Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേയ്‌മെന്റ്സ് ബാങ്കുകളുടെ പ്രത്യേകതകൾ

x-default

ഒരു കൈകൊണ്ട് നിക്ഷേപം സ്വീകരിക്കുകയും മറു കൈകൊണ്ട് വായ്പ നൽകുകയും ചെയ്യുന്ന മധ്യവർത്തി സ്ഥാപനങ്ങൾ എന്ന പരമ്പരാഗത നിർവചനം ഇനി ബാങ്കുകൾക്ക് നൽകാനാകില്ല. മറ്റേതൊരു ബാങ്കും ചെയ്യുന്ന സാമ്പത്തിക സേവനങ്ങൾ എല്ലാം നടത്താമെങ്കിലും വായ്പ നൽകുവാൻ അനുവാദമില്ലാത്ത പേയ്‌മെന്റ്സ് ബാങ്കുകൾ നിലവിൽ വന്നതോടെ ബാങ്കുകളുടെ ഒരു നൂതന തലമുറ കൂടി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഇതിനോടകം പ്രവർത്തനം തുടങ്ങിയ പേയ്‌മെന്റ്സ് ബാങ്കുകളുടെ കൂട്ടത്തിൽ ഇന്ത്യ പോസ്റ്റ് കൂടി ഉണ്ടെന്നുള്ളത് ഇവയുടെ പ്രസക്തി വർധിപ്പിക്കുന്നു. 

മൂന്ന് ബാങ്കുകൾ ആരംഭം കുറിച്ചു

ഇന്ത്യയിലെ എല്ലാ സാധാരണക്കാർക്കും ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് 2015 ഓഗസ്റ്റ് മാസത്തിൽ ബാങ്ക് ഇതര ഫിനാൻസിങ് കമ്പനികൾ, ടെലികോം കമ്പനികൾ, സൂപ്പർമാർക്കറ്റ് ശൃംഖലകൾ എന്നിങ്ങനെ 11 സ്ഥാപനങ്ങൾക്കാണ് പേയ്‌മെന്റ്സ് ബാങ്കുകൾ തുടങ്ങാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. രാജ്യത്തിന്റെ ഏത് കോണിലും പോസ്റ്റ് ഓഫിസ് ശൃംഖലയുള്ള ഇന്ത്യ പോസ്റ്റിന്റെ അപേക്ഷയും ഇതോടൊപ്പം അനുവദിച്ചു. ഇവയിൽ ഇന്ത്യ പോസ്റ്റ്, എയർടെൽ, പേയ്ടിഎം എന്നിവയാണ് ഇതിനകം പേയ്‌മെന്റ്സ് ബാങ്കുകൾ ആരംഭിച്ചിരിക്കുന്നത്. 

പേയ്‌മെന്റ്സ് ബാങ്ക് എന്നാൽ

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിലുടനീളം എല്ലാവർക്കും ബാങ്കിങ് സേവനം ലഭ്യമാക്കാനും സ്‌മോൾ ഫിനാൻസ് ബാങ്കുകളോടൊപ്പമാണ് പേയ്‌മെന്റ്സ് ബാങ്കുകൾ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. മറ്റ് ഏതൊരു ബാങ്ക് ശാഖയിലെയും പോലെ പണമിടപാടുകൾ നടത്താം, സേവിങ്സ് ബാങ്ക് അക്കൗണ്ടും കറന്റ് അക്കൗണ്ടും തുടങ്ങാം എന്നിരിക്കലും ചെറുകിട ഇടപാടുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. പരമാവധി നിക്ഷേപം ഒരു ലക്ഷം രൂപ വരെയായി നിജപ്പെടുത്തിയിരിക്കുന്നു. സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ 75 ശതമാനം സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്. 

ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിങ് ഉൾപ്പെടെ ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ എന്നിങ്ങനെ സാധാരണ ബാങ്കുകളിൽ ലഭിക്കുന്ന ചെറുകിട വ്യക്തിഗത സേവനങ്ങൾ എല്ലാം ലഭ്യമാണെങ്കിലും പേയ്‌മെന്റ്സ് ബാങ്കുകൾക്ക് വായ്പകളും ക്രെഡിറ്റ് കാർഡുകളും നൽകാൻ അധികാരമില്ല. 

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക്

റായ്പൂരിലും റാഞ്ചിയിലും ശാഖകളുമായി പ്രവർത്തനം ആരംഭിച്ച ഇന്ത്യ പോസ്റ്റ് ബാങ്ക് രാജ്യത്തൊട്ടാകെ എല്ലാ ജില്ലകളിലും ഓരോ ശാഖ ആരംഭിക്കുന്നതിനാണു ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും ഏകദേശം 1500 പോസ്റ്റ് ഓഫിസുകളെ അതതു ജില്ലയിലെ ഇന്ത്യ പോസ്റ്റ് ബാങ്ക് ശാഖയുമായി കംപ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കാനാണു പരിപാടി. ഇന്ത്യ പോസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി 500 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്.

രാജ്യത്തെ മൂന്നു ലക്ഷത്തോളം പോസ്റ്റ്മാൻമാർ വഴി അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ സാധാരണക്കാരന്റെ വീട്ടുപടിക്കലെത്തിക്കുകയാണ് ലക്ഷ്യം. സൗജന്യമായി സേവനങ്ങൾ നൽകാൻ സ്ഥാപിച്ച എടിഎമ്മുകൾ പ്രവർത്തിപ്പിക്കുന്നത് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കാണ്. നിക്ഷേപ കാലാവധി അനുസരിച്ച് 5.5 ശതമാനം വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ പലിശ നൽകുന്നു.

മറ്റ് പേയ്‌മെന്റ്സ് ബാങ്കുകൾ

എയർടെൽ മൊബൈൽ കമ്പനിയുടെ എയർടെൽ പേയ്‌മെന്റ്സ് ബാങ്ക് കമ്പനിയുടെ മൊബൈൽ വരിക്കാരെയാണ് മുഖ്യമായും ഇടപാടുകാരായി ലക്ഷ്യമിടുന്നത്. സേവിങ്സ് അക്കൗണ്ടിൽ 7.25% പലിശ നൽകുമെങ്കിലും 4000 രൂപയ്ക്കുമേലുള്ള പണം പിൻവലിക്കലിന് ഫീസ് ഈടാക്കുന്നു. 

പ്രമുഖ ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ പേയ്ടിഎം ആരംഭിച്ചിട്ടുള്ള പേയ്ടിഎം പേയ്‌മെന്റ്സ് ബാങ്കിൽ എടിഎം ഇടപാടുകൾ നിശ്ചിത എണ്ണം വരെയും ഡിജിറ്റൽ പണമിടപാടുകൾ പൂർണമായും സൗജന്യമാണ്. നിലവിൽ പേയ്ടിഎം മൊബൈൽ വോലറ്റുകളുള്ളവർക്ക് പേയ്‌മെന്റ്സ് ബാങ്കിൽ ഓൺലൈനായിത്തന്നെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സംവിധാനവുമുണ്ട്.

ഒരു താരതമ്യം

ഇന്ത്യയുടെ ബാങ്കിങ് പരിസ്ഥിതിയിൽ ദൂരവ്യാപക പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ പോകുന്നവയാണ് പേയ്‌മെന്റ്സ് ബാങ്കുകൾ. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ സേവനങ്ങൾക്ക് ഫീസുകൾ ഉയർത്തുന്നതോടെ സാധാരണക്കാർക്ക് പേയ്‌മെന്റ്സ് ബാങ്കുകളെത്തന്നെ ആശ്രയിക്കേണ്ടി വരും. മൂലധനം ഉൾപ്പെടെ പേയ്‌മെന്റ്സ് ബാങ്കുകളുടെ പ്രവർത്തനങ്ങളെല്ലാം റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കുമെന്നത് ആശ്വാസം. മുഖ്യധാരാ ബാങ്കുകളിൽ നിന്ന് സാധാരണക്കാരെയും ചെറുകിട സൂക്ഷ്മ സംരംഭകരെയും മാറ്റിനിർത്തുന്ന അവസ്ഥയിലേക്ക് ബാങ്കിങ് പരിഷ്‌ക്കാരങ്ങൾ എത്തുമോ എന്നു കാത്തിരുന്നു കാണാം.