Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്1–ബി വീസ ഇന്ത്യൻ കമ്പനികൾ തട്ടിയെടുക്കുന്നെന്ന് യുഎസ്; അനധികൃത നേട്ടമെടുക്കുന്നില്ലെന്ന് നാസ്കോം

H - 1B Visa

ന്യൂഡൽഹി∙ എച്ച്1–ബി വീസകളുടെ സിംഹഭാഗവും ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളായ ടിസിഎസും ഇൻഫോസിസും അനധികൃതമായി സ്വന്തമാക്കുന്നെന്ന അമേരിക്കയുടെ വാദം തള്ളി ഐടി കമ്പനികളുടെ സംഘടനയായ നാസ്കോം രംഗത്ത്.

എച്ച്1–ബി വീസ ലഭിക്കുന്ന ആദ്യ 20 കമ്പനികളിൽ ആറെണ്ണം മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളതെന്നും നാസ്കോം പറഞ്ഞു. 2015 ൽ ഇൻഫിക്കും ടിസിഎസിനും കൂടി ലഭിച്ചത് 7,504 വീസയാണ്. അമേരിക്ക നൽകിയ ആകെ എച്ച്1–ബി വീസയുടെ 8.8 ശതമാനം മാത്രമാണിതെന്നും നാസ്കോം വ്യക്തമാക്കി.

കൂടുതൽ ടിക്കറ്റുകൾ വാങ്ങി വിജയിക്കാനുള്ള സാധ്യത ഉറപ്പാക്കുന്ന ലോട്ടറിയിലെ തന്ത്രമാണ് ടിസിഎസ്, ഇൻഫോസിസ്, കോഗ്‌നിസെന്റ് എന്നീ കമ്പനികൾ നടത്തുന്നതെന്നായിരുന്നു ഡോണൾഡ് ട്രംപിന്റെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

നിലവിലെ ലോട്ടറി സംവിധാനം അവസാനിപ്പിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ വിദഗ്ധരെ എടുക്കുന്ന തരത്തിൽ കുടിയേറ്റ നയങ്ങൾ ട്രംപ് ഭരണകൂടം പരിഷ്കരിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വൈറ്റ്ഹൗസിന്റെ വെബ്സൈറ്റിലും ഇന്ത്യൻ ഐടി കമ്പനികൾക്കെതിയുള്ള പരാമർശം പ്രത്യക്ഷപ്പെട്ടിരുന്നു.

അമേരിക്ക ആകെ അനുവദിക്കുന്ന എച്ച്1–ബി വീസയുടെ 20 ശതമാനമാണ് ഇന്ത്യയിലെ ഐടി കമ്പനികൾക്കെല്ലാം കൂടി ലഭിക്കുന്നത്. അമേരിക്കയിൽ ജോലി ചെയ്യാൻ ഇന്ത്യൻ ടെക്നോളജി കമ്പനികൾ ജീവനക്കാരെ അയയ്ക്കുന്നത് എച്ച്1 ബി വീസ ഉപയോഗിച്ചാണ്. അമേരിക്ക ഫസ്റ്റ് പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതു മുതൽ ഇന്ത്യൻ ഐടി കമ്പനികളിൽ ആശങ്കയുണ്ടായിരുന്നു.

ഇന്ത്യക്കാരെയും ഇന്ത്യൻ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തൊഴിൽവീസ നിയന്ത്രണ ഉത്തരവിൽ ഒപ്പുവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.

എച്ച് 1 ബി, എൽ 1 വീസകൾക്കു കുറഞ്ഞ ശമ്പളപരിധി ഇരട്ടിയിലേറെയായി ഉയർത്തുന്നതിനു പുറമേ തൊഴിൽവീസയിലെത്തുന്നവരുടെ പങ്കാളികൾക്കു തൊഴിൽ കാർഡുകൾ നൽകുന്നതും നിർത്തലാക്കുന്നതാണു പ്രസിഡന്റിന്റെ ഉത്തരവ്.

എച്ച്1–ബി വീസയുടെ കാര്യത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി യുഎസ് ട്രഷറി സെക്രട്ടറിയുമായി ചർച്ച നടത്തി. പൊതു ചർച്ച നടത്തുമെന്നും ഏതെങ്കിലും പ്രത്യേക കമ്പനിയുടെ പ്രശ്നത്തിൽ ഇടപെടില്ലെന്നും മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.