പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകൾക്ക് അവസരം: ആർബിഐ

മുംബൈ∙ പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകൾക്ക് ഇനിയും ഏറെ അവസരമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ഉർജിത് പട്ടേൽ. അതേസമയം, നാണ്യപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുന്നത് ഗൗരവമായി കാണണമെന്നും ആർബിഐയുടെ ആറംഗ പണനയ സമിതിയിൽ (എംപിസി) അദ്ദേഹം പറഞ്ഞു. വരും മാസങ്ങളിൽ നാണ്യപ്പെരുപ്പത്തിന്റെ കയറ്റിറക്കം നിരീക്ഷിക്കേണ്ടതുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മറ്റു പദ്ധതികളുടെ പലിശനിരക്കുമായി യോജിച്ചു പോകുന്നില്ല.

2015 ജനുവരിക്കു ശേഷം പലിശനിരക്കിൽ 1.75% കുറവാണ് ആർബിഐ വരുത്തിയത്. എന്നാൽ ബാങ്കുകൾ കുറച്ചത് 0.85 – 0.90 ശതമാനം മാത്രം. പലിശനിരക്ക് കുറച്ചാൽ സാമ്പത്തിക രംഗത്ത് ഉണർവുണ്ടാകും. എന്നാൽ സാമ്പത്തിക രംഗത്ത് പ്രതിസന്ധിയുണ്ടാകാതെ തന്നെ നാണ്യപ്പെരുപ്പം കുറയ്ക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നതെന്നും ഗവർണർ പറഞ്ഞു. ലക്ഷ്യമിട്ട നാലു ശതമാനത്തിൽ നാണ്യപ്പെരുപ്പം നിലനിർത്താനാണു ശ്രമിക്കുന്നത്.

നോട്ട് റദ്ദാക്കലിനു ശേഷം സാമ്പത്തിക ഉണർവ് പ്രകടമാകുന്നുണ്ടെങ്കിലും സ്വകാര്യ നിക്ഷേപം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നും എംപിസി വിലയിരുത്തി.

ഈ മാസം ആറിനു പ്രഖ്യാപിച്ച വായ്പാനയ അവലോകനത്തിൽ അടിസ്ഥാന പലിശനിരക്കിൽ ആർബിഐ മാറ്റം വരുത്തിയില്ല. 2016 ഒക്ടോബറിലാണ് ആർബിഐ ഏറ്റവും ഒടുവിൽ പലിശ നിരക്ക് കുറച്ചത്.