഥികളുടെ എണ്ണം നോക്കിയാണു ഗ്രേഡ് നിശ്ചയിക്കുക. 20 പേരുള്ള ക്ലാസിൽ, എല്ലാവരും നേടിയ മാർക്കിന്റെ ശരാശരി സി ഗ്രേഡ് ആയി കണ്ടുകൊണ്ടാണു ഗ്രേഡുകൾ നിശ്ചയിക്കുന്നത്. കൂടുതൽ മാർക്ക് വാങ്ങുന്ന 2 പേർക്കേ എ ഗ്രേഡ് ലഭിക്കൂ. തൊട്ടു താഴെയുള്ള 4 പേർ ബി ഗ്രേഡ് നേടുമ്പോൾ ക്ലാസിലെ ഏറ്റവും മാർക്ക് കുറയുന്ന 2 പേർ ഏറ്റവും താഴെയുള്ള ഗ്രേഡിൽ ആയിരിക്കും. ചുരുക്കത്തിൽ, അബ്സല്യൂട്ട് ഗ്രേഡിങ് വഴി പഠിച്ച് എ ഗ്രേഡ് നേടിയ വിദ്യാർഥിക്ക് അതേ മാർക്ക് കിട്ടിയാലും റിലേറ്റിവ് ഗ്രേഡിങ്ങിൽ അത് സി, ഡി ഗ്രേഡ് ആയേക്കാം. എ മുതൽ എഫ് വരെ ഗ്രേഡുകൾക്ക് 10 മുതൽ ആറു വരെ പോയിന്റ് നൽകിയാണു പിഎസ്‌സി വെയ്റ്റേജ് കണക്കാക്കുക. ഒരേ മാർക്ക് നേടിയാലും വെയ്റ്റേജിൽ മൂന്നും നാലും പോയിന്റിന്റെ കുറവ് വരും. ഉദ്യോഗാർഥികൾ ഇതു സംബന്ധിച്ച് പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പരാതി നൽകിയെങ്കിലും ഇപ്പോഴും പ്രശ്നപരിഹാര സൂചനകളില്ല.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എൻജിനീയറിങ് കോളജുകളിൽ ഇലക്ട്രിക്കൽ അസി.പ്രഫസർ തസ്തികയിലേക്ക് വെയ്റ്റേജ് പ്രശ്നം പരിഹരിക്കാതെ പിഎസ്‌സി റാങ്ക് പട്ടിക തയാറാക്കിയതിനെതിരെ ഉദ്യോഗാ‍ർഥികൾ കോടതിയിൽനിന്നു സ്റ്റേ വാങ്ങിയിരിക്കുകയാണ്. 

നിലവിലെ ഫോർമുല മാറ്റില്ല: പിഎസ്‌സി 

എൻജിനീയറിങ് കോളജുകളിൽ ഇലക്ട്രിക്കൽ അസി.പ്രഫസർ തസ്തികയിലേക്ക് ഐഐഎസ്‌സിയിൽ പഠിച്ച ഉദ്യോഗാർഥികൾക്കു വെയ്റ്റേജ് കൂട്ടി നൽകുന്നതു പരിഗണിക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു പിഎസ്‌സിയോട് നിർദേശിച്ചു. എന്നാൽ അക്കാദമിക് കമ്മിറ്റി ഇക്കാര്യം പരിശോധിച്ചു തള്ളി. ഒരു വിഭാഗത്തിനു വേണ്ടി നിലവിലെ ഫോർമുല മാറ്റുന്നതു വൻതോതിൽ കേസുകൾക്ക് ഇടയാക്കുമെന്നായിരുന്നു വാദം. റാങ്ക് പട്ടിക തയാറാക്കിയതിനെതിരെ ഉദ്യോഗാ‍ർഥികൾ കോടതിയിൽ നിന്നു സമ്പാദിച്ച സ്റ്റേ റദ്ദാക്കാൻ ‌അടിയന്തര നിയമ നടപടി തേടാനാണു പിഎസ്‌സി തീരുമാനം. സ്റ്റേയുടെ പേരിൽ നിലവിലുള്ള ഫോർമുല മാറ്റില്ലെന്നും അധികൃതർ വ്യക്തമാക്കി.