Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശക്തികാന്ത ദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Shaktikanta-Das

ന്യൂഡൽഹി∙ ശക്തികാന്ത ദാസിനെ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു. 3 വർഷത്തേക്കാണ് നിയമനം. 1980 ലെ തമിഴ്നാട് കേഡർ െഎഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് (61) മുൻ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയാണ്. വിരമിച്ച ശേഷം ധനകാര്യ കമ്മിഷൻ അംഗവും ജി 20 ഉച്ചകോടികളിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയുമായിരുന്നു. 2016 ൽ പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ കൊണ്ടുവന്നപ്പോൾ അതിനെ പൂർണമായി പിന്താങ്ങുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനമന്ത്രാലയത്തിലേക്ക് കൊണ്ടുവന്നത്. ആദ്യം റവന്യൂ സെക്രട്ടറിയായിരുന്നു. പിന്നീടാണ് സാമ്പത്തിക കാര്യ സെക്രട്ടറിയാക്കിയത്.

ഈ നിയമനത്തോടെ സാമ്പത്തിക മേഖലയിൽ നിർണായക സ്ഥാനത്തിരിക്കുന്ന 3 ഉദ്യോഗസ്ഥന്മാരും പൂർണമായി നോട്ട് പിൻവലിക്കലിനെ പിന്താങ്ങുന്നവരായി– കേന്ദ്ര ധനകാര്യ സെക്രട്ടറി അജയ് നാരായൺ ഝാ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ, ഇപ്പോൾ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.

വെള്ളിയാഴ്ചയാണ് റിസർവ് ബാങ്കിന്റെ അടുത്ത ബോർഡ് യോഗം. ഈ യോഗത്തിൽ കേന്ദ്രസർക്കാർ റിസർവ് ബാങ്കിൽ നിന്ന് ആവശ്യപ്പെട്ട പല സുപ്രധാന കാര്യങ്ങൾക്കും തീരുമാനമുണ്ടാകുമെന്നു കരുതുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് തടസ്സമായി നിന്നത് രാജിവച്ച ഗവർണർ ഉർജിത് പട്ടേൽ ആയിരുന്നു. റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ ഒരു വിഹിതം സർക്കാരിനു നൽകണം എന്നതാണ് മോദി സർക്കാരിന്റെ മുഖ്യ ആവശ്യം.