Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയിൽസ് ടീമിനായി ആപ്

sales-fokuz-mobile-app

നഗരത്തിന്റെ തിരക്കിൽ  ഏറെ അലയുന്നവരാണു വിവിധ കമ്പനികളുടെ സെയിൽസ് എക്സിക്യൂട്ടീവുകൾ. വിവിധ ആളുകളുടെ അടുത്തെത്തി തങ്ങളുടെ ഉൽപന്നങ്ങളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുന്നവർ.

ഇത്തരക്കാരുടെ ജോലി എളുപ്പമാക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി  രംഗത്തെത്തിയിരിക്കുകയാണു ട്രിനിറ്റിമാസ്കറ്റ് കൺസൾട്ടൻസി എന്ന സ്റ്റാർട്ടപ് കമ്പനി. സെയിൽ ഫോകസ് എന്ന ആപ്ലിക്കേഷൻ വിവിധ കമ്പനികൾക്കു തങ്ങളുടെ സെയിൽസ് എക്സിക്യൂട്ടീവുകളുടെ ജോലി എളുപ്പമാക്കാൻ സഹായിക്കുകയാണ്. 

സെയിൽസ്മാൻമാരുടെ ജോലി ക്രമീകരിക്കാനും  ഓരോ റൂട്ടിലുമുള്ള ഉപഭോക്താക്കളെ കണ്ടെത്താനും സാധിക്കുന്നതാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ. ജോലി സമയം തുടങ്ങുന്നതു മേലുദ്യോഗസ്ഥർക്ക് അറിയാനും മുഴുവൻ ദിവസത്തെയും  പ്രവർത്തനം  ക്രമീകരിക്കാനും രേഖപ്പെടുത്താനും ഇതിൽ സംവിധാനമുണ്ട്.

ജോലി തുടങ്ങുമ്പോൾ ആപ്ലിക്കേഷനിൽ പ്രവേശിക്കാം. ഏതെല്ലാം  സ്ഥലത്ത് ഇയാൾ സന്ദർശിക്കുന്നുവെന്നുള്ള കാര്യങ്ങൾ ഓഫിസിലെ കംപ്യൂട്ടറിലൂടെ അറിയാം. ഓരോ റൂട്ടിലുമുള്ള ഉപഭോക്താക്കളെ കണ്ടെത്താനും സാധിക്കും. 

മേലുദ്യോഗസ്ഥർക്കു ജീവനക്കാരുടെ പ്രവർത്തന ലക്ഷ്യം നിശ്ചയിക്കാനും ഓരോ മാസവും അവരുടെ ലക്ഷ്യം നേടിയത് എത്രയെന്നു പരിശോധിക്കാനുമുള്ള അവസരവും ഇതിലുണ്ട്.

ഓരോ കൂടിക്കാഴ്ചയ്ക്കും ശേഷം  ഉപഭോക്താവിന്റെ വിശദാംശങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ തന്നെ  അപ്ഡേറ്റ് ചെയ്യാം. ഇവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചു ഉൽപന്നങ്ങളുടെ മികവു പരിശോധിക്കാനും സാധിക്കും. 

കാക്കനാട് വാഴക്കാല കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രിനിറ്റി മാസ്കോറ്റിന്റെ ആദ്യ ഉൽപന്നമാണു സെയിൽസ്ഫോകസ്. മനോദ് മോഹൻ, അനൂപ് ഗോപിനാഥ്, ജോൺ സി. സാമുവൽ എന്നിവരാണ് ഇതിനു പിന്നിൽ. എൻജിനീയറിങ് പഠനം ഔപചാരികമായി നടത്തിയിട്ടില്ലാത്ത മനോദാണു കമ്പനി ആരംഭിച്ചത്. പിന്നീടു അനൂപും ജോണും ഒപ്പം ചേർന്നു. മൂവരും പത്തനംതിട്ട അടൂർ സ്വദേശികൾ. 

കഴിഞ്ഞ ഡിസംബറിൽ പുറത്തെത്തിയ സാങ്കേതിക വിദ്യ ഇതിനകം ഇരുപതോളം കമ്പനികൾ സ്വന്തമാക്കി. ജീവവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും അമിത യാത്ര ഒഴിവാക്കാനുമെല്ലാം   ഇതിലൂടെ സാധിക്കുമെന്നു മനോദ് പറയുന്നു.