Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ‘പ്രോത്സാഹനം’ മാത്രം; സർക്കാരിന് വിൻഡോസ് മതി

MICROSOFT-OS-Windows Representative Image

തിരുവനന്തപുരം∙ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഐടി നയത്തില്‍ പറയുമ്പോഴും മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ (ഒഎസ്) പുതിയ പതിപ്പ് വാങ്ങാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അനുമതി നല്‍കി ഐടി വകുപ്പ്.

ഓഗസ്റ്റ് 14നു ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് അനുമതി നല്‍കിയത്. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയുടെ ആവശ്യാനുസരണം വിൻഡോസ് ഒഎസ് വിതരണം ചെയ്യേണ്ടതിന്റെ ചുമതല കെല്‍ട്രോണിനാണ്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ലൈസന്‍സിനു വിപണിവില 13,951 രൂപയാണെന്നും സര്‍ക്കാര്‍ സ്ഥാനങ്ങള്‍ക്ക് പ്രത്യേക ഓഫറിലൂടെ 4602 രൂപയ്ക്ക് ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ഐസിഫോസിനെ (രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രം) തിരഞ്ഞെടുത്ത് ഉത്തരവിറങ്ങിയതിന്റെ പിറ്റേദിവസമാണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് വിന്‍ഡോസ് ഒഎസ് വാങ്ങാന്‍ അനുമതി നല്‍കിയത്. 

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നാണ് 2017ലെ ഐടി നയത്തില്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നവംബര്‍ 28നു പുറത്തിറങ്ങിയ ഐടി വകുപ്പിന്റെ ഉത്തരവനുസരിച്ച്, ജനങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നയം നടപ്പിലാക്കുന്നതിനുമുള്ള നോഡല്‍ ഏജന്‍സിയായി രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രത്തെ തിരഞ്ഞെടുത്തു.

നവംബര്‍ 29ന് ഇറങ്ങിയ ഉത്തരവിലാണ് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് വാങ്ങാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്. ഇതു സംസ്ഥാനത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. തീരുമാനത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍‌ ഒഴിവാക്കണമെന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണു തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവം വിവാദമായ സാഹചര്യത്തിലാണിത്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥരെ സജ്ജരാക്കാന്‍ രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രം പരിശീലന പരിപാടികള്‍ നടത്തിവരികയാണ്. ഐടി മിഷനുമായി സഹകരിച്ച് 1800 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള തയാറെടുപ്പിലുമാണ്. വ്യവസായ പരിശീലന വകുപ്പും ഭവന നിര്‍മാണ ബോര്‍ഡും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഭവന നിര്‍മാണ ബോര്‍ഡിലെ 250 ഉദ്യോഗസ്ഥര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പരിശീലനം പൂര്‍ത്തിയാക്കി. 7 വര്‍ഷം മുന്‍പാണ് സെക്രട്ടേറിയറ്റില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പദ്ധതി നടപ്പിലാക്കിയത്. സെക്രട്ടേറിയറ്റിലെ 95% കംപ്യൂട്ടറുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ഓഫിസുകളിലേക്കു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് മൈക്രോസോഫ്റ്റിനെ പിന്തുണച്ച് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

പരിശീലനം ലഭിക്കാത്തതിനാലാണു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നതെന്നു സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. എന്നാല്‍ പല ആപ്ലിക്കേഷനുകളും വിന്‍ഡോസില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും ഇക്കാരണത്താലാണ് ഉത്തരവിറക്കിയതെന്നും ഐടി വകുപ്പ് വിശദീകരിക്കുന്നു.