Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിസർവ് ബാങ്കിനെ സമീപിച്ചത് ക്ഷേമ പദ്ധതികൾക്കു വേണ്ടി: ജയ്റ്റ്ലി

Arun Jaitley

ന്യൂഡൽഹി ∙ ദരിദ്ര വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾക്കു പണം കണ്ടെത്തുന്നതിനു വേണ്ടിയാണു റിസർവ് ബാങ്കിനെ കേന്ദ്ര സർക്കാർ സമീപിച്ചതെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി. ധനക്കമ്മി നികത്താൻ റിസർവ് ബാങ്കിന്റെ പണം ഉപയോഗിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ഉപധനാഭ്യർഥന ബില്ലിലുള്ള ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. റഫാൽ വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ബഹളത്തിനിടെ നടന്ന ചർച്ചയ്ക്കൊടുവിൽ സഭ ശബ്ദവോട്ടോടെ ബിൽ പാസാക്കി.

സാമ്പത്തിക പുരോഗതിയിലേക്കു മോദി സർക്കാർ രാജ്യത്തെ നയിച്ചതായി ജയ്റ്റ്ലി പറഞ്ഞു. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ ലഭിച്ച അധിക വരുമാനം കർഷകർ, ഗ്രാമീണർ എന്നിവരുൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾക്കായി വിനിയോഗിച്ചു. ഗ്രാമവാസികൾക്കു വീട്, ശുചിമുറി എന്നിവ നിർമിച്ചു. വൈദ്യുതിവൽക്കരണവും ആരോഗ്യ പദ്ധതികളും നടപ്പാക്കി. കാർഷിക വിളകൾക്കുള്ള താങ്ങുവില ഒന്നരയിരട്ടിയാക്കി. കള്ളപ്പണക്കാരിൽ നിന്നു പിടിച്ചെടുത്ത പണമാണ് ഇവയ്ക്ക് ഉപയോഗിച്ചത്.

കിട്ടാക്കടം സംബന്ധിച്ച യഥാർഥ കണക്ക് പുറത്തുവിടാത്ത മുൻ യുപിഎ സർക്കാരിലെ അംഗങ്ങൾ ഇപ്പോൾ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ചൈനയെപ്പോലും മറികടന്ന വളർച്ച ഇന്ത്യ കൈവരിച്ചുവെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. ബില്ലിനെ എതിർത്ത് പി.കെ. ബിജു (സിപിഎം) സംസാരിച്ചു.

ബാങ്കുകളുടെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്തുന്നതിന് 15,065.49 കോടി രൂപയുടെ ഉപധനാഭ്യർഥനയാണു സർക്കാർ സഭയിൽ അവതരിപ്പിച്ചത്. നടപ്പു സാമ്പത്തിക വർഷം അവതരിപ്പിക്കുന്ന രണ്ടാമത്തെ ഉപധനാഭ്യർഥനയാണിത്.