Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായ്പ നയം: ബാങ്കുകൾ പലിശ കുറച്ചേക്കും

PTI8_2_2017_000086B

കൊച്ചി ∙ ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശ നിരക്കിൽ ഇളവിലേക്കു വഴിയൊരുക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകളിൽ കാൽ ശതമാനം കുറവു വരുത്തി. പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം പലിശ നിരക്കു കുറയ്ക്കലിലേക്കു നയിച്ചത് നാണ്യപ്പെരുപ്പത്തിലെ ഇടിവും ജിഎസ്ടിയുടെ വിജയവും മഴ സമൃദ്ധിയുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ അറിയിച്ചു. 

നാണ്യപ്പെരുപ്പ നിരക്ക് ജൂണിൽ അഞ്ചു വർഷത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയിരുന്നു. എന്നാൽ മൺസൂൺ മഴ കാര്യമായി ലഭിച്ചത് മികച്ച കാർഷിക വിളവും അതുവഴി ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളർച്ചയും സൃഷ്ടിക്കും. നാണ്യപ്പെരുപ്പം നാലു ശതമാനത്തിലെത്തുമെന്നാണു കണക്കുകൂട്ടൽ.

സർക്കാർ കടപ്പത്രങ്ങൾ വാങ്ങുന്നതിന് ബാങ്കുകൾക്കു ലഭ്യമാക്കുന്ന ഹ്രസ്വകാല സാമ്പത്തിക പിന്തുണയുടെ (എംഎസ്എഫ്) നിരക്ക് 0.25% കുറച്ച് 6.25% ആക്കിയിട്ടുമുണ്ട്. നടപ്പു സാമ്പത്തിക വർഷം സാമ്പത്തിക രംഗം 7.3% വളർച്ചാ നിരക്ക് നേടും. അതേ സമയം കരുതൽധന അനുപാതം (സിആർആർ) മൊത്തം നിക്ഷേപത്തിന്റെ 4% ആയി തുടരും. 

അടിസ്ഥാന പലിശ നിരക്കുകളിൽ കുറവു വരുത്തുന്നത് ബാങ്കുകളുടെ വായ്പ പലിശ നിരക്കു കുറവിലേക്കും അതുവഴി മാസത്തവണ അടയ്ക്കേണ്ട തുകയുടെ കുറവിലേക്കും നയിക്കേണ്ടതാണ്. നിലവിൽ 8.25 ശതമാനാണ് ബാങ്കുകളുടെ അടിസ്ഥാന വായ്പാ പലിശ നിരക്ക്. (എംഎൽആർ). അതിൽ കാൽ ശതമാനം കുറവു വരുത്തുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

വായ്പാ നയ അവലോകനത്തിൽ നിന്ന്

∙ സാമ്പത്തിക മേഖല 7.3% വളർച്ച നേടും.

∙ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം നാലാം പാദത്തിൽ നാലു ശതമാനത്തിൽ തുടരും.

∙ ചരക്ക്, സേവന നികുതി വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞു.

∙ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും, അടിസ്ഥാന സൗകര്യ വികസന രംഗത്തെ തടസ്സങ്ങൾ നീക്കാനും നടപടി വേണം.

repo-rate

∙ കാർഷിക കടം എഴുതിത്തള്ളാനുള്ള സംസ്ഥാനങ്ങളുടെ നീക്കം, സാമ്പത്തിക പ്രതിസന്ധിക്കും പൊതു ചെലവ് കുറയ്ക്കാനും വഴിയൊരുക്കും.

∙ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത് കുറയ്ക്കാൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കും.

∙ വിദേശ നാണ്യ കരുതൽ ശേഖരം 39290 കോടി ഡോളറിൽ.

പലിശ കുറയ്ക്കാൻ ബാങ്കുകൾക്ക് അവസരം: ആർബിഐ

ചില മേഖലകളിൽ പലിശ നിരക്ക് ഇനിയും കുറയ്ക്കാൻ ബാങ്കുകൾക്കു കഴിയുമെന്ന് ആർബിഐ. ആർബിഐ പലിശ കുറയ്ക്കുന്നുണ്ടെങ്കിലും ഉപയോക്താക്കൾക്ക് ഇതിന്റെ ഗുണം കാര്യമായി ലഭിക്കുന്നില്ല.

ഭവന വായ്പകളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള പുതിയ സംവിധാനമായ എംസിസിആറിന്റെ ഗുണഫലങ്ങൾ ലഭിക്കാത്തതിനാൽ പുതിയ വിപണി അധിഷ്ഠിത സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടി വരും. എംസിസിആറിന്റെ വിവിധ വശങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആർബിഐ പറഞ്ഞു.

അടുത്ത മാസം 24ന് റിപ്പോർട്ട് സമർപ്പിക്കും. ചില മേഖലകൾ മാത്രം കേന്ദ്രീകരിച്ചാണു ബാങ്കുകൾ പലിശ കുറയ്ക്കുന്നതെന്ന് ഗവർണർ ഉർജിത് പട്ടേൽ പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിൽ ഈ വർഷം പലിശ നിരക്ക് കുറച്ച ആദ്യ കേന്ദ്ര ബാങ്കാണ് ആർബിഐ.