Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഒൻപതു മാസം ഈ ആപ് കൂട്ടാകും

ganga-anjali-suma ഗംഗ രാജ്, അഞ്ജലി രാജ്, സുമ അജിത്

ഗർഭകാലം സന്തോഷത്തിന്റെയും തയാറെടുപ്പുകളുടെയും കാലം എന്നതിനപ്പുറം ആശങ്കളുടെയും ആവലാതികളുടെയും കാലമാണ്. എന്തു ചെയ്യണം? എന്തു ചെയ്യരുത്? എന്നിങ്ങനെ നൂറു കൂട്ടം സംശയങ്ങളായിരിക്കും  മനസ്സിൽ. വലിയ തിരക്കുള്ള ആശുപത്രികളിൽ  ഡോക്ടറോട് ചോദിച്ച് എല്ലാ സംശയങ്ങളും  തീർക്കാൻ കഴിയണമെന്നില്ല. ഇക്കാര്യത്തിൽ സ്ത്രീകളെ സഹായിക്കുന്നതിനായി മൊബൈൽ ആപ് പുറത്തിറങ്ങി. ‘ഐ ലൗ നൈൻ മന്ത്സ്’ ( I Love 9 Months) ആണ് ഗർഭിണികൾക്ക് ആശ്വാസമായെത്തിയിരിക്കുന്നത്.

ഗർഭിണിയാകുന്നതിനു  മുൻപും അതിനുശേഷവും  ആവശ്യമായ ആരോഗ്യരക്ഷാ നിർദേശങ്ങളാണ് ആപ്പിലൂടെ  ലഭിക്കുക. മൂന്നു മലയാളി വനിതകളാണ് ഈ ആപ്പിനു പിന്നിൽ. കൊല്ലം കടവൂർ സ്വദേശികളായ ഗംഗ രാജ്, മകൾ അഞ്ജലി രാജ്, ഗംഗയുടെ സഹോദരി സുമ അജിത് എന്നിവർ. കൊല്ലം സ്വദേശികളാണെങ്കിലും ഇവർ ജനിച്ചതും വളർന്നതും ബിഹാറിലാണ്. ഇപ്പോൾ ബെംഗളൂരുവിൽ സ്ഥിരതാമസം.  

‘പ്രഗ്നൻസി ഫിറ്റ്നസു’മായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന ആപ്പ് ജനുവരി ഒൻപതിനാണ് പുറത്തിറക്കിയത്. ആശുപത്രികളുടെയും ഡോക്ടർമാരുടെയും  സഹകരണത്തോടെയാണ്  ആപ്പിന്റെ പ്രവർത്തനം. ഏറ്റവും സുദൃഢമായ ഡോക്ടർ– രോഗി ബന്ധമാണ് ആപ്പിലൂടെ ലക്ഷ്യമാക്കുന്നതെന്നു ഗംഗയും സുമയും പറയുന്നു.

വ്യായാമം ഗർഭകാലത്തും

ഫിറ്റ്നസ് കൺസൽറ്റന്റായ ഗംഗയുടെ മനസ്സിലാണ് സ്ത്രീകൾക്കു വേണ്ടി ഇത്തരത്തിലൊരു ആപ് എന്ന ആശയം ഉദിച്ചത്. യോഗ ട്രെയിനർ കൂടിയായ ഗംഗ, ‘പ്രഗ്നൻസി ഫിറ്റ്നസ് ’ സ്പെഷ്യലിസ്റ്റ് കൂടിയാണ്. ‘‘ക്ലാസുകൾക്കായി എത്തുന്നവരിൽ പലരും ഗർഭകാലത്തും പ്രസവശേഷവും ചെയ്യാവുന്ന വ്യായാമങ്ങളെ കുറിച്ച് ചോദിക്കാറുണ്ട്. ഈ ചോദ്യങ്ങളിൽ നിന്നാണ്  ആപ്പിന്റെ പിറവി.’’ അവർ പറഞ്ഞു. 

വ്യായാമവും യോഗയും ഗർഭിണിയാകുന്നതിനു മുൻപും അതിനു ശേഷവും പ്രധാനമാണെന്നാണ് ഗംഗയുടെ അഭിപ്രായം. ഇന്ത്യയ്ക്കു പുറത്തു ഗർഭകാല ഫിറ്റ്നസ് എന്ന ആശയം പരിചിതമാണ്. എന്നാൽ ഇവിടെ സ്ഥിതി അതല്ല. വലിയ ആശുപത്രികളിൽ മാത്രമാണ് ഗർഭകാല ഫിറ്റ്നസിനെ കുറിച്ച് ക്ലാസുകൾ നൽകുന്നത്. അതിനാൽ സാധാരണക്കാർക്ക് ഇതേക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. 

കേരളത്തിലെ സ്ത്രീകൾ ഗർഭകാലം വിശ്രമ കാലമായാണ് കാണുന്നത്. എന്നാൽ ഗർഭകാലത്തു വ്യായാമം ചെയ്യുന്നതു മാനസിക ശാരീരിക ആരോഗ്യത്തിന് ഉത്തമമാണെന്നു പഠനങ്ങൾ പറയുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ,ഡോക്ടറുടെ നിർദേശപ്രകാരം  ഗർഭകാലത്ത് കൃത്യമായ ഡയറ്റ് പ്ലാനിനൊപ്പം  വ്യായാമവും ആകാവുന്നതാണ്.

ഇതിനുള്ള സഹായമാണ് ആപ് വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകൾക്കിടയിൽ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) സർവ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.  ഗർഭധാരണത്തിനു  തടസ്സമാകുന്ന പിസിഒഡി പ്രശ്നത്തെ ഒരു പരിധിവരെ  വ്യായാമം കൊണ്ടു കുറയ്ക്കാൻ സാധിക്കും.

അതുകൊണ്ടു ഗർഭിണിയാകുന്നതിനു മുൻപു തന്നെ ഒരുക്കങ്ങൾ തുടങ്ങണമെന്നാണു ഗംഗയുടെ അഭിപ്രായം. ഇതിനുള്ള നിർദേശങ്ങളും വ്യായാമ രീതികളുമാണ് ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. 

വലിയ ബുദ്ധിമുട്ടുകളില്ലാതെ ഏതൊരാൾക്കും വീട്ടിൽ ചെയ്യാവുന്ന വ്യായാമങ്ങളാണ് 9–15 മിനിറ്റ് നേരമുള്ള വീഡിയോകളിലൂടെ പരിചയപ്പെടുത്തുന്നതെന്നു ഫിറ്റ്നസ് വിഭാഗം കൈകാര്യം ചെയ്യുന്ന ഗംഗ പറയുന്നു. 

സേവനവുമായി സഹോദരി

പ്രസവകാല പരിചരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടി ഉൾപ്പെടുത്തി ആപ്പിന്റെ പരിഷ്ക്കരിച്ച രൂപവും ഉടൻ പുറത്തിറങ്ങുമെന്ന് ഇവർ പറഞ്ഞു. ‘സഹോദരി ’ എന്ന പേരിലുള്ള ഈ സേവനം ആദ്യമായി നടപ്പിലാക്കുക കേരളത്തിലാണ്. ആവശ്യമുള്ളവർക്ക്  ആശുപത്രിയിൽ കൂട്ട് പോകാനും കുഞ്ഞിനെ നോക്കാനും  ഹോം സർവീസും  സഹോദരിയിലൂടെ ആലോചനയിലുണ്ട്.. 

പരിശീലനം ലഭിച്ച സ്ത്രീകളുടെ സേവനം 24 മണിക്കൂറും ലഭിക്കും. മുലയൂട്ടുക, കുഞ്ഞിനെ കുളിപ്പിക്കുക, എണ്ണതേപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ പരിശീലനവും നൽകും. എന്നാൽ സാധാരണ വീട്ടുജോലിക്കാരെ പോലെ ഭക്ഷണം പാകം ചെയ്യുക, വീട്ടിലെ കാര്യങ്ങൾ നോക്കുക എന്നീ സേവനങ്ങൾ പ്രതീക്ഷിക്കരുതെന്ന്  സുമ പറയുന്നു.സ്ത്രീകളിൽ പ്രസവശേഷമുണ്ടാകുന്ന  മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട കൗൺസിലിങ്ങും ഇവർ നൽകും.  

എംബിഎ പൂർത്തിയാക്കിയ അ‍ഞ്ജലി യുകെയിൽ യോഗയും ഗർഭകാലവും എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്യുകയാണ്. 16 വർഷം ഓസ്ട്രേലിയയിൽ  ഓഡിയോളജിസ്റ്റായി ജോലി ചെയ്ത പരിചയം സുമയ്ക്കു പിൻബലമായുണ്ട്.

ശ്രവണവൈകല്യം പോലുള്ള തകരാറുകൾ സമയത്തു കണ്ടെത്തുന്നതിനും കൃത്യമായ പഠനത്തിലൂടെയും ചികിൽസയിലൂടെയും കുട്ടികളെ അതിൽനിന്നു കരകയറ്റുന്നതിനും കഴിയും. മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ ബോധവൽക്കരണം ആവശ്യമാണ്. അതിനു വേണ്ട സഹായങ്ങളും ആപ്പുവഴി ലഭ്യമാക്കാൻ പദ്ധതിയുണ്ട്– സുമ പറഞ്ഞു.