വേഷവും വേഷംകെട്ടലും

വള്ളിച്ചെരിപ്പും ലെഗിങ്സും ലോ വെയ്സ്റ്റ് ജീ‍ൻസും മറ്റും ലോകത്ത് മാന്യമായി നടത്തുന്ന ചില വിമാനക്കമ്പനികൾ നിരോധിച്ച കാര്യം അറിഞ്ഞിരിക്കുമല്ലോ. മഹേഷിന്റെ പ്രതികാരത്തിൽ മഹേഷ് ഇട്ടുകൊണ്ടു നടക്കുന്ന എട്ടിന്റെ സൈസ് ചപ്പൽ തേച്ചു കഴുകി ഇട്ടു നടന്നാലും ചില ഓഫിസുകളിലും കയറ്റുന്നില്ല.

ഇതിനൊക്കെ എന്താ കുഴപ്പമെന്നും ചോദിക്കാം. ഇതുക്കും മേലേ പോകുന്നതു കണ്ടു സഹികെട്ടിട്ടാണ് പല കമ്പനികളും ഇതൊക്കെ നിരോധിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പാവങ്ങളിൽ പാവം രോഗികളുടെ മുമ്പിൽ ഇതൊക്കെയിട്ടു ന്യൂജൻ പിള്ളാരായിട്ടു നടന്നപ്പോഴും നിരോധനം വന്നിരുന്നു. രോഗികൾക്കു ബഹുമാനം തോന്നുന്ന വസ്ത്രങ്ങൾ ആൺ–പെൺ ഡോക്ടർ കുട്ടികൾ ഇടണമെന്നു നിയമം വന്നതു വൻ പരാതിയായി. കോളജ് ക്യാംപസിൽ എന്തു വേണമെങ്കിലും ധരിച്ചോ, പക്ഷേ ആശുപത്രിയിൽ അതു പറ്റില്ല എന്നു പറയേണ്ടി വന്നതുപോലെയാണ് മിക്ക ഐടി കമ്പനികളിലും.

ന്യൂജൻ എക്സിക്യൂട്ടീവ് പിള്ളാര് തോന്നും പോലെ ഡ്രസ് ചെയ്തു വരാൻ തുടങ്ങിയപ്പോൾ പല കമ്പനികൾക്കും ഇണ്ടാസ് ഇറക്കേണ്ടി വന്നു, ഏതൊക്കെ ധരിക്കാൻ പറ്റില്ല എന്ന ലിസ്റ്റുമായി. ആണുങ്ങൾക്ക്– ട്രാക്ക് പാന്റ്സ്, ഷോർട്സ്, വള്ളിച്ചെരിപ്പ്, സൺഗ്ലാസ്. പെണ്ണുങ്ങൾക്ക്– ആണുങ്ങളുടെ നിരോധിത സാധനങ്ങൾക്കു പുറമെ ലെഗിങ്സ്, സ്ട്രാപ്‌ലെസ് ടോപ്, സ്പഗറ്റി ടോപ്.

അതെന്തിനാ നിരോധനം എന്നു ചോദിക്കുന്നവരുണ്ട്. കമ്പനികൾ പലതരമാണ്. ചിലത് ഡിസൈൻ രംഗത്തോ, ആപ് നിർമാണ രംഗത്തോ എങ്കിൽ അവിടെ സർഗാത്മക കഴിവുകളുള്ളവരെ വേണം. അവർക്ക് ഇമ്മാതിരി ഡ്രസ് കോഡ് പറ്റില്ല. അത്തരം കമ്പനികളിൽ നിക്കറോ കാപ്രിയോ ട്രാക്ക് പാന്റ്സോ ചപ്പലോ എന്തു വേണമെങ്കിലും ആകാം. അതിൽ തൊട്ടാൽ അവരുടെ സർഗശേഷിയുടെ കൂമ്പടഞ്ഞാലോ! ഐടിയിൽ സോഫ്റ്റ്‌വെയർ ഉൽപന്നം നിർമിക്കുന്നവരും സർവീസസ് കമ്പനികളുമുണ്ട്. ഉൽപന്ന നിർമാതാക്കളെ ഇടപാടുകാർ വന്നു കാണാറില്ല. അവിടെ കാര്യമായ ഡ്രസ് കോഡ് കാണില്ല. പക്ഷേ ഇടപാടുകാർ വന്നു നോക്കുന്ന സർവീസസ് കമ്പനികളിലാണ് സർവത്ര ഡ്രസ് കോഡ്.

തിങ്കൾ മുതൽ വ്യാഴം വരെ ഫോർമൽ. വെള്ളി സ്മാർട് കാഷ്വൽ എന്നൊരിനമുണ്ട്. വെള്ളിയാഴ്ച കാഷ്വൽ വസ്ത്രമിടാം, പക്ഷേ വട്ടക്കഴുത്ത് ടീ ഷർട്ടും ത്രീഫോർത്തും ചപ്പലും മറ്റും പറ്റില്ല. ആണായാലും പെണ്ണായാലും കാൽവിരൽ പുറത്തു കാണുന്ന ചെരിപ്പ് ഇടരുതെന്നാണ്. അരക്കയ്യൻ ചെക്ക്ഷർട്ട്, കോളറുള്ള ടീ ഷർട്ട്, ജീൻസ് ഇത്യാദികൾ ഇടാം.

തിങ്കൾ മുതൽ വ്യാഴം വരെ ആണുങ്ങൾ ഫോർമൽ പാന്റ്സും ഷർട്ടും ടൈയും ഇടണം. ചിലയിടത്ത് തിങ്കൾ മാത്രം ടൈ കെട്ടിയാൽ മതി. ടൈ കയ്യിലുണ്ടാവണം, കെട്ടാൻ അറിയണം, അത്രേയുള്ളു. അമേരിക്കയിൽ നിന്ന് ഇടപാടുകാർ വരുമ്പോൾ ടൈ അന്വേഷിച്ചു നടക്കുന്ന ഗതിയാവരുത്. പെണ്ണുങ്ങൾക്ക് സായിപ്പിന്റെ നാട്ടിലുള്ള ഷോർട്ട് സ്കർട്ട്, കോട്ട്, ടോപ് എന്നിവ ചേർന്ന സ്യൂട്ട് ഇവിടെ തീരെയില്ല. എംബിഎ സ്കൂളുകളും ഇപ്പോഴിത് ഒഴിവാക്കുന്നു. പകരം പാന്റ്സും കോട്ടുമാണ്.

സത്യം പറയുമ്പോൾ പിണങ്ങരുത്. ആണുങ്ങളാണു പൊതുവെ അലക്കിത്തേച്ചു നന്നായി വേഷമിട്ടു വരുന്നതെന്ന് കമ്പനി സിഇഒമാർ പറയുന്നു. കൊന്നാലും പെൺ പ്രഫഷനലുകൾ ഇടാത്ത വസ്ത്രമായി മാറുകയാണു സാരി. ഒരു കമ്പനിയിൽ ബുധനാഴ്ച ഫോർമൽ വസ്ത്രമായി സാരി ഏർപ്പെടുത്തിയപ്പോൾ എല്ലാവരും സാരിയുടുക്കാൻ പഠിച്ചു.

സർഗപ്രതിഭ വേണ്ടുന്ന കമ്പനികളിൽ പരമസുഖമാകുന്നു. തലമുടി നീട്ടി വളർത്തി കൊണ്ട കെട്ടിയും പിന്നിയിട്ടും വരുന്ന ആണുങ്ങളെ ഇവിടങ്ങളിൽ കാണാം. ന്യൂജൻ എന്നു വച്ചാൽ തന്നെ തലമുടിയിൽ എന്തൊക്കെയോ സർക്കസ് കാണിക്കുന്നവരാകുന്നു എന്ന ധാരണ പരന്നിട്ടുണ്ട്. ഫ്രീക്കൻ തന്നെ ആവണമെന്നില്ല. പക്ഷേ ഫ്രീംഡം കൂടിപ്പോയാൽ ചാടിച്ചാടി വളയമില്ലാതെ ചാടിക്കളയുമോ എന്ന പേടിയുമുണ്ട് കമ്പനികളിൽ. പൊന്നനിയാ, അല്ലേൽ അനിയത്തീ എന്തു വേണേലും ഇട്ടോണ്ടു വന്നോ...ഒരു മിനിമം മാന്യത വേണേ എന്നു കൈകൂപ്പി പറയേണ്ട സ്റ്റേജായി!

ഒടുവിലാൻ: കേരളത്തിലെ ഐടിയുടെ തുടക്കക്കാരിൽ പ്രമുഖനായ ജി.വിജയരാഘവൻ കറുത്ത പാന്റ്സും വെളുത്ത ഷർട്ടുമേ ധരിക്കൂ. പഠിക്കുന്ന കാലത്തു പണമില്ലാത്തതിനാൽ കണ്ടെത്തിയ ഐഡിയ. കറുത്ത പാന്റ്സും വെളുത്ത ഷർട്ടും ഒന്നോ രണ്ടോ ജോഡി മതി; ഇല്ലായ്മ അറിയില്ലല്ലോ. ആ  ശീലം ഇപ്പോഴും തുടരുന്നു.