കാഴ്ചയേകാൻ ആക്സെഞ്ചറിന്റെ ‘ദൃഷ്ടി’

ന്യൂഡൽഹി ∙ കാഴ്ചവൈകല്യം നേരിടുന്നവർക്കു കാഴ്ചയാകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമൊരുക്കുകയാണു പ്രമുഖ ഐടി കമ്പനിയായ ആക്സെഞ്ചർ. കമ്പനിയുടെ ‘ടെക്4ഗുഡ്’ പദ്ധതിയുടെ ഭാഗമായാണു ‘ദൃഷ്ടി’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം രൂപപ്പെടുത്തിയത്. കാഴ്ചവൈകല്യം നേരിടുന്ന ജോലിക്കാരെ ലക്ഷ്യമിട്ടാണ് ഇതു വികസിപ്പിച്ചെടുത്തത്.

രാജ്യത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 100 പേർക്ക് ആദ്യഘട്ടത്തിൽ ഇതു വിതരണം ചെയ്യും. സ്പാനിഷ് ഭാഷയിൽ ദക്ഷിണാഫ്രിക്കയിൽ നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ വെളിച്ചത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഇന്ത്യയിൽ കൊണ്ടുവരുന്നത്.

ചുറ്റുപാടുമുള്ള കാഴ്ചകളെ തിരിച്ചറിഞ്ഞ് കാഴ്ചവൈകല്യമുള്ളവർക്കു പറഞ്ഞുകൊടുക്കുകയാണു ദൃഷ്ടി ചെയ്യുന്നത്. സ്മാർട് ഫോണുമായി ബന്ധിപ്പിച്ചാണു സംവിധാനം പ്രവർത്തിക്കുന്നത്.

ചുറ്റുമുള്ള അന്തരീക്ഷം എങ്ങനെയുള്ളതാണ്, വഴിയിൽ തടസ്സങ്ങളുണ്ടോ എന്നെല്ലാം ദൃഷ്ടി തിരിച്ചറിയും, പറഞ്ഞുകൊടുക്കും. നാഷനൽ അസോസിയേഷൻ ഓഫ് ബ്ലൈൻഡ് ഇൻ ഇന്ത്യയുമായി ചേർന്ന് 10 പേരിൽ പരീക്ഷണം നടത്തിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗിക്കുക എന്നതാണു ടെക്4ഗുഡ് പദ്ധതിയുടെ ലക്ഷ്യം.