സാംസങ്ങിന്റെ ഡിജിറ്റൽ അസിസ്റ്റന്റ് ‘ബിക്സ് ബൈ’ ഗാലക്സി എസ് 8ന് ഒപ്പം

സാൻഫ്രാൻസിസ്കൊ ∙ സാംസങ്ങിന്റെ ശബ്ദ നിയന്ത്രിത ഡിജിറ്റൽ അസിസ്റ്റന്റ് ‘ബിക്സ് ബൈ’ പുതിയ സ്മാർട് ഫോണായ ഗാലക്സി എസ് എട്ടിനൊപ്പം അവതരിപ്പിക്കും. അടുത്തയാഴ്ച ഗാലക്സി എസ് എട്ട് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. സംസാരത്തിലൂടെ മൊബൈൽ ആപ്പുകളെ നിയന്ത്രിക്കുക എന്നതിനാണ് ബിക്സ് ബൈ പ്രാധാന്യം നൽകുന്നത്.

‘‘നിങ്ങളുടെ ഫോണുമായുള്ള ആശയ വിനിമയത്തിന് പുതിയ വഴികൾ തുറക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് ബിക്സ് ബൈ’’ – സാംസങ് ആർ ആൻഡ് ഡി തലവൻ ഇൻജോങ് റീ പറഞ്ഞു. നിലവിൽ വിപണിയിലുള്ള ഡിജിറ്റൽ അസിസ്റ്റന്റുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ബിക്സ് ബൈ എന്ന് സാംസങ് അവകാശപ്പെടുന്നു.

വിവിധ ആപ്പുകളുടെ ഏതാണ്ട് എല്ലാ ദൗത്യങ്ങളും നിയന്ത്രിക്കാൻ ഇതിനു കഴിയുമത്രെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ അസിസ്റ്റന്റുകളുടെ നിരയിലെ ശക്തമായ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് സാംസങ്.

ആപ്പിളിന്റെ സിരി, ഗൂഗിൾ അസിസ്റ്റന്റ്, മൈക്രോസോഫ്റ്റ് കോർട്ടാന, ആമസോണിന്റെ അലക്സ എന്നിവ നിലവിൽ ഡിജിറ്റൽ അസിസ്റ്റന്റുകളിലെ ജനപ്രിയ നാമങ്ങളാണ്.