പിൻവാതിൽ തുറക്കുമ്പോൾ

SHARE

ശിക്ഷാ കാലാവധി പൂർത്തിയാക്കാത്ത 209 തടവുകാരെ ഇളവു നൽകി വിട്ടയച്ച ഉത്തരവ് റദ്ദാക്കിയതിലൂടെ അധികാരരാഷ്ട്രീയത്തിന്റെ വഴിവിട്ട താൽപര്യങ്ങളോടു മാത്രമല്ല, സാമൂഹികമായ ആശങ്കകൾക്കുകൂടി മറുപടി നൽകിയിരിക്കുകയാണു ഹൈക്കോടതി. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ  2011 ഫെബ്രുവരി 18ലെ ഉത്തരവിൻമേലുണ്ടായ വിധി, രാഷ്ട്രീയ പരിഗണനയിൽ തടവുകാരെ വിട്ടയയ്ക്കുന്ന സർക്കാർരീതിക്കു കനത്ത ആഘാതമാകുകയും ചെയ്യുന്നു.

വിശദമായ അന്വേഷണത്തിനും സൂക്ഷ്മമായ വിചാരണയ്ക്കും ശേഷം എല്ലാ വാദമുഖങ്ങളും തെളിവുകളും പരിഗണിച്ചു കോടതി ശിക്ഷിച്ച പ്രതികളിൽ ചിലരെയെങ്കിലും പിൻവാതിലിലൂടെ സമൂഹത്തിലേക്കു തുറന്നുവിടാനുള്ള നീക്കം കോടതി തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനംകൂടിയാണ് ഈ വിധി. 2011 ൽ മോചനം ലഭിച്ചവരിൽ 14 വർഷം തടവു പൂർത്തിയാക്കിയിരുന്നത് അഞ്ചിൽ താഴെപേർ മാത്രമാണെന്ന അറിവ് നാടിന്റെ മനഃസാക്ഷിക്കുതന്നെ ചോദ്യചിഹ്നമാകുന്നുണ്ട്. 10 വർഷം കഴിഞ്ഞവരാകട്ടെ നൂറിൽ താഴെ മാത്രം. രാഷ്ട്രീയ കൊലപാതകക്കേസുകളിലും ശിക്ഷയിളവു നൽകിയിരുന്നു. 

അന്നു മോചിപ്പിച്ചവരുടെ വിശദാംശം ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തൽ. ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ പി. സദാശിവം മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയിൽ എത്തിയത്. സർക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011ൽ അന്നത്തെ സർക്കാർ ഇത്തരത്തിൽ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും 10 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയവരെയാണ് അന്നു വിട്ടയച്ചതെന്നും  അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന്, യഥാർഥത്തിൽ 14 വർഷത്തെ ശിക്ഷ അനുഭവിക്കേണ്ടവർ ഇതിൽ എത്ര പേരുണ്ടെന്ന് അറിയിക്കാൻ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. 

ഇളവിനുള്ള പ്രത്യേക സാഹചര്യം ഓരോ കേസിലും വ്യക്തമല്ലെന്നതു ശിക്ഷയിളവ് റദ്ദാക്കാൻ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങളിൽ ഉൾപ്പെടുന്നു. മോചനം ലഭിച്ച 209 പേരിൽ യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകനും ജയിലിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകനുമൊക്കെ ഉൾപ്പെടുന്നുണ്ട്. അതീവ ജാഗ്രതയോടെയുള്ള പരിശോധനയും വിലയിരുത്തലും സൂക്ഷ്മപരിശോധനയുമൊക്കെ കഴിഞ്ഞതാണെന്നു നമ്മൾ വിശ്വസിക്കുന്ന ഇളവുപട്ടികയിൽ ഇങ്ങനെയുള്ള പേരുകൾ കടന്നുവന്നതു പൊതുസമൂഹം  ചോദ്യം ചെയ്യുന്നതിൽ തെറ്റുപറയാനാവില്ല.

ശിക്ഷയിളവിനു പിണറായി സർക്കാർ ശുപാർശ ചെയ്ത തടവുകാരുടെ മോചനവും ഇപ്പോഴത്തെ ഹൈക്കോടതി വിധിയോടെ തുലാസിലായി. കഴിഞ്ഞ ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ തയാറാക്കിയ 36 പേരുടെ മോചന ശുപാർശയാണു ഗവർണർ മടക്കിയത്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തടവുകാരെ മോചിപ്പിക്കരുതെന്ന ഉത്തരവു നിലവിലുള്ളതായിരുന്നു കാരണം. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നു വ്യക്തത വരുത്തണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്, 2011 ലെ കണക്കുമായി കോടതിയിലെത്തിയ അഡ്വക്കറ്റ് ജനറൽ ഇപ്പോൾ സങ്കീർണമായൊരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. ഇപ്പോഴുണ്ടായ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെങ്കിലും നിയമക്കുരുക്കിലേക്കു നീങ്ങാനുള്ള സാധ്യത മുന്നിലുണ്ടുതാനും. 

ഇപ്പോഴത്തെ ഹൈക്കോടതിവിധി ഒരു മുന്നറിയിപ്പായി കണ്ട്, ഭരിക്കുന്ന സർക്കാരിന്റെ താൽപര്യം വച്ച് തടവുകാരെ ഇളവുനൽകി മോചിപ്പിക്കുന്ന രീതിക്ക് അറുതി ഉണ്ടാവുകതന്നെ വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA